ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG artwork

ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG · ദൈവത്തിലുള്ള യഥാർത്ഥ ജീവിതം

Ep 99: ഞാൻ വചനമാണ്, ഞാൻ ജീവനോടെ പ്രവർത്തിക്കും!

Ep 99: ഞാൻ വചനമാണ്, ഞാൻ ജീവനോടെ പ്രവർത്തിക്കും! തന്റെ വചനം വിളക്കുപോലെയാണെന്നും അത് പീഠത്തിന്മേൽ വയ്ക്കണമെന്നും യേശു വസൂലയോട് പറയുന്നു. “ഞാനാണ് വചനം; ഞാൻ ജീവിക്കുന്നു; ഞാൻ പ്രവർത്തിക്കും” എന്ന് കർത്താവ് ഓർമ്മിപ്പിക്കുന്നു. ഒരു നിമിഷത്തെ ആത്മാർത്ഥ പശ്ചാത്താപം മതി, പാപങ്ങൾ ക്ഷമിക്കാനും മറക്കാനും താൻ സന്നദ്ധനാണെന്നും അവിടുന്ന് പറയുന്നു. ഈ എപ്പിസോഡിൽ: 00:00 ആമുഖം 00:20 28/08/1989 - എന്റെ വചനം വിളക്ക് പോലെ 02:04 29/08/1989 - ഞാൻ വചനമാണ്, ഞാൻ ജീവിക്കുന്നു 10:14 04/09/1989 - പീഡനത്തിൽ അഭയം; മാതാവിന്റെ സന്ദേശം 15:12 05/09/1989 - എന്റെ കുരിശ് നീ വഹിക്കുമോ? 'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം! 1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു! ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്: YouTube: https://www.youtube.com/@tlig-malayalam Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433 കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ! ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today! നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/ ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ! കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!. #TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #ഞാൻവചനമാണ് #VachanamVilakku #TrueLifeInGodMalayalam

Oct 252026
18 minlength
1transcript lines
Publishertranscript source

Transcript first 1 of 1 lines

എപ്പിസോഡ്സ് 99. 28/8/1989. എന്റെ കർത്താവേ, എന്റെ ഈ ചോദ്യത്തിന് അങ്ങയുടെ തിരുവചനത്തിലൂടെ ഉത്തരം തരേണമേ. അങ്ങയുടെ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന് വേണ്ടി അങ്ങ് ഈ ദാസിയെ തെരഞ്ഞെടുത്തതിനാൽ, എപ്രകാരമാണ് അങ്ങയുടെ സന്ദേശം പ്രചരിപ്പിക്കേണ്ടത് എന്ന് അങ്ങ് എനിക്ക് പറഞ്ഞു തരേണമേ. അങ്ങയുടെ സന്ദേശം പല ഭാഗങ്ങളായിട്ടാണോ, അഥവാ മൊത്തമായിട്ടാണോ ഞാൻ പ്രചരിപ്പിക്കേണ്ടത്? തിരുവചനത്തിൽ നിന്നുള്ള ഉത്തരമായി ലഭിച്ചത് താഴെ കൊടുത്തിരിക്കുന്ന വചനമാണ്: "അവൻ അവരോട് പറഞ്ഞു: വിളക്ക് കൊണ്ടുവരുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ? പീഠത്തിന്മേൽ വയ്ക്കാനല്ലേ? വെളിപ്പെടുത്താതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല; വെളിച്ചത്ത് വരാതെ രഹസ്യമായി ഇരിക്കുന്നതും ഒന്നുമില്ല. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ." അവൻ പറഞ്ഞു: "മാർക്കോസ് 4:21-23 വരെയുള്ള വാക്യങ്ങൾ." എന്റെ വസൂല, ഓരോ വ്യക്തിക്കും എന്നെ കാണാനും, എന്നെ അനുഭവിച്ചറിയാനും, എന്റെ അടുക്കലേക്ക് തിരിച്ചു വരാനും കഴിയേണ്ടതിന് വെളിച്ചം നൽകി പ്രകാശം പരത്തുന്ന വിളക്ക് പോലെയാണ് എന്റെ വചനം. നിനക്ക് മനസ്സിലായില്ലേ? ഈ ലോകത്തിൽ വ്യാപിച്ചിരിക്കുന്ന കൂരിരുട്ടിനെ നീക്കി കളയാൻ ഞാൻ ആഗ്രഹിക്കുന്നു. നിന്റെ കട്ടിലിനടിയിൽ അല്ല, മറിച്ച് പീഠത്തിന്മേൽ വെക്കേണ്ടതിനാണ് ഞാൻ എന്റെ വിളക്ക് നിനക്ക് നൽകുന്നത്. എന്റെ കർത്താവായ യേശുവേ, അങ്ങേയ്ക്ക് നന്ദി. വരൂ, പുഷ്പമേ. നിന്നെ സ്വീകരിച്ച ഭവനത്തെയും അവിടെയുള്ള എന്റെ മക്കളെയും ഞാൻ അനുഗ്രഹിക്കുന്നു. ഞാൻ അവരെ അനന്തമായി സ്നേഹിക്കുന്നു; ഞാൻ അവരെ ഒരിക്കലും പരിത്യജിക്കുകയില്ല. എന്റെ കുരിശും നിന്റെ തോളിൽ നീ വഹിക്കണം; എന്റെ കുരിശും നീ പങ്കുവയ്ക്കണം. ഇക്കാര്യം നീ എനിക്കുവേണ്ടി ചെയ്യുമോ? സ്നേഹം നിന്നെ സ്നേഹിക്കുന്നു. 29/8/1989. കർത്താവേ, അങ്ങയുടെ വചനം ശ്രവിക്കുവാൻ എന്റെ ഹൃദയത്തെ സജ്ജമാക്കണമേ. സ്നേഹമായ കർത്താവേ, അനന്ത കരുണാനിധിയായ കർത്താവേ, അങ്ങയുടെ സ്നേഹത്താൽ എനിക്ക് ഉത്തരം നൽകണമെന്ന് ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു. ദൈവമേ, എന്നിൽ പ്രകാശിക്കുകയും അങ്ങയുടെ പ്രകാശത്താൽ എന്നെ പുനരുദ്ധരിക്കുകയും ചെയ്യണമേ. ഞാൻ കൊയ്ത്തിന്റെ കർത്താവാണ്. ഈ സമൃദ്ധമായ കൊയ്ത്തിനുവേണ്ടി നീ വേലക്കാരെ ചോദിച്ചതിനാൽ, ഞാൻ നിനക്ക് സഹായികളെ നൽകും. എന്റെ അടുക്കലേക്ക് കൂടുതൽ അടുത്ത് വരൂ. പ്രാർത്ഥനാ യോഗത്തിനു വേണ്ടിയുള്ള സന്ദേശം. ഞാനാണ് പുനരുത്ഥാനവും ജീവനും; ആരാധനയുടെ ദിവസം വിദൂരത്തല്ല എന്ന് ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ മൃതരായവർ വീണ്ടും ജീവിക്കും; തങ്ങളുടെ പാപങ്ങൾ നിമിത്തം പാതാളക്കുഴിയിൽ വീണുകിടക്കുന്നവരെ ഞാൻ ജീവനിലേക്ക് ഉയർപ്പിക്കും. എന്റെ രാജ്യത്തെ ഞാൻ വിസ്തൃതമാക്കും; ഇപ്പോൾ തരിശായി കിടക്കുന്ന, ഉപയോഗശൂന്യമായ, ദയനീയമായ അവസ്ഥയിൽ കിടക്കുന്ന നിങ്ങളുടെ കൃഷിയിടങ്ങളെ ഞാൻ പുനരുദ്ധരിക്കും. തിരുലിഖിതങ്ങളിലെ എന്റെ വചനങ്ങൾ ഞാൻ ആവർത്തിക്കട്ടെ: "മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല." യെശയ്യാ 49:15. ഞാൻ നിങ്ങൾക്കുവേണ്ടി ഒരു പുതിയ ഭൂമിയും ഒരു പുതിയ ആകാശവും ഒരുക്കിക്കൊണ്ടിരിക്കുകയാണ്. സ്നേഹം മടങ്ങിവന്ന സ്നേഹമായിട്ട് തന്നെ നിങ്ങളിൽ അവശേഷിച്ചിരിക്കുന്നവരുടെ മധ്യേ വസിക്കും. ഓരോ തെരുവുമൂലയിലും നിങ്ങൾ കാണുന്ന മൃതശരീരങ്ങളെ ഞാൻ ഉയർപ്പിക്കും; നിങ്ങളുടെ ഇടയന്മാരെ പുതിയ മേച്ചിൽപുറങ്ങളിലേക്ക്, കാറ്റ് വീശിയടിച്ചു കൊണ്ടുവരുന്നതുപോലെ ഞാൻ തിരികെ കൊണ്ടുവരും. ഇടയന്റെ വടി ഉപയോഗിച്ചുകൊണ്ട് അവർ എന്റെ ആടുകളെ പഴയകാലത്തെ പോലെ മേച്ചിൽപുറങ്ങളിലേക്ക് ആനയിക്കും. അവരുടെ ദുഷ്ടത എന്റെ ഭവനമായ സഭയ്ക്കുള്ളിലേക്ക് പ്രവേശിച്ച് അനേകരെ വഞ്ചിച്ചിട്ടുണ്ടെങ്കിലും, അവരുടെ പാപങ്ങൾ നിമിത്തം ദൈവനിഷേധം ഈ ലോകത്ത് ആകമാനം പടർന്നു വ്യാപിച്ചെങ്കിലും, അവരോട് ക്ഷമിക്കാനും മറക്കാനും ഞാൻ സന്നദ്ധനാണ്. ഇന്നെങ്കിലും അവർ തങ്ങളുടെ പാപങ്ങൾ അംഗീകരിച്ച് അനുതപിക്കുന്നെങ്കിൽ, ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത വിധം എന്റെ ക്രോധം മാറിപ്പോകും. എന്നാൽ ഈ ദിവസം വരെ, ഈ കാലഘട്ടത്തിന്റെ അനവധിയായ പാപങ്ങൾ നിമിത്തവും സ്നേഹരാഹിത്യം മൂലവും, എന്റെ തിരുഹൃദയം തകർക്കപ്പെടുന്നു. ഈ തലമുറയുടെ പാപങ്ങൾ എന്റെ തിരുഹൃദയത്തെ കുത്തിത്തുളയ്ക്കുകയും, സ്വർഗ്ഗത്തെ ലജ്ജിപ്പിക്കുകയും, എന്റെ പരിശുദ്ധ ആലയമായ സഭയെ അശുദ്ധമാക്കുകയും, എന്റെ പരിശുദ്ധ നാമത്തെ അവഹേളിക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും, എന്റെ നേർക്കുള്ള സ്നേഹം നിറഞ്ഞ ഒരു നോട്ടം, ഒരു നിമിഷനേരത്തെ പശ്ചാത്താപം, പാപം ചെയ്യുന്നതിനുള്ള വിമുഖത കാണിക്കുന്ന ഒരു ദീർഘനിശ്വാസം, ഒരു പുനർവിചിന്തനം എന്നിവയിലൂടെ, ഈ കാലഘട്ടത്തിന്റെ കുറ്റകൃത്യങ്ങൾ ക്ഷമിക്കാൻ ഞാൻ സന്നദ്ധനാണെന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ, എന്റെ തിരുമുഖത്തെ നോക്കിയുള്ള ഒരു പുഞ്ചിരി മതി; ഞാൻ നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും മറക്കുകയും ചെയ്യും. എന്റെ മുറിവുകളിലേക്ക് ഞാൻ നോക്കുക പോലും ചെയ്യുകയില്ല. ഒരു നിമിഷനേരത്തെ നിങ്ങളുടെ ആത്മാർത്ഥമായ പശ്ചാത്താപം മതി; നിങ്ങളുടെ സർവ്വ അകൃത്യങ്ങളും ഞാൻ എന്റെ ദൃഷ്ടിയിൽ നിന്ന് നീക്കി കളയും. നിങ്ങളുടെ പശ്ചാത്താപത്തിന്റെ സൂചനകൾ കണ്ട് മുഴുവൻ സ്വർഗ്ഗവും ആഹ്ലാദിക്കും. എന്റെ നേർക്കുള്ള നിങ്ങളുടെ പുഞ്ചിരിയും, നിങ്ങളുടെ സ്നേഹം നിറഞ്ഞ നോട്ടവും, കുന്തിരിക്കധൂപം പോലെ ഞാൻ സ്വീകരിക്കും. നിങ്ങളുടെ പശ്ചാത്താപത്തിന്റെ ആ നേരിയ സൂചന പോലും ഒരു പുതിയ ഗാനമായി ഞാൻ സ്വീകരിക്കും. എന്റെ സ്നേഹം നിമിത്തം നിങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി, കാരുണ്യപൂർവ്വം ഞാൻ ഇന്ന് നിങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നു. എന്റെ കൃപയുടെ പരിശുദ്ധാത്മാവ് മൂടൽമഞ്ഞുപോലെ ഈ ഭൂമിയെ ആവരണം ചെയ്യും. നിങ്ങളുടെ മേൽ ഞാൻ വർഷിക്കുന്ന കൃപകൾ ഞാൻ വർദ്ധിപ്പിക്കുമെന്ന് ഗൗരവപൂർവ്വം ഞാൻ നിങ്ങളോട് പറയുന്നു. എന്റെ വചനം അനേകർക്ക് വെളിപ്പെട്ടു ലഭിക്കും; അനേകർ എന്റെ വചനം ശ്രവിക്കും; നിങ്ങൾക്ക് ലഭിക്കുന്ന ദർശനങ്ങൾ ഞാൻ വർദ്ധിപ്പിക്കും. അതിനാൽ, കൃപയുടെ എന്റെ പരിശുദ്ധാത്മാവിനെ അവഗണിക്കുന്നവരും, അതിനെ അടിച്ചമർത്തുന്നവരും, മുള്ളാണിയിൽ തൊഴിക്കുന്നവരെ പോലെ ആയിരിക്കും; അവരുടെ എല്ലാ ഉദ്യമങ്ങളും നിഷ്ഫലമായി തീരും. എന്തെന്നാൽ, കർത്താവായ ഞാൻ നിങ്ങളെ ഉയർപ്പിക്കുവാനും, നിങ്ങൾ വസിക്കുന്ന ഈ ഊഷരഭൂമിയെ കൃഷിയോഗ്യമാക്കി തീർക്കുവാനും, നിങ്ങളെ വഞ്ചിക്കുന്ന മരീചികകളെ മരുഭൂമിയിലെ ഹരിത തടാകമാക്കി മാറ്റാനും ഞാൻ ഉദ്ദേശിക്കുന്നു. എന്റെ പരിശുദ്ധാത്മാവിന്റെ പ്രവർത്തികളെ ഇപ്പോഴും അടിച്ചമർത്തുന്ന നിങ്ങളുടെ മുന്നിൽ, നിങ്ങളുടെ ദൈവമായ ഞാൻ നിന്നുകൊണ്ട് ഇപ്രകാരം ചോദിക്കുന്നു: എന്റെ അടയാളങ്ങൾക്കും അത്ഭുത പ്രവർത്തികൾക്കും അംഗീകാരം നൽകേണ്ടതില്ലെന്ന് നിങ്ങൾ എന്തുകൊണ്ട് തീരുമാനമെടുത്തു? എന്തുകൊണ്ടാണ് നിങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് എന്റെ സ്വരത്തെ നിശബ്ദമാക്കുകയും, എന്റെ പ്രവാചകന്മാരെ ആവർത്തിച്ച് ആവർത്തിച്ച് പീഡിപ്പിക്കുകയും ചെയ്യുന്നത്? എന്തുകൊണ്ടാണ് നിങ്ങളുടെ അന്ധകാരത്തിൽ പ്രകാശം പരത്തുന്ന ചെറിയ ദീപങ്ങളെ നിങ്ങൾ ഭയപ്പെട്ടുകൊണ്ട്, അവയെ ഊതിക്കെടുത്താൻ നിങ്ങൾ വെമ്പൽ കൊള്ളുന്നത്? നിങ്ങളുടെ മരുഭൂമിയിലെ വരണ്ട നിലത്ത് എന്റെ കൃപയാൽ വളരുന്ന ഓരോ പുഷ്പത്തെയും ചവിട്ടിമെതിച്ച് ഉന്മൂലനം ചെയ്യാൻ നിങ്ങൾ കുതിച്ചു പായുന്നത് എന്തുകൊണ്ടാണ്? നിങ്ങളുടെ ദൈവം നിശബ്ദനായി മൃതനായി നിലകൊള്ളാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? എന്നാൽ ഞാൻ ആരാണെന്ന കാര്യം നിങ്ങളെ ഞാൻ ഓർമ്മിപ്പിക്കട്ടെ: ഞാനാണ് വചനം; ഞാൻ ജീവിക്കുന്നു; ഞാൻ പ്രവർത്തിക്കും. ഞാൻ ഭൂമിയിൽ മനുഷ്യരൂപത്തിൽ ആയിരുന്നപ്പോൾ, എന്റെ അപ്പവും എന്റെ മത്സ്യവും ഞാൻ വർദ്ധിപ്പിച്ച് അനേകായിരങ്ങളെ ഭക്ഷണം നൽകി തൃപ്തിപ്പെടുത്തി. മോശ പതിനായിരക്കണക്കിന് ജനങ്ങളുമായി മരുഭൂമി കുറുകെ കടന്നപ്പോൾ, അവർക്ക് ഭക്ഷണം ഇല്ലാതായപ്പോൾ, സ്വർഗ്ഗത്തിലെ കലവറ തുറന്ന് അവർക്ക് മന്ന നൽകിക്കൊണ്ട് ഞാൻ അവരുടെ വിശപ്പടക്കി. അതുപോലെ തന്നെയാണ് ഇന്നും; വിശന്നു പൊരിയുന്ന, അവഗണിക്കപ്പെട്ടു കിടക്കുന്ന എന്റെ പ്രിയപ്പെട്ടവരെ, ഭൂമി നാശാവസ്ഥയിൽ കിടക്കുന്നതിനാലും, നിങ്ങൾക്ക് ആവശ്യമായ ഭക്ഷണം ഉൽപാദിപ്പിക്കാൻ അതിന് കഴിയാത്തതിനാലും, എന്റെ കൃപയുടെ ആത്മാവിനാൽ എന്റെ അപ്പത്തെ വർദ്ധിപ്പിച്ച് ഞാൻ നിങ്ങളെ പോഷിപ്പിക്കും. നിങ്ങളുടെ ഈ കാലഘട്ടത്തിൽ അതിനെ പരിശുദ്ധാത്മാവിന്റെ സമൃദ്ധമായ ഒഴുക്ക് എന്ന് വിളിക്കുന്നു. നിങ്ങളെ ഞാൻ തന്നെ നേരിട്ട് പോഷിപ്പിക്കും; ഒരാളെയും വിശന്നു വലയാൻ അനുവദിക്കാതെ എന്റെ അപ്പത്തെ വർദ്ധിപ്പിക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു. കൃപയുടെ ഈ നാളുകളിൽ എന്റെ അടുക്കലേക്ക് വരുന്ന എന്റെ മക്കളെ തടയുവാൻ പരിശ്രമിക്കുന്നവർക്ക് ഹാ, ദുരിതം. അതിനാൽ, ഇപ്പോഴും സംശയിക്കുന്നവരെ, നിങ്ങളുടെ ബുദ്ധിയല്ല, മറിച്ച് നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. എന്റെ പ്രബോധനങ്ങൾ സത്യവും സൗഖ്യദായകവുമാണ്; ഭയപ്പെടരുത്; ഹൃദയ ലാളിത്യത്തിൽ വിശ്വസിക്കുക. എന്റെ ആത്മാവിന്റെ നിറവിൽ ഞാൻ അയക്കുന്ന എന്റെ ശുശ്രൂഷകരെ കുറ്റം വിധിക്കുകയോ ദുഷിക്കുകയോ ചെയ്യരുത്. പ്രധാന ദൂതനായ മിഖായേൽ മോശയുടെ ശരീരത്തെ ചൊല്ലി പിശാചിനോട് തർക്കിച്ചപ്പോൾ, അവനെ കുറ്റപ്പെടുത്തി ഒരു നിന്ദാവചനം പോലും ഉച്ചരിക്കാൻ തുനിഞ്ഞില്ല; പിന്നെയോ, "കർത്താവ് നിന്നെ ശാസിക്കട്ടെ" എന്നു മാത്രം പറഞ്ഞു. വിശുദ്ധ യൂദാ ഒന്നാം അധ്യായം ഒമ്പതാം തിരുവചനം: "എന്നിൽ പ്രത്യാശ അർപ്പിക്കുവിൻ; എന്നെ വിശ്വസിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്യുവിൻ; പരിശുദ്ധമായി ജീവിക്കുവിൻ; എന്തെന്നാൽ ഞാൻ പരിശുദ്ധനാണ്; ഉപവസിക്കുവിൻ; പരിഹാരം ചെയ്യുവിൻ; പശ്ചാത്തപിക്കുവിൻ; നിങ്ങളുടെ ജീവിതം അനുദിനം എനിക്ക് സമർപ്പിക്കുവിൻ; നിങ്ങളിൽ നിന്ന് ജീവനുള്ള പ്രകാശസ്തംഭങ്ങൾ ഞാൻ ഉരുവാക്കും." ഇടവിടാതെ പ്രാർത്ഥിക്കുവിൻ; നിങ്ങളുടെ ഹൃദയം കൊണ്ട് പ്രാർത്ഥിക്കുവിൻ; ദിവ്യബലിയിൽ പരിശുദ്ധിയോടെ എന്നെ സ്വീകരിക്കുവിൻ; എന്റെ കൃപകൾ ഞാൻ നിങ്ങളുടെ മേൽ വർഷിക്കും; ആരാധനയുടെ സമയങ്ങളിൽ വന്ന് എന്നെ ആരാധിക്കുവിൻ; നിങ്ങളുടെ നിരവധിയായ പാപങ്ങൾ കുമ്പസാരത്തിൽ അനുതാപത്തോടെ ഏറ്റുപറഞ്ഞ് കുമ്പസാരിക്കുവിൻ; നിങ്ങളുടെ ദൈവത്തെ പ്രസാദിപ്പിക്കുവിൻ; എന്നോടൊപ്പം നടക്കുവിൻ; എന്റെ പ്രമാണങ്ങൾ പാലിക്കുവിൻ; ഇടത്തോട്ടോ വലത്തോട്ടോ നോക്കരുത്; പരിപൂർണ്ണരായിരിക്കുവിൻ; എന്റെ സ്വർഗ്ഗമായിരിക്കുവിൻ. അല്ലയോ, സൃഷ്ടികളേ, നിങ്ങളുടെ ദൈവമായ ഞാൻ നിങ്ങളെ എപ്രകാരം സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ, എന്റെ പാദമുദ്രകളെ പിന്തുടരുവാൻ നിങ്ങൾ മടി കാണിക്കുമായിരുന്നില്ല. സമാശ്വാസത്തിനുവേണ്ടി മറ്റു സ്ഥലങ്ങളിലേക്ക് നോക്കുന്നത് എന്തിന്? നിങ്ങളുടെ മുറിവുകൾക്കുള്ള ലേപന ഔഷധമാണ് എന്റെ തിരുഹൃദയം; എന്റെ തിരുഹൃദയമാണ് നിങ്ങളുടെ ഭവനം; എന്റെ ദൃഷ്ടികൾ നിങ്ങൾ എല്ലാവരുടെയും മേലുണ്ട്. നിങ്ങൾ ഓരോരുത്തരെയും ഞാൻ അനുഗ്രഹിക്കുന്നു; നിങ്ങളുടെ കുടുംബങ്ങളെ ഞാൻ അനുഗ്രഹിക്കുന്നു; ഈ സന്ദേശം വായിക്കുന്ന ഓരോരുത്തരെയും നെറ്റിത്തടത്തിൽ എന്റെ സ്നേഹത്തിന്റെ ദീർഘനിശ്വാസം ഊതിക്കൊണ്ട് ഞാൻ അവരെ അനുഗ്രഹിക്കുന്നു. സ്നേഹം നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു; ഐക്യപ്പെട്ട് ഒന്നായി തീരുവിൻ. എന്റെ കർത്താവേ, അങ്ങേയ്ക്ക് നന്ദി; ഞാൻ അങ്ങയെ വാഴ്ത്തുന്നു. 4/9/1989. സുവിശേഷ ദൗത്യത്തിൽ പീഡനം നേരിട്ടപ്പോൾ, പീഡനകാലത്ത് ആർത്തിരുമ്പുന്ന കൊടുങ്കാറ്റ് ശമിക്കുന്നതുവരെ, അങ്ങയിൽ ഞാൻ ഊഷ്മളമായ അഭയം കണ്ടെത്തുന്നു. അങ്ങയുടെ വാത്സല്യം നിറഞ്ഞ സമാശ്വാസം നൽകുന്ന സ്വരം കേൾക്കുന്നതിന്, എന്റെ ചെവികൾ ഞാൻ സ്വർഗ്ഗത്തിന് നേർക്ക് തിരിച്ചുപിടിക്കുന്നു. ഞാൻ ഭയപ്പെടേണ്ടതില്ല; എന്തെന്നാൽ അങ്ങയുടെ പരിശുദ്ധ സാന്നിധ്യം എന്നെ സമാശ്വസിപ്പിക്കുന്നു. അങ്ങയുടെ വിശ്വസ്തതയ്ക്ക് പകരം വയ്ക്കുവാൻ മറ്റൊരുവനുമില്ല; അത്യുന്നതനും ദേവന്മാരുടെ കർത്താവും എന്റെ രക്ഷകനുമായ അങ്ങാണ് ഇപ്പോൾ എന്റെ യജമാനൻ. അതിനാൽ ഞാൻ എന്നെ തന്നെ പൂർണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. എന്റെ ദേഹിയെയും ഹൃദയത്തെയും ഞാൻ അങ്ങയുടെ ദൈവീക കരങ്ങളിലേക്ക് ഭരമേൽപ്പിക്കുന്നു. എന്റെ കുഞ്ഞേ, ജ്ഞാനമാണ് നിന്റെ ഗുരുവും അധ്യാപകനും. വരൂ, സമാശ്വാസത്തിനുവേണ്ടി നിന്റെ അബ്ബായുടെ കരങ്ങൾക്കുള്ളിൽ അഭയം പ്രാപിക്കുക. ഇതിനേക്കാൾ മെച്ചപ്പെട്ട അഭയസങ്കേതം നീ എവിടെയും കാണുകയില്ല. നിന്റെ വിശ്വാസം എന്നിൽ അർപ്പിക്കുക; നിന്റെ ദുഃഖങ്ങൾ എനിക്ക് സമർപ്പിക്കുക; ഞാൻ അവയെ നന്നായി പ്രയോജനപ്പെടുത്തിക്കൊള്ളാം. വരൂ, ഞാനായിരിക്കട്ടെ നിനക്ക് മറഞ്ഞിരിക്കുവാനുള്ള സുരക്ഷിതമായ അഭയസ്ഥലം. ഞാൻ നിന്നോട് പറഞ്ഞു: "ഞാൻ നിനക്ക് കാവലിരിക്കും." നിന്റെ പീഡകർ വാസ്തവത്തിൽ എന്റെ പീഡകരാണ്; അവരുടെ ശക്തമായ കുത്തൊഴുക്കുള്ള തിരമാലകളിൽ ഒഴുകിപ്പോകാൻ ഞാൻ നിന്നെ അനുവദിക്കുകയില്ല. അവർ നിന്നെ എത്രയധികം കൂടുതലായി പീഡിപ്പിക്കുന്നുവോ, എന്റെ കുഞ്ഞേ, അത്രയധികം കൂടുതലായി കർത്താവായ ഞാൻ നിന്നെ ഉയർത്തുകയും അനുഗ്രഹിക്കുകയും ചെയ്യും. ഇക്കാര്യം ഒരിക്കലും മറക്കരുത്. എന്നിൽ ആശ്രയിക്കുക; നിന്റെ പ്രാർത്ഥനകൾ കുന്തിരിക്കധൂപം പോലെ ഉയരട്ടെ. ദൈവവിശ്വാസമില്ലാത്ത മനുഷ്യരെ എന്നിലേക്ക് ആകർഷിച്ചടുപ്പിക്കാനുള്ള വശീകരണ ഇരയായി നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുക. നിന്റെ ഈ ത്യാഗങ്ങൾ ഒന്നും വ്യർത്ഥമാവുകയില്ല. എന്റെ തിരുഹൃദയമാണ് നിന്റെ ഭവനം. നമ്മൾ നമുക്ക് നമ്മൾ നമുക്ക് എന്റെ കർത്താവേ. നല്ലവളായിരിക്കുവിൻ. നമ്മുടെ പരിശുദ്ധ മാതാവ് പ്രാർത്ഥനാ യോഗത്തിന് നൽകിയ സന്ദേശം: നിങ്ങൾക്കെല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ. ദൈവം മാത്രമാണ് ജ്ഞാനം. ഈ മരുഭൂമിയിൽ നിങ്ങളെ വിളിക്കുന്ന ജ്ഞാനത്തിന്റെ സ്വരം ശ്രവിക്കുവിൻ. നിങ്ങളുടെ ചെവികൾ തുറന്ന് അവിടുത്തെ സ്വരം തിരിച്ചറിയുവിൻ. അവിടുത്തെ പക്കലേക്ക് മടങ്ങി വരാൻ, സ്നേഹത്തിലേക്ക് മടങ്ങി വരാൻ, അവിടുത്തെ പാദമുദ്രകളിലൂടെ അവിടുത്തെ അനുഗമിക്കാൻ, നിങ്ങളെല്ലാവരെയും ഓരോരുത്തരെയായി യേശു വിളിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ ബലഹീനതകളെ കുറിച്ചും, നിങ്ങളുടെ കുറവുകളെ കുറിച്ചും എന്റെ പുത്രനറിയാം. എന്നാൽ നിങ്ങൾ നിങ്ങളെ തന്നെ പൂർണമായി അവിടുത്തെ ദൈവീക കരങ്ങളിലേക്ക് സമർപ്പിക്കുകയും, അവനിൽ പ്രത്യാശ അർപ്പിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങൾ ആകുലപ്പെടേണ്ടതില്ല. നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ അവിടുത്തെ സന്നിധിയിലേക്ക് വരുവിൻ. നിങ്ങളുടെ ഇച്ഛാശക്തിയെ അവിടുത്തേക്ക് സമർപ്പിക്കുവിൻ. നിങ്ങളുടെ സ്നേഹം അവിടുത്തേക്ക് സമർപ്പിക്കുവിൻ. നിങ്ങളുടെ സഹനങ്ങളും, നിങ്ങളുടെ മനോവ്യഥകളും, നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും അവിടുത്തേക്ക് സമർപ്പിക്കുവിൻ. സർവ്വവും അവിടുത്തേക്ക് സമർപ്പിക്കുവിൻ. യേശുവിൽ വിശ്വസിക്കുവിൻ. നിങ്ങൾ യേശുവിന്റെ സമാധാനം കണ്ടെത്തുന്ന അവിടുത്തെ തിരുഹൃദയത്തിന്റെ ആഴങ്ങളിലേക്ക് നിങ്ങളെ ആനയിക്കുവാൻ അവനെ അനുവദിക്കുവിൻ. ഈ സമാധാനമാണ് നിങ്ങൾക്ക് അത്യാവശ്യമായിരിക്കുന്നത്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ദൈവത്തിൻറെ രക്ഷാകര പദ്ധതിക്കെതിരെ പ്രശ്നങ്ങളും ഭിന്നതകളും ആശയക്കുഴപ്പങ്ങളും പ്രോത്സാഹിപ്പിക്കുന്ന ദുഷ്ട പിശാചിനെ കുറിച്ച് എപ്പോഴും നീ ജാഗ്രത പുലർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവരെ പോലും ആശയക്കുഴപ്പത്തിലാക്കി കൊണ്ട് പിശാച് അവരെ വഞ്ചിക്കുന്നു. എന്നാൽ കർത്താവിൻറെ നാമത്തിൽ വിളിച്ചപേക്ഷിക്കുന്നവരുടെ പ്രാർത്ഥന കേൾക്കപ്പെടുകയും അവരെ വീണുപോകാതെ രക്ഷിക്കുകയും ചെയ്യും. എന്നാൽ പിശാചിൻറെ സ്വരം ശ്രവിക്കുന്നവർ കർത്താവിൽ നിന്ന് വരുന്ന നീതി തിരിച്ചറിയുന്നതിൽ പരാജയപ്പെടും. സ്നേഹത്തിൻറെ സ്വരം തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെടും. സദ്വാർത്ത പ്രഘോഷിക്കുന്നവരുടെ കാൽപാദങ്ങളുടെ ശബ്ദം ആനന്ദകരമായ ശബ്ദമായിരിക്കുമെന്ന് എപ്പോഴും ഓർമ്മിക്കുവിൻ. പ്രിയപ്പെട്ട മക്കളെ, നിങ്ങളുടെ ഹൃദയം കൊണ്ട് പ്രാർത്ഥിക്കുവിൻ. അനേകം ജനതകളുടെ മേൽ ഇപ്പോൾ വർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവിനെ സ്വാഗതം ചെയ്യുവിൻ. സ്നേഹത്തിൻറെ മടങ്ങിവരവ് എപ്രകാരമാണെന്നും എത്ര സമൃദ്ധമായിട്ടാണ് നിങ്ങളിൽ അനേകരുടെ മേൽ കൃപ വർഷിക്കപ്പെടുന്നതെന്നും അനുഭവിച്ചറിയുവിൻ. സ്നേഹത്തിനുവേണ്ടി നിങ്ങളുടെ സൃഷ്ടാവായ ദൈവത്തെ സ്നേഹിക്കുന്നതിനു വേണ്ടിയാണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും, നിലനിൽക്കുന്നതിനു വേണ്ടി അവിടുന്ന് സൃഷ്ടിച്ചതെല്ലാം അവിടുത്തേക്ക് വേണ്ടിയുള്ളതാണെന്നും നിങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് എൻറെ സന്ദേശം ഞാൻ അവസാനിപ്പിക്കുകയാണ്. അതിനാൽ നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ ദൈവത്തെ സ്തുതിക്കുകയും, അവിടുത്തേക്ക് മഹത്വം നൽകുകയും ചെയ്യുവിൻ. നിങ്ങളുടെ മാതാവായ എന്നെ പ്രസാദിപ്പിക്കുവിൻ. ഞങ്ങളുടെ സന്ദേശങ്ങളെ കുറിച്ച് ധ്യാനിക്കുകയും, അവ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുവിൻ. ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു. ഞാൻ നിങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കുന്നു. നിങ്ങളുടെ പരിശുദ്ധ മാതാവായ ഞാൻ നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു. 5/9/1989. എന്റെ കർത്താവേ, കഴിഞ്ഞ രാത്രി ഞാൻ നടത്തിയ വ്യർത്ഥമായ സംഭാഷണത്തെക്കുറിച്ച് ഞാൻ മണിക്കൂറുകളോളം ധ്യാനിച്ചു. പിന്നീട് അങ്ങയെ സമീപിക്കാൻ പോലും കഴിയാത്ത വിധത്തിൽ അത്രയധികം ഹൃദയദുഃഖം എനിക്കുണ്ടായിരുന്നു. ലജ്ജ നിമിത്തം അങ്ങയെ അഭിമുഖീകരിക്കുവാൻ ഞാൻ ധൈര്യപ്പെട്ടില്ല. അങ്ങേയ്ക്ക് വേണ്ടി ഞാൻ എന്താണ് സംസാരിച്ചത്? എനിക്ക് യാതൊന്നും അങ്ങേയ്ക്ക് വേണ്ടി സംസാരിക്കാൻ കഴിഞ്ഞില്ല. ഞാൻ അങ്ങയെ നിരാശപ്പെടുത്തി. ഞാൻ അങ്ങയെ ബഹുമാനിക്കുകയോ, അങ്ങയെ സ്തുതിക്കുകയോ ചെയ്തില്ല. എങ്കിലും, എന്റെ കർത്താവേ, അങ്ങയിൽ അല്ലാതെ മറ്റൊന്നിലും ഞാൻ സന്തോഷിക്കുന്നില്ല. കർത്താവേ, അങ്ങയോടുള്ള സ്നേഹത്താൽ, ആഗ്രഹത്താൽ ഞാൻ ക്ഷയിച്ചു തളർന്നു പോകുന്നു. ദൈവമേ, എന്റെ ഹൃദയത്തെ നിർമ്മലമായി സൂക്ഷിക്കണമേ. എന്നെ പ്രലോഭനങ്ങളിൽ നിന്ന് കാത്തുസംരക്ഷിക്കണമേ. എന്റെ വസൂല, നിന്നോടുള്ള എന്റെ സ്നേഹം അനുഭവിച്ചറിയുവിൻ. എന്റെ കാരുണ്യം വലുതാണ്. എന്റെ വാത്സല്യം എന്റെ ക്രോധത്തെ പരാജയപ്പെടുത്തിയിരിക്കുന്നു. മകളെ, എന്റെ വഴികൾ പരിശുദ്ധമാണ്. ഞാൻ പരിശുദ്ധനായിരിക്കുന്നതിനാൽ നീയും പരിശുദ്ധയായിരിക്കുവിൻ. നിന്റെ സംഭാഷണങ്ങൾ എന്റെ ചെവികളിൽ സംഗീതം പോലെയായി തീരട്ടെ. എന്റെ കുഞ്ഞേ, ജ്ഞാനമാണ് നിന്റെ ഗുരുവും അധ്യാപകനും. പൊള്ളയായ സംഭാഷണങ്ങൾ ഒഴിവാക്കുക. ഉപകാരശൂന്യമായ സംഭാഷണങ്ങൾ ഒഴിവാക്കുവിൻ. ഫലപ്രദമായ സംഭാഷണം നടത്തുവിൻ. എന്റെ പ്രബോധനങ്ങളെ കുറിച്ച് സംസാരിക്കുവിൻ. ഞാനാണ് നിന്റെ ഉപദേഷ്ടാവ്. എപ്പോഴും നിനക്ക് എന്നിൽ നിന്ന് ലഭിക്കും. എന്റെ വിദ്യാർത്ഥികൾ പരിപൂർണ്ണരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ പരിപൂർണ്ണയാകുവിൻ. നിന്നെ അധപ്പതിപ്പിക്കുന്ന എല്ലാ പരദൂഷണങ്ങളോടും, പൊള്ളയായ സംഭാഷണങ്ങളോടും, അസഹിഷ്ണുതയും വിരോധവും പുലർത്തുവിൻ. ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ പരിപൂർണ്ണയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ സാന്നിധ്യം അനുഭവിച്ചറിയുവിൻ. എന്റെ പ്രതിബിംബമായി നിലകൊണ്ടുകൊണ്ട് എന്നെ മഹത്വപ്പെടുത്തുക. എനിക്ക് വേണ്ടി സംസാരിക്കുക. എന്റെ കരങ്ങളിലുള്ള എന്റെ വിദ്യാർത്ഥി നിർമ്മലമായി ജീവിക്കുകയും, തന്റെ ഗുരുവിന്റെ സ്വരം ശ്രദ്ധിക്കുകയും ചെയ്യണം. എന്റെ കൃപ നിന്റെ മേലുണ്ട്. നീ എന്റെ പ്രമാണങ്ങൾ പാലിച്ച് അനുസരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആരംഭം മുതൽ ഞാൻ നിന്നെ എപ്രകാരമാണ് എന്റെ തിരുഹൃദയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളതെന്ന് നീ ഗ്രഹിക്കുവിൻ. പ്രിയപ്പെട്ടവളെ, എന്റെ ആത്മാവ് നിന്റെ മേലുണ്ട്. ഞാൻ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ധൈര്യമായിരിക്കുവിൻ. നിന്റെ ദൗത്യം ഒന്നും വ്യർത്ഥമാവുകയില്ല. നീ ചെയ്യേണ്ടത് ഇത്രമാത്രം: എന്നെ സ്നേഹിക്കുവിൻ. എന്നെ ആരാധിക്കുവിൻ. നിന്റെ കരം ഉപയോഗിക്കാൻ എന്നെ അനുവദിക്കുവിൻ. നീ എന്റെ പ്രതിധ്വനിയായി തീരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കർത്താവേ, അങ്ങ് എന്താണ് അതുകൊണ്ട് അർത്ഥമാക്കുന്നത്? പ്രാർത്ഥനാ യോഗങ്ങളിൽ നീ എന്റെ സന്ദേശങ്ങൾ വായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതുവഴി ഞാൻ മഹത്വപ്പെടുന്നു. കൂടെ, കൂടെ ധ്യാനിക്കുവിൻ. ഞാൻ നിനക്ക് നൽകുന്നതെല്ലാം സ്വീകരിക്കുവിൻ. പുഷ്പമേ, എന്റെ കുരിശുമായി ഞാൻ നിന്റെ അടുക്കലേക്ക് വരുന്നു. അല്പനേരത്തേക്ക് വിശ്രമിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് വേണ്ടി എന്റെ കുരിശ് നീ വഹിക്കുമോ? എന്റെ കർത്താവേ, പൂർണ മനസ്സോടെ ഞാൻ വഹിക്കാം. ഞാൻ നിനക്ക് നൽകുന്നത് എന്താണെന്ന് ഓർക്കുവിൻ. എന്റെ കുരിശ് അമൂല്യമാണ്. എന്റെ കുരിശ് നീ എടുത്ത് നിന്റെ തോളിൽ വയ്ക്കുക. പിന്നീട് നിന്റെ തോളിൽ നിന്ന് എന്റെ കുരിശ് ഇറക്കിവെക്കാൻ ഞാൻ തിരിച്ചുവരും. എന്റെ കുഞ്ഞേ, എനിക്ക് വേണ്ടി സന്നദ്ധരാകുന്നവരിൽ ഞാൻ പ്രസാദിക്കുന്നു. ഒരിക്കലും എനിക്ക് യാതൊന്നും നിഷേധിക്കരുത്. എപ്പോഴും നിന്റെ ദൈവമായ എനിക്ക് വേണ്ടി സന്നദ്ധയായിരിക്കുവിൻ. എനിക്ക് വേണ്ടി എപ്പോഴും നിന്നെ തന്നെ ലഭ്യമാക്കുവിൻ.

More ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG episodes →