ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG · ദൈവത്തിലുള്ള യഥാർത്ഥ ജീവിതം
Ep 111: എല്ലാ വിധത്തിലും എന്റെ പ്രതിരൂപമായിരിക്കുക ദിവ്യബലിയിൽ തന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ആദരവോടെ തന്നെ സമീപിക്കാൻ യേശു ആഹ്വാനം ചെയ്യുന്നു. തന്നിൽ ആശ്രയിക്കാനും തന്നെത്തന്നെ പൂർണ്ണമായി സമർപ്പിക്കാനും സ്നേഹത്തോടെ പ്രവർത്തിച്ച് എല്ലാവിധത്തിലും തന്റെ പ്രതിബിംബമായിത്തീരാനും അവിടുന്ന് പറയുന്നു. പ്രാർത്ഥനായോഗ സന്ദേശത്തിൽ കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിയാനും സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാനും ആവശ്യപ്പെടുന്നു. ഈ എപ്പിസോഡിൽ: 00:00 ആമുഖം 00:20 29/11/1989 - എപ്പിഫനി: ദിവ്യബലിയിൽ എന്നെ ആരാധിക്കുവിൻ 05:36 05/01/1990 - എന്നിൽ ആശ്രയിക്കുവിൻ; ഞാൻ പ്രകാശമാണ് 10:15 08/01/1990 - എന്റെ ഒന്നാമത്തെ കല്പന: എന്നെ സ്നേഹിക്കുക 11:05 09/01/1990 - എല്ലാവിധത്തിലും എന്റെ പ്രതിബിംബമാകുവിൻ 12:51 10/01/1990 - പ്രാർത്ഥനാ യോഗത്തിനുള്ള സന്ദേശം 'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം! 1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു! ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്: YouTube: https://www.youtube.com/@tlig-malayalam Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433 കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ! ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യൂ!. Subscribe today! നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/ ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ! കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!. #TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #ദിവ്യബലി #പ്രതിബിംബം #സഭകളുടെഐക്യം
എപ്പിസോഡ്സ് 111. 29/11/1989, എപ്പിഫനി. എന്റെ ദൈവമായ കർത്താവേ, ഞാൻ അങ്ങയെ രാവും പകലും നിശബ്ദമായി ആരാധിക്കുന്നു. അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് അങ്ങയുടെ പരിശുദ്ധനായ മഹിമയാർന്ന വാസസ്ഥലത്തുനിന്ന് താഴേക്ക് നോക്കി, പ്രാവുകളെ കൂട്ടിലടച്ചതുപോലെ തടവറയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ശത്രുവിനാൽ ഞെരുക്കപ്പെട്ട് പട്ടിണിക്ക് ഇട്ടിരിക്കുന്ന അങ്ങയുടെ മക്കളെ കണ്ട് അങ്ങേയ്ക്ക് കരുണ തോന്നി. കാരുണ്യം നിറഞ്ഞവനായ അങ്ങയുടെ പരിശുദ്ധ നാമം സ്തുതിക്കപ്പെടട്ടെ. എന്നാൽ ദുഃഖത്തിൽ ആണ്ടുപോയവളുടെ അന്ധകാരം നീങ്ങിപ്പോകും. എന്നാൽ ദുഃഖത്തിലായവളുടെ അന്ധകാരം നീങ്ങിപ്പോകും. ആദികാലങ്ങളിൽ സെബുലൂണിന്റെയും നഫ്താലിയുടെയും ദേശങ്ങളെ അവിടുന്ന് നിന്ദനത്തിനിരയാക്കി. എന്നാൽ അവസാന നാളുകളിൽ സമുദ്രത്തിലേക്കുള്ള പാതയെ, ജോർദാൻ അക്കരെയുള്ള ദേശത്തെ ജനതകളുടെ ഗലീലിയയെ അവിടുന്ന് മഹത്വപൂർണ്ണമാക്കും. അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്ത് വസിച്ചിരുന്നവരുടെ മേൽ പ്രകാശം ഉദിച്ചു. അങ്ങ് ജനതയെ വർദ്ധിപ്പിച്ചു; അവർക്ക് അത്യധികമായ ആനന്ദം നൽകി. വിളവെടുപ്പിൽ സന്തോഷിക്കുന്നവരെപ്പോലെയും, കവർച്ചവസ്തു പങ്കുവയ്ക്കുമ്പോൾ ആനന്ദിക്കുന്നവരെപ്പോലെയും അവർ അങ്ങയുടെ മുമ്പിൽ ആഹ്ലാദിക്കുന്നു. ഏശയ്യയുടെ പുസ്തകം 9-ാം അധ്യായം 1 മുതൽ 3 വരെയുള്ള വാക്യങ്ങൾ. രക്ഷ എന്നിൽ നിന്നാണ് വരുന്നത്; ഞാൻ രക്ഷകനാണ്. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. പരിശുദ്ധ കുർബാനയിൽ എന്നെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുവിൻ. കുറ്റമറ്റ കുഞ്ഞാടിന്റെ ബലിയിൽ പങ്കെടുത്ത് എന്നെ സ്വീകരിക്കുവിൻ. നിങ്ങൾ പരിശുദ്ധിയോടെ എന്റെ അടുക്കലേക്ക് വരണം. നിങ്ങൾക്കെല്ലാവർക്കും വേണ്ടി നിത്യമായ രക്ഷ ഞാൻ നേടിയെടുത്ത എന്റെ പരിശുദ്ധമായ ദിവ്യബലിയിൽ, എന്റെ തിരുശരീരത്തിലും എന്റെ തിരുരക്തത്തിലും എപ്രകാരം ഞാൻ സന്നിഹിതനാണെന്ന് നിങ്ങൾ ഗ്രഹിച്ചിരുന്നെങ്കിൽ, നിങ്ങൾ പാപക്കറകളില്ലാതെ ബഹുമാനത്തോടെ എന്നെ സമീപിക്കുമായിരുന്നു. എന്റെ അനന്തമായ സ്നേഹത്താൽ നിങ്ങൾ എല്ലാവരെയും പാപത്തിൽ നിന്ന് ശുദ്ധീകരിക്കുന്നതിന് വേണ്ടി ഞാൻ എന്നെത്തന്നെ പരിപൂർണ്ണ ബലിയായി സമർപ്പിച്ചു. നിങ്ങളെല്ലാവരും ഈ ദിവ്യബലിയെക്കുറിച്ച് പൂർണ്ണമായി മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എന്താണ് നിങ്ങൾക്ക് നൽകുന്നതെന്ന് നിങ്ങൾ ഗ്രഹിച്ചുകൊണ്ട്, എന്റെ സ്നേഹത്തിന് ഒരു പ്രതിസ്നേഹം നിങ്ങളിൽ ഉളവാക്കുന്നതിന് നിങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ ദിവ്യബലിക്ക് നിങ്ങളെ വിശുദ്ധീകരണത്തിലേക്കും ദൈവീകതയിലേക്കും നയിക്കാൻ സാധിക്കും. എന്റെ കുഞ്ഞേ, ഈ ദിവ്യബലിക്ക് എന്റെ ലക്ഷ്യം നിങ്ങളിൽ പൂർത്തീകരിക്കുന്നതിനും നിങ്ങളെ നിത്യമായ പരിപൂർണ്ണതയിലേക്ക് നയിക്കാനും കഴിയും. എന്റെ പ്രിയപ്പെട്ടവളേ, എന്റെ ദിവ്യബലി നിത്യതയ്ക്ക് വേണ്ടിയുള്ളതാണ്. ഞാൻ സ്നേഹിക്കുന്നവളേ, ഓരോ ദിവസവും എന്റെ ദിവ്യബലിയിൽ പങ്കുചേരുക. വിശുദ്ധ കുർബാന സ്വീകരണത്തിന്റെ പരിശുദ്ധമായ നിമിഷങ്ങളിൽ, എന്റെ അൾത്താരയിൽ എന്റെ മാലാഖമാരുടെ ഓരോ വൃന്ദങ്ങളും അവരുടെ ദൈവത്തെ എതിരേൽക്കാൻ ഒരുങ്ങി നിൽക്കുന്നു. എന്റെ ഹൃദയത്തെ സമാശ്വസിപ്പിച്ചുകൊണ്ട്, സാഷ്ടാംഗം പ്രണമിച്ച് അവർ എന്നെ ആരാധിക്കുന്നു. എന്നെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്ന നിങ്ങൾ എന്നെ ആരാധിക്കുമോ? നിങ്ങൾ എന്നെ ആരാധിക്കുകയില്ലേ? എന്റെ പരിശുദ്ധമായ സാന്നിധ്യത്തെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കുവിൻ. എന്റെ സാന്നിധ്യത്തിൽ ഉറങ്ങരുത്. എന്റെ സാന്നിധ്യത്തിൽ ആയിരിക്കുമ്പോൾ നിങ്ങളുടെ മനസ്സ് മറ്റിടങ്ങളിൽ അലഞ്ഞുതിരിയാൻ അനുവദിക്കരുത്. ഗാഗുൽതായിൽ എന്റെ കുരിശിന്റെ ചുവട്ടിൽ നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ആലസ്യത്തിൽ നിങ്ങൾ സ്വയം മയങ്ങുമായിരുന്നോ? എന്റെ പ്രിയപ്പെട്ടവരെ, ഗാഗുൽതാ മലയിൽ എന്റെ ക്രൂശീകരണത്തിൽ സഹായിക്കാൻ നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ, നിങ്ങൾക്ക് എന്ത് അനുഭവം ഉണ്ടാകുമായിരുന്നു? ജീവിതത്തിലെ നിസ്സാരങ്ങളായ കാര്യങ്ങളാൽ നിങ്ങളുടെ മനസ്സിനെ നിറയ്ക്കാൻ നിങ്ങൾ അനുവദിക്കുമായിരുന്നോ? അല്ലെങ്കിൽ എന്റെ കുരിശിന്റെ ചുവട്ടിൽ സാഷ്ടാംഗം പ്രണമിച്ച് നിങ്ങളുടെ ദൈവമായ എന്നെ നിങ്ങൾ ആരാധിക്കുമായിരുന്നോ? ഞാൻ നിങ്ങൾക്ക് വേണ്ടി കുരിശിൽ മരിച്ചു. ഞാൻ സഹിക്കേണ്ടി വന്ന പീഡാസഹനങ്ങളെ അവഗണിച്ചുകൊണ്ട്, എന്റെ ദിവ്യബലിയിൽ നിങ്ങൾ അനാസ്ഥയും അശ്രദ്ധയും കാണിക്കുമോ? ഗാഗുൽതായിൽ ഞാൻ കുരിശിൽ തറക്കപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്ന എന്റെ സാന്നിധ്യം പോലെ തന്നെ, എന്റെ അൾത്താരയിലെ സക്രാരിയിലും എന്റെ സാന്നിധ്യമുണ്ട്. അതിനാൽ നിങ്ങൾ സ്വീകരിക്കുന്നത് ആരെയാണെന്ന പൂർണ്ണമായ ബോധ്യത്തോടെ ഇത്തവണ എന്റെ അടുക്കലേക്ക് വരുവിൻ. നിങ്ങളെ ശുദ്ധീകരിച്ച്, നിങ്ങൾക്ക് നിത്യജീവൻ നൽകാൻ, നിങ്ങളോട് ഐക്യപ്പെട്ട് ഒന്നാകുന്നവൻ ആരാണെന്ന പൂർണ്ണ ബോധ്യത്തോടെ എന്റെ അടുക്കലേക്ക് വരുവിൻ. മകളേ, ഞാൻ ക്ഷമയുള്ളവനായിരിക്കുന്നതുപോലെ നീയും ക്ഷമയുള്ളവളായിരിക്കുവിൻ. വരൂ, എന്റെ തിരുഹൃദയത്തിൽ വിശ്രമിക്കുവിൻ. നിന്റെ ഹൃദയത്തിൽ വിശ്രമിക്കാൻ എന്നെയും അനുവദിക്കുവിൻ. സ്നേഹം നിന്നെ സ്നേഹിക്കുന്നു. ഞങ്ങളുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവേ, അങ്ങ് എപ്പോഴും ഞങ്ങളോടൊപ്പം വസിക്കുമെന്ന് അങ്ങ് ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ദിവ്യബലിയിൽ അങ്ങയുടെ തിരുശരീരത്തിലും തിരുരക്തത്തിലും പങ്കുചേരാൻ അങ്ങ് എല്ലാ ക്രിസ്ത്യാനികളെയും വിളിക്കുന്നു. എന്നാൽ ഞങ്ങളുടെ പാപം ഞങ്ങളെ ഭിന്നിപ്പിച്ചിരിക്കുന്നു. ഒരുമയോടെ അങ്ങയുടെ പരിശുദ്ധമായ ദിവ്യബലിയിൽ പങ്കുചേരാനുള്ള ശക്തി ഞങ്ങൾക്കില്ല. ഞങ്ങളുടെ പാപം ഞങ്ങൾ ഏറ്റുപറയുന്നു. ഞങ്ങളോട് ക്ഷമിക്കണമെന്ന് ഞങ്ങൾ അങ്ങയോട് പ്രാർത്ഥിക്കുന്നു. അങ്ങയുടെ അഭീഷ്ടമനുസരിച്ച് അനുരഞ്ജനത്തിന്റെ പാതയിൽ അങ്ങേയ്ക്ക് ശുശ്രൂഷ ചെയ്യാൻ ഞങ്ങളെ സഹായിക്കണമേ. പരിശുദ്ധാത്മാവിന്റെ അഗ്നിയാൽ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കണമേ. പരിശുദ്ധ ദൈവമാതാവിന്റെയും സകല വിശുദ്ധരുടെയും പ്രാർത്ഥനകളുടെ യോഗ്യതയാൽ, ഞങ്ങൾക്ക് ജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും ആത്മധൈര്യത്തിന്റെയും ക്ഷമയുടെയും എളിമയുടെയും സ്ഥിരതയുടെയും സ്നേഹത്തിന്റെയും അനുതാപത്തിന്റെയും ആത്മാവിനെ നൽകണമേ. ആമേൻ. 5/1/1990. കർത്താവേ. ഇത് ഞാനാണ്; എന്നിൽ ആശ്രയിക്കുവിൻ. നീ എത്രമാത്രം ദുർബലയാണെന്ന് തിരിച്ചറിയുവിൻ. നിന്നെ നയിക്കാൻ എന്നെ അനുവദിക്കുവിൻ. എന്നെ കൂടാതെ പോയാൽ നീ വഴിതെറ്റി ഇരുട്ടിലായി പോകും. ഞാൻ പ്രകാശമാണ്; നിന്നെ നയിക്കുന്ന പ്രകാശമാണ് ഞാൻ. ജാഗ്രതയോടെ ഇരിക്കുവിൻ. എന്തെന്നാൽ പിശാച് എപ്പോഴും, പ്രത്യേകിച്ച് ഇപ്പോൾ കൂടുതലായി, നിന്നെ വീഴ്ത്താനും ആശയക്കുഴപ്പത്തിലാക്കാനും ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. എന്റെ മണവാട്ടി, വരൂ, എന്നോടൊന്നായി തീരുക. നിന്റെ ദുർബലതകൾ എനിക്കറിയാം. ചെറിയൊരു ആക്രമണം മതി നിന്റെ മനസ്സ് ചഞ്ചലപ്പെട്ട് നീ തീവ്രമായ മനോവ്യഥയിലായി തീരാൻ. ഞാൻ സമാധാനമാണ്; സമാധാനത്തിലൂടെയാണ് ഞാൻ നിന്നെ നയിക്കുന്നത്. സ്നേഹത്തോടെയാണ് ഞാൻ നിന്റെ കാൽച്ചുവടുകളെ നയിക്കുന്നത്. പ്രിയപ്പെട്ടവളേ, നിന്റെ യാതനകളൊക്കെയും ഞാൻ അറിയുന്നില്ലേ? നിന്നിൽ പ്രവർത്തിക്കാൻ എന്നെ അനുവദിക്കുവിൻ. അപ്പോൾ സകല കാര്യങ്ങളും വേണ്ടവിധം നിറവേറും. പ്രാർത്ഥനാ യോഗത്തിനുള്ള സന്ദേശം ഉടനെ തന്നെ ഞാൻ നിനക്ക് പറഞ്ഞുതരാം. തയ്യാറായി ഇരിക്കുവിൻ. യേശു എന്നാണ് എന്റെ നാമം. യേശു സ്നേഹമാണ്; എന്റെ ആത്മാവിൽ വളരുവിൻ. അല്ലാത്തപക്ഷം നിങ്ങൾ എങ്ങനെ എനിക്ക് സാക്ഷ്യം വഹിക്കും? എനിക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് എന്നെ മഹത്വപ്പെടുത്താൻ ഞാൻ നിങ്ങളെ എല്ലാവിധത്തിലും ഒരുക്കിക്കൊണ്ടിരിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. എന്റെ ദിവ്യഹൃദയത്തിലേക്ക് പ്രവേശിക്കുവിൻ. എന്നിൽ നിന്ന് കൃപ സ്വീകരിക്കുവിൻ. എളിമയാലും സത്യസന്ധതയാലും നിങ്ങളുടെ കർത്താവായ എന്നെ സ്നേഹപൂർവ്വം തലോടുവിൻ. ഞാൻ നിന്നെ പരിത്യജിക്കുന്നുണ്ടെന്ന് നിനക്ക് തോന്നാറുണ്ടെങ്കിലും, നിന്നെ ഒരിക്കലും പരിത്യജിക്കാത്ത നിന്റെ നാഥനും അധ്യാപകനുമാണ് ഞാൻ. എന്നെക്കൂടാതെ നിന്റെ കൈകൾ ചെറുതായി ചലിപ്പിക്കാൻ പോലും നിനക്ക് കഴിയുകയില്ലെന്ന് ഓർക്കുവിൻ. നിന്നെ നയിക്കുന്നവനും നിനക്ക് നിർദ്ദേശങ്ങൾ നൽകുന്നവനും ഞാനാണ്. ഞാൻ നിന്റെ അരികെയുണ്ട്. ഈ വിധത്തിൽ നിന്നെ വഴിനയിക്കാൻ എന്നെ അനുവദിക്കുവിൻ. പ്രാർത്ഥിക്കുവിൻ. നിന്റെ വിശ്വാസത്തിൽ നീ ശക്തി പ്രാപിക്കും. വേണ്ടവിധം കാര്യങ്ങളെ നിരീക്ഷിച്ച് വിലയിരുത്താൻ ഞാൻ നിന്നെ സഹായിക്കാം. വരൂ, ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നത് എഴുതുവാൻ യേശു ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ഈ വാചകം വളരെയധികം തവണ ഈ സന്ദേശങ്ങളിൽ ഉണ്ടെന്ന് ചിലർ വിമർശിക്കുന്നതുകൊണ്ട്, അത് എഴുതാതിരിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ, വളരെ വേഗത്തിൽ എന്റെ വിരൽ ചലിപ്പിച്ചുകൊണ്ട് ആ വാചകം എന്നെക്കൊണ്ട് യേശു എഴുതിപ്പിച്ചു. ഒരു ആശ്ചര്യചിഹ്നവും. കടലാസിൽ നിന്ന് എന്റെ കരം ഉയർത്തുവാനുള്ള സമയം പോലും എനിക്ക് കിട്ടിയില്ല. പിന്നീട്. എന്റെ കുഞ്ഞേ, നീ ഇപ്പോൾ സമാധാനത്തിലായിരിക്കുക. നിന്റെ ആകുലതകൾ എന്റെ സന്നിധിയിൽ ഏൽപ്പിക്കുവിൻ. എന്നെ നിശബ്ദമായി നോക്കുവിൻ. എന്റെ സമാധാനം അനുഭവിച്ചറിയുവിൻ. ഞാൻ നിന്റെ സമീപത്തുണ്ട്; എന്നാൽ നിന്റെ ബാഹ്യ നേത്രങ്ങൾ കൊണ്ട് എന്നെ കാണാൻ നിനക്ക് കഴിയുകയില്ല. എന്റെ കുഞ്ഞേ, ഞാൻ നിന്റെ സമീപത്തുണ്ട്; എന്നെ വിവേചിച്ചറിയാൻ ഞാൻ നിന്നെ പഠിപ്പിച്ചിട്ടുണ്ട്, മറ്റുള്ളവരെ ഞാൻ പഠിപ്പിച്ചിട്ടുള്ളതുപോലെ തന്നെ. ഞാൻ തിരഞ്ഞെടുത്തിട്ടുള്ള കുറെ വ്യക്തികളെ എന്നെ ശ്രവിക്കാനും എന്നെ വിവേചിച്ചറിയാനും ഇപ്പോഴും ഞാൻ പഠിപ്പിക്കുന്നുണ്ട്. വിശ്രമിക്കാം. വരൂ, നമ്മൾ, നമുക്ക്. എന്നെന്നേക്കും. കർത്താവേ, ഞാൻ അങ്ങയെ വാഴ്ത്തുന്നു. യേശുവേ. ഇത് ഞാനാണ്. എന്റെ സ്നേഹം നിത്യമാണ്; നിന്നോടുള്ള എന്റെ വിശ്വസ്തത ശാശ്വതമാണ്. അനുദിനം നിന്നെത്തന്നെ എനിക്ക് സമർപ്പിക്കുവിൻ. ബാക്കി കാര്യങ്ങൾ ഞാൻ ചെയ്തുകൊള്ളാം. ഇടവിടാതെ എന്നോട് പ്രാർത്ഥിക്കുവിൻ. നിന്റെ പ്രാർത്ഥനകൾ ശ്രവിക്കാൻ ഞാൻ വളരെ ഉത്സുകനാണ്. ഒരിക്കലും എന്നെ മറക്കരുത്. ഞാൻ നിന്നെ ഒരിക്കലും മറക്കുകയില്ല. അതിനാൽ നിരന്തരമായി എന്നെക്കുറിച്ച് ചിന്തിക്കുവിൻ. എന്റെ കുഞ്ഞേ, ഞാൻ നിന്റെ എത്ര അടുത്തുണ്ട് എന്ന് നീ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുകയാണ്. എന്നെ ഒരു രാജാവായി പരിഗണിക്കുവിൻ. നീ എത്രമാത്രം നഗ്നയായിരുന്നെന്നും, എന്റെ കൃപകളാൽ ഞാൻ നിന്നെ എപ്രകാരം പൊതിഞ്ഞ് അലങ്കരിച്ചെന്നും മനസ്സിലാക്കുവിൻ. ഒന്നുമില്ലാത്തവളായ നിന്നെ നിന്റെ രാജാവ് എപ്രകാരം കരുണയോടെ നോക്കിയെന്നും, നിന്നെ എപ്രകാരം എടുത്തുയർത്തിയെന്നും, എപ്രകാരം നിന്നെ വളർത്തി രൂപപ്പെടുത്തിയെന്നും മനസ്സിലാക്കുവിൻ. അതിനാൽ ഞാൻ നിന്റെ മേൽ വർഷിച്ചിട്ടുള്ള അത്രമാത്രം കൃപകൾ എന്നിൽ നിന്ന് ലഭിച്ചിട്ടില്ലാത്തവരോട് വളരെ സഹിഷ്ണുതയോടെ പെരുമാറുവിൻ. എന്നോട് സഹായം കേണപേക്ഷിക്കുക; ഞാൻ നിനക്ക് സഹായം നൽകും. ഞാൻ നിന്നെ കുറ്റപ്പെടുത്തുകയില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ വീണുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തിന്മയെ കീഴടക്കാനുള്ള എന്റെ സാന്നിധ്യത്തെക്കുറിച്ച് ഞാൻ നിന്നെ എപ്പോഴും ഓർമ്മിപ്പിക്കും. എന്റെ പ്രമാണങ്ങളെക്കുറിച്ച് ഞാൻ നിന്നെ എപ്പോഴും ഓർമ്മിപ്പിക്കുന്നതാണ്. എന്റെ പ്രമാണങ്ങൾ സ്വീകരിച്ച് അവ പാലിക്കുവിൻ. സ്നേഹമാണ് നിന്നോട് സംസാരിക്കുന്നതെന്നും, സ്നേഹത്തിലാണ് നീ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ഓർമ്മിക്കുവിൻ. നീ പരിപൂർണ്ണയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിനക്ക് സ്നേഹലാളനയും ഭക്തിയും ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എപ്പോഴും എന്റെ സാന്നിധ്യം ഓർക്കുവിൻ. എന്നിൽ ഒന്നായി തീരുകവിൻ. 8/1/1990. എന്റെ കർത്താവേ. ഇത് ഞാനാണ്. ഇതെല്ലാം തികച്ചും അവിശ്വസനീയമാണ്. അല്ലിയ വസൂല, ഇത് ഞാനാണ്. നീ എന്റെ സന്ദേശവാഹകയായി തീരണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ സൃഷ്ടികളിൽ ഏറ്റവും നിസ്സാരർക്കു പോലും സമൃദ്ധമായി നൽകുന്നവനാണ് ഞാൻ. പ്രിയപ്പെട്ടവളേ, ഒരുവനും മനസ്സിലാക്കാൻ സാധിക്കുന്നതിനേക്കാൾ ഉപരിയാണ് എനിക്ക് നിന്നോടുള്ള സ്നേഹം. എനിക്ക് വിശ്രമം നൽകിക്കൊണ്ട് നീ എന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. നിങ്ങൾ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ വ്യക്തിത്വത്തോടും പൂർണ്ണ മനസ്സോടും കൂടെ എന്നെ സ്നേഹിക്കണമെന്ന് ഞാൻ നിങ്ങൾ ഓരോരുത്തരോടും പറഞ്ഞിട്ടുണ്ടായിരുന്നു. ഇതാണ് എന്റെ നിയമം. ഏറ്റവും പ്രധാനപ്പെട്ടതും പ്രഥമവുമായ എന്റെ കല്പന. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. എന്നെ വാഴ്ത്തുക. സ്നേഹം നിന്നിൽ സന്തോഷിക്കുന്നു. എന്റെ കർത്താവേ, ഞാൻ അങ്ങയെ വാഴ്ത്തുന്നു. 9/1/1990. നിന്നെ ഏറ്റവും അധികം സ്നേഹിക്കുന്നവനാണ് ഞാൻ. എന്നെ സ്നേഹിച്ചുകൊണ്ടും എന്റെ അഭീഷ്ടം പ്രവർത്തിച്ചുകൊണ്ടും എന്റെ പ്രസാദത്തിൽ നിലകൊള്ളുവിൻ. എന്റെ ദൗത്യം പൂർത്തീകരിക്കുക എന്ന ഏക ലക്ഷ്യത്തിൽ നീ ശ്രദ്ധിക്കുവിൻ. എന്റെ കുഞ്ഞേ, ഇതെല്ലാം മനസ്സിലാക്കുവിൻ. നിന്നെ ഉപയോഗപ്പെടുത്താൻ എന്നെ അനുവദിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്നെത്തന്നെ എനിക്ക് പൂർണ്ണമായി സമർപ്പിക്കുവിൻ. നിന്നെ പരിപോഷിപ്പിച്ചുകൊണ്ട് എന്റെ തിരുരക്തത്താൽ നിന്നെ വിശുദ്ധീകരിച്ചുകൊണ്ട് ഞാൻ നിന്നെ ഉയർത്തും. സ്നേഹപൂർവ്വം പ്രവർത്തിക്കുവിൻ. സ്നേഹപൂർവ്വം സംസാരിക്കുവിൻ. സ്നേഹപൂർവ്വം ചിന്തിക്കുവിൻ. എല്ലാവിധത്തിലും എന്റെ പ്രതിബിംബമായി തീരുകവിൻ. ഞാൻ നിന്നിൽ നിന്ന് ആവശ്യപ്പെടുന്നത് ഭക്തിയും സ്നേഹവും ആത്മാർത്ഥതയും മാത്രമാണ്. എന്നെ നിന്റെ പരിശുദ്ധനായ സന്തത സഹചാരിയായി പരിഗണിക്കുവിൻ. നിങ്ങളുടെ ഇടയിൽ ഞാൻ ഉണ്ടെന്ന് കണക്കാക്കുവിൻ. നീ എന്നെ എത്രമാത്രം ആരാധിക്കുന്നുണ്ടെന്ന് ഇടയ്ക്കിടെ എന്നോട് പറയുവിൻ. ഞാൻ അസൂയാലുവായ ദൈവമാണ്. ഇടവിടാതെയുള്ള പ്രാർത്ഥനകൾ ഞാൻ ആഗ്രഹിക്കുന്നു. നിനക്ക് മനസ്സിലായോ? പുഷ്പമേ, എന്റെ പൂന്തോട്ടത്തിന്റെ ജാഗ്രതയുള്ള കാവൽക്കാരനാണ് ഞാൻ. എന്റെ പൂന്തോട്ടം അവഗണിക്കപ്പെട്ടു കിടക്കുന്നെങ്കിലും ഞാൻ തന്നെ അതിനെ പുനരുദ്ധരിക്കുമെന്ന് ഞാൻ നിന്നോട് വാഗ്ദാനം ചെയ്യുന്നു. എന്റെ തിരുമുഖം നിങ്ങൾ എല്ലാവർക്കും ഞാൻ വെളിപ്പെടുത്തും. അനേകർ എന്നെ അംഗീകരിക്കുകയും അവരുടെ പരിത്യാഗ പ്രവർത്തികളാലും പ്രാർത്ഥനകളാലും എന്നെ ആരാധിക്കുകയും ചെയ്യും. അനേകർ എന്റെ അടുക്കലേക്ക് തിരിച്ചുവരും. എന്നെ കാണുമ്പോൾ അവർ എന്റെ സ്നേഹത്തെക്കുറിച്ച് ഗ്രഹിക്കും. ഞാൻ അവരെ സുഖപ്പെടുത്തുകയും ചെയ്യും. സ്നേഹം നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും നിങ്ങൾ ഓരോരുത്തരെയും ശ്രവിക്കുന്നവനും ഞാൻ തന്നെയാണ്. ചെറിയവരായാലും വലിയവരായാലും നീതി പ്രവർത്തിക്കുന്നവരായാലും അനീതി പ്രവർത്തിക്കുന്നവരായാലും ഭക്തനായാലും വിജാതീയനായാലും ഞാൻ ഓരോരുത്തരെയും ശ്രവിക്കുന്നു. ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. 10/1/1990. ജനുവരി 27, 1990-ൽ ചേരുന്ന പ്രാർത്ഥനാ യോഗത്തിനുള്ള സന്ദേശം എഴുതിയെടുക്കാനായി യേശു എന്നെ വിളിച്ചു. സമാധാനം നിങ്ങളോട് കൂടെ ഉണ്ടായിരിക്കട്ടെ. എന്റെ സാന്നിധ്യം അനുഭവിച്ചറിയുവിൻ. ഞാൻ നിങ്ങളുടെ മധ്യേ ഉണ്ട്. എന്റെ വചനം ശ്രദ്ധാപൂർവ്വം ശ്രവിച്ച് ഗ്രഹിക്കുവാൻ നിങ്ങളുടെ ഹൃദയത്തെ ഒരുക്കുവിൻ. പ്രിയപ്പെട്ട മക്കളേ, ഒരു വർഷത്തിലധികമായി ഞാൻ നിങ്ങൾക്ക് ഈ പ്രത്യേകമായ വിധത്തിൽ സന്ദേശങ്ങൾ നൽകുന്നു. എന്റെ തിരുഹൃദയത്തിന്റെ മുറിവുകളും ഈ വിധത്തിൽ ഞാൻ നിങ്ങൾക്ക് കാണിച്ചുതന്നു. എന്റെ സഭയുടെ ഇപ്പോഴത്തെ യഥാർത്ഥ അവസ്ഥ എന്താണെന്നും എന്റെ ദേഹിയിൽ അനുഭവപ്പെടുന്ന കൈപ്പിന്റെ കാരണം എന്താണെന്നും ഞാൻ നിങ്ങൾക്ക് കാണിച്ചുതന്നു. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ കുരിശ് ഞാൻ നിങ്ങൾ എല്ലാവരുമായി പങ്കുവെച്ചു. എന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹങ്ങൾ എന്തെല്ലാമാണെന്നും ഞാൻ നിങ്ങൾക്ക് വെളിപ്പെടുത്തി തന്നു. എന്റെ പരിശുദ്ധാത്മാവ് നിങ്ങളെ എന്റെ പ്രമാണങ്ങൾ ഓർമ്മിപ്പിച്ചു തരുന്നു. എന്റെ സഭയുടെ പ്രബോധനങ്ങളും ഞാൻ നിങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. നിങ്ങൾ എന്റെ സ്വന്തപ്പെട്ടവരായതിനാലാണ് ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടിയത്. എന്റെ മഹത്വം കാണിച്ചു തരാനാണ് എന്റെ സ്വന്തപ്പെട്ടവരുടെ അടുക്കലേക്ക് ഞാൻ വരുന്നത്. ഞാൻ നിങ്ങളിലും നിങ്ങൾ എന്നിലുമാണ്. ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്റെ കുഞ്ഞുമക്കളായ നിങ്ങൾ എന്റെ പ്രകാശവാഹകരും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ സന്ദേശത്തിന്റെ ദൗത്യവാഹകരുമാണ്. ഒരു ഇടയൻ തന്റെ ആടുകളെ അവയുടെ തൊഴുത്തിൽ ഒരുമിച്ചു കൂട്ടുന്നതുപോലെ ഞാൻ നിങ്ങളെല്ലാവരെയും ഒരുമിച്ചു കൂട്ടിയിരിക്കുന്നു. എന്റെ കരങ്ങളാൽ ഞാൻ നിങ്ങളെ വലയം ചെയ്ത് സംരക്ഷിക്കുന്നു. ഈ തൊഴുത്തിലേക്ക് ഞാൻ നയിച്ചു കൊണ്ടുവരേണ്ടതായ മറ്റാടുകളും എനിക്കുണ്ട്. ഞാൻ ഒരുക്കുന്ന പുതിയ ആകാശത്തിന് കീഴിലും പുതിയ ഭൂമിയിലും വസിക്കാൻ തക്കവിധം ഞാൻ നിങ്ങളെ ഒരുക്കി കൊണ്ടിരിക്കുന്നു. കാരണം സ്നേഹം തിരിച്ചുവന്ന് നിങ്ങളുടെ ഇടയിൽ വസിക്കാനുള്ള സമയം വളരെ അടുത്തുകൊണ്ടിരിക്കുന്നു. താമസിയാതെ തന്നെ സ്നേഹത്തിന്റെ കാഹളം തിരിച്ചുവരവിന്റെ പാതയിൽ നിങ്ങൾ കേൾക്കും. ഇക്കാരണത്താലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എന്റെ സ്വരം നിങ്ങൾ കേൾക്കുന്നത്. ഇതിനാലാണ് നിങ്ങളുടെ യുവാക്കന്മാർ ദർശനങ്ങൾ കാണുന്നത്. എല്ലാ മനുഷ്യരുടെ മേലും എന്റെ ആത്മാവിനെ ഞാൻ വർഷിക്കുമെന്നും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കുമെന്നും നിങ്ങളിലെ ഏറ്റവും നിസ്സാരർക്ക് പോലും ഞാൻ സമൃദ്ധമായി എന്റെ അനുഗ്രഹങ്ങൾ നൽകുമെന്നും ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇന്ന് മരുഭൂമിയിൽ എന്റെ സ്വരം മുഴങ്ങി കേൾക്കുന്നു. ഞാൻ നിങ്ങൾ ഓരോരുത്തരെയും വിളിക്കുന്നു. എങ്കിലും അനേകം പേർ എന്റെ ആത്മാവ് എന്താണ് ഉദ്ദേശിക്കുന്നതെന്നും എന്റെ അടയാളങ്ങളുടെ അർത്ഥം എന്തെന്നും നിങ്ങളുടെ യുവാക്കന്മാരുടെ ദർശനങ്ങളുടെ പൊരുൾ എന്തെന്നും മനസ്സിലാക്കിയിട്ടില്ല. അവർ എന്റെ തിരുഹൃദയത്തിന്റെയും മാതാവിന്റെ വിമല ഹൃദയത്തിന്റെയും സന്ദേശങ്ങളെ വിലമതിക്കുന്നില്ല. എന്റെ തിരഞ്ഞെടുത്ത പ്രവാചകരെ അവർ വ്യാജന്മാരായി കരുതുന്നു. കുറച്ചു കാലത്തേക്ക് മാത്രമേ ഈ വിധത്തിൽ ഞാൻ നിങ്ങളോടൊപ്പം ഉണ്ടാവുകയുള്ളൂ. പക്ഷേ നിങ്ങൾക്ക് തൊഴുത്തും മേച്ചിൽ പുറവും ഉണ്ടെന്ന് ഉറപ്പാക്കാതെ ഞാൻ നിങ്ങളെ വിട്ടുപിരിയുകയില്ല. നിങ്ങളെ നല്ലവണ്ണം ശ്രദ്ധിച്ചു പരിപാലിക്കുന്ന നിങ്ങളുടെ നല്ല ഇടയനാണ് ഞാൻ. ഒരു കാവൽക്കാരനെ പോലെ ഉന്നതത്തിൽ നിന്ന് നിങ്ങളെ നിരീക്ഷിച്ചുകൊണ്ട് നിങ്ങൾക്ക് കാവലിരിക്കുന്ന നിങ്ങളുടെ കർത്താവാണ് ഞാൻ. നിങ്ങളുടെ വിലാപങ്ങളും ദീനരോധനങ്ങളും കേട്ടിട്ട് നിങ്ങളുടെ അടുക്കൽ ഏതു വിധേനയും വന്നെത്താതിരിക്കാൻ എനിക്ക് കഴിയുമോ? നിങ്ങളിൽ അനേകർ നിത്യ നരകാഗ്നിയിലേക്ക് കുതിച്ചു പായുന്നത് കണ്ടിട്ട് എനിക്ക് എങ്ങനെ നിങ്ങളുടെ അടുക്കലേക്ക് ഓടി വരാതിരിക്കാൻ കഴിയും? ഈ വിധത്തിൽ സന്ദേശം നൽകിക്കൊണ്ട് ഞാൻ നിങ്ങളുടെ അടുക്കലേക്ക് വരുന്നത് നിങ്ങളെ കുറ്റം വിധിക്കാനല്ല, മറിച്ച് അപകടത്തെക്കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണ്. ലോകത്തെ രക്ഷിക്കാനാണ് ഞാൻ വരുന്നത്. ലോകത്തെ കുറ്റം വിധിക്കാനല്ല ഞാൻ വരുന്നത്. പക്ഷേ മിശിഹായായി ഞാൻ വന്നപ്പോഴുള്ള കാലത്തിന്റെ അടയാളങ്ങളെ ലോകം തെറ്റിദ്ധരിച്ച് എന്നെ അംഗീകരിക്കാതെ തങ്ങൾക്ക് ഇഷ്ടമുള്ള വിധം എന്നോട് പെരുമാറിക്കൊണ്ട് വിജാതീയർക്ക് എന്നെ ഏൽപ്പിച്ചു കൊടുത്തതുപോലെ ലോകം വീണ്ടും കാലത്തിന്റെ അടയാളങ്ങളെ തെറ്റിദ്ധരിക്കും. എനിക്ക് മുമ്പേ എന്റെ പാത ഒരുക്കാനായി സ്നാപക യോഹന്നാൻ അയക്കപ്പെട്ടപ്പോഴുള്ള കാലത്തിന്റെ അടയാളങ്ങളെയും ലോകം തെറ്റിദ്ധരിച്ചു. നീതിയുടെ പ്രവർത്തികളിലൂടെ ഏലിയാ പ്രവാചകനെ പോലെ വന്ന സ്നാപക യോഹന്നാനെ അവർ തിരിച്ചറിഞ്ഞില്ല. അവർക്ക് ഇഷ്ടമുള്ള രീതിയിൽ അവനോട് അവർ പെരുമാറി. ഇന്നും വീണ്ടും നിങ്ങളുടെ തലമുറ കാലത്തിന്റെ അടയാളങ്ങളെ തെറ്റിദ്ധരിക്കും. കാരണം ഈ അടയാളങ്ങൾ അവരുടെ താല്പര്യങ്ങൾക്ക് അനുയോജ്യമല്ല എന്നതുകൊണ്ടുതന്നെ. വരാനിരിക്കുന്ന അവസാന നാളുകളിൽ മോശയെയും ഏലിയായെയും നിങ്ങളുടെ അടുക്കലേക്ക് ഞാൻ അയക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ നിങ്ങളുടെ തലമുറ അവരെ തിരിച്ചറിയുകയില്ല. അവർ അവരുടെ വാക്കുകൾ ശ്രവിക്കുകയില്ല. അവരുടെ വാക്കുകൾ അവർ ഗ്രഹിക്കുകയുമില്ല. സ്നാപക യോഹന്നാനെയും മിശിഹായായ എന്നെയും തിരസ്കരിച്ചതുപോലെ ഈ തലമുറ അവരെയും തിരസ്കരിക്കും. ഈ അവസാന നാളുകളിൽ അനേകം വ്യാജക്രിസ്തുമാർ പ്രത്യക്ഷപ്പെടുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കാലഘട്ടത്തിലെ വ്യാജമതങ്ങളായ വ്യാജ ക്രിസ്തുമാരെ കുറിച്ച് നിങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഞാൻ നിങ്ങളെ ഉപദേശിച്ചിട്ടുണ്ട്. എന്റെ വചനം ഞാൻ നിങ്ങൾക്ക് നൽകിയിട്ടുണ്ട്. ഈ മതവിഭാഗങ്ങളുടെ ആശയങ്ങളുടെ പിന്നാലെ പോകരുതെന്ന് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്റെ സഭയുടെ നേതൃത്വം പത്രോസിനെ മാർപാപ്പയെ ഞാൻ ഭരമേൽപ്പിച്ചിട്ടുണ്ട്. നിങ്ങളെ പരിപോഷിപ്പിച്ച് നിങ്ങളെ നയിക്കാൻ ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. ഈ തലമുറ കടന്നു പോകുന്നതിനു മുമ്പ് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം സംഭവിക്കുമെന്ന് ഞാൻ നിങ്ങളോട് വളരെ ഗൗരവമായി പറയുന്നു. അതിനാൽ നിങ്ങൾ വഞ്ചിതരാകരുത്. നിങ്ങളുടെ എതിരാളികളെ ചെറുത്തു നിൽക്കുവിൻ. പത്രോസിനെ മാർപാപ്പയെ എതിർക്കുന്നവരെ ചെറുത്തു നിൽക്കുവിൻ. ആത്മാവ് ഈ നാളുകളിൽ സഭകളോട് പറയുന്നത് എന്നത് എന്താണെന്ന് തിരിച്ചറിഞ്ഞ് സാക്ഷ്യം വഹിക്കാനുള്ള വാക്ചാതിര്യം ഞാൻ നിങ്ങൾക്ക് നൽകും. അതിനാൽ നിങ്ങൾ എന്തു പറയണമെന്ന് ചിന്തിച്ച് നിങ്ങൾ ഒരുങ്ങേണ്ടതില്ല. അത്തിമരം തളിർത്തിരിക്കുന്നു. എന്റെ രാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നു. വളരെ മഹിമയോടെ ആത്മഗതം ചെയ്യുന്നതുപോലെയാണ് യേശു ഇക്കാര്യം പറഞ്ഞത്. ഇക്കാര്യങ്ങൾ ഒന്നും ഗ്രഹിക്കാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. വിശ്വസിക്കാൻ സാധിക്കുക എന്നത് ഞാൻ നൽകുന്ന ഒരു കൃപാവരമാണ്. ഞാൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. ഇക്കാരണത്താൽ നിങ്ങൾ പീഡിപ്പിക്കപ്പെടും. എന്നാൽ നിങ്ങളുടെ ഹൃദയം അസ്വസ്ഥപ്പെടാതിരിക്കട്ടെ. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾ ആരെയും കുറ്റം വിധിക്കരുത്. ഞാൻ നിങ്ങൾക്ക് മാതൃകയായി കാണിച്ചുതന്ന എന്റെ സ്നേഹമായിരിക്കട്ടെ. എന്റെ പുതിയ ശിഷ്യന്മാർക്കുള്ള അടയാള മുദ്ര. അതുവഴി നിങ്ങൾ എന്റെ ആട്ടിൻ കൂട്ടത്തിൽ നിന്ന് വരുന്നവരാണെന്നും നിങ്ങൾ ദൈവത്തിൻറെ മക്കളാണെന്നും നിങ്ങൾ ദൈവത്തിൽ ജീവിക്കുന്നവരാണെന്നും അവർ തിരിച്ചറിയട്ടെ. എന്റെ കുഞ്ഞുമക്കളെ, ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. അടയാളങ്ങൾ അന്വേഷിക്കേണ്ട. ആത്മാവ് നിങ്ങൾക്ക് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന കൃപകൾ കൊണ്ട് തൃപ്തിപ്പെടുവിൻ. താമസിയാതെ തന്നെ ഒരു ഒറ്റ ആട്ടിൻ കൂട്ടവും അവരെ നയിക്കുന്നത് ഒരു ഒറ്റ ഇടയനും ആയിരിക്കുമെന്ന് ഞാൻ നിങ്ങളോട് വളരെ ഗൗരവമായി പറയുന്നു. ഞാൻ ആത്മാവാണ്. നിങ്ങൾ എന്നെ ആത്മാവിലും സത്യത്തിലും ആരാധിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മൃതമായ വാക്കുകൾ കൊണ്ടല്ല എന്നെ ആരാധിക്കേണ്ടത്. അതിനാൽ നിങ്ങളുടെ ഹൃദയം കൊണ്ട് പ്രാർത്ഥിക്കുവാൻ പഠിക്കുവിൻ. മുഴുവൻ സഭയ്ക്ക് വേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കുവിൻ. എന്റെ സഭയുടെ കുന്തിരിക്ക ധൂപമായി തീരുക. ഇതുവഴി ഞാൻ അർത്ഥമാക്കുന്നത് എന്റെ വചനം പ്രഘോഷിക്കുന്ന എല്ലാവർക്കും വേണ്ടിയും എന്റെ വികാരിയായ മാർപാപ്പയ്ക്ക് വേണ്ടിയും നിങ്ങളുടെ കാലഘട്ടത്തിലെ അപ്പസ്തോലന്മാരും പ്രവാചകന്മാരുമായ സുവിശേഷ പ്രഘോഷകർക്ക് വേണ്ടിയും പുരോഹിതന്മാർക്ക് വേണ്ടിയും സമർപ്പിതരായ എല്ലാ സന്യാസി സന്യാസിനിമാർക്ക് വേണ്ടിയും എല്ലാ അൽമായർക്ക് വേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കുവിൻ. അങ്ങനെ ഞാൻ ഇപ്പോൾ സൂചിപ്പിച്ചിരിക്കുന്ന എല്ലാ ഗണങ്ങളിലും ഉൾപ്പെട്ടിരിക്കുന്ന നിങ്ങളെല്ലാവരും ഏകശരീരമായ എന്റെ സഭയുടെ അവയവങ്ങൾ ആണെന്ന് എല്ലാവരും ഗ്രഹിക്കട്ടെ. അതെ, നിങ്ങൾ എല്ലാവരും എന്നിൽ ഒരു ശരീരമാണ്. എന്റെ വചനം ശ്രവിക്കാൻ വിസമ്മതിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. എന്റെ വചനം ശ്രവിക്കുന്നതിന് മടി കാണിക്കുന്നതിനു പകരം ഒരു പ്രഘോഷണം കേൾക്കാൻ അല്ലെങ്കിൽ ആത്മാവിനാൽ പ്രചോദിതമായ ഒരു വെളിപാട് സന്ദേശം കേൾക്കാൻ അവർ തയ്യാറാകട്ടെ. എങ്ങനെയാണ് എന്റെ ആത്മാവ് വിവിധ രീതികളിലൂടെ പ്രവർത്തിക്കുന്നതെന്നും എപ്രകാരമാണ് എന്റെ ആത്മാവ് നിങ്ങളെ പഠിപ്പിക്കുന്നതെന്നും നിങ്ങളെ എന്റെ വചനം ഓർമ്മിപ്പിക്കുന്നതെന്നും നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതെന്നും അവർ എല്ലാവരും മനസ്സിലാക്കേണ്ടതിന് നിങ്ങൾ പ്രാർത്ഥിക്കുവിൻ. എന്റെ ആത്മാവിനെ സംസാരിക്കാൻ അവർ അനുവദിക്കേണ്ടതിന് നിങ്ങൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. ഞാൻ യാതൊരു പുതിയ കാര്യവും വെളിപ്പെടുത്തുന്നില്ല. ക്ലേശകരമായ സമയം വന്നെത്തുമ്പോൾ നിങ്ങളുടെ വിശ്വാസം ചഞ്ചലപ്പെടാതിരിക്കുന്നതിനു വേണ്ടി ഇക്കാര്യങ്ങൾ ഞാൻ നിങ്ങളോട് മുൻകൂട്ടി പറഞ്ഞിരിക്കുന്നു. കുഞ്ഞുമക്കളെ, പരീക്ഷണങ്ങളെ ജീവിതത്തിൽ നേരിട്ടിട്ടില്ലാത്തവർ യാതൊന്നും അറിയുന്നില്ല. ഞാൻ എപ്പോഴും നിങ്ങളെ ശ്രദ്ധിച്ച് കാത്തുസൂക്ഷിക്കുന്നതായിരിക്കും. എനിക്കിഷ്ടമുള്ള വിധത്തിൽ നിങ്ങളെ ഞാൻ രൂപപ്പെടുത്തേണ്ടതിന് എനിക്ക് നിങ്ങൾ സമ്പൂർണ്ണ സമർപ്പണം ചെയ്യുവിൻ. ഒരു കുശവന്റെ കയ്യിലെ കളിമണ്ണുപോലെ നിങ്ങൾ എന്റെ കൈകളിൽ ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ ദൈവീക ഛായയിൽ നിങ്ങളെ മെനഞ്ഞെടുത്ത് രൂപപ്പെടുത്തണമെന്ന് ഞാൻ ഉദ്ദേശിക്കുന്നു. നിങ്ങൾക്ക് ഒരിക്കൽ ഉണ്ടായിരുന്നതും, എന്നാൽ പിന്നീട് നഷ്ടപ്പെട്ടതുമായ ദൈവീക സ്വഭാവം നിങ്ങൾക്ക് വീണ്ടും തിരിച്ചു നൽകണമെന്ന് ഞാൻ ഉദ്ദേശിക്കുന്നു. എന്റെ പുഷ്പങ്ങളെ, നിങ്ങളെ ഏറ്റവുമധികം സ്നേഹിക്കുന്നവൻ ഞാനാണ്. എന്റെ സ്നേഹത്തിന്റെ നിശ്വാസം നിങ്ങളുടെ നെറ്റിത്തടങ്ങളിൽ ഊതിക്കൊണ്ട് ഞാൻ നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുന്നു. നിങ്ങൾ ഐക്യപ്പെട്ട് ഒന്നായി തീരുവിൻ. വരൂ, എന്റെ മാതാവിനെ ശ്രവിക്കുവിൻ. വസൂല, എന്റെ സന്ദേശം സ്വീകരിക്കുവിൻ. പുഷ്പമേ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. പരിശുദ്ധ മാതാവേ, ഞാൻ അങ്ങയെ വാഴ്ത്തുന്നു. ഇപ്പോൾ ഞാൻ അങ്ങയെ ശ്രവിക്കുകയാണ്. സമാധാനം നിങ്ങളോട് കൂടെ ഉണ്ടായിരിക്കട്ടെ. യേശുവും ഞാനും നിങ്ങളെല്ലാവരെയും അനുഗ്രഹിക്കുന്നു. പരിശുദ്ധനായ ദൈവം നിങ്ങളുടെ ഇടയിലുണ്ട്. ജ്ഞാനമാണ് നിങ്ങളുടെ അധ്യാപകൻ. ഭൂമിയിൽ ജീവിക്കുന്ന ഒരുവനും ഒരിക്കലും ഗ്രഹിക്കാൻ ആവാത്ത വിധം അത്രയധികമാണ് ഞങ്ങൾക്ക് നിങ്ങളോടുള്ള സ്നേഹം. ഒരുവനും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല. ഒരുവനും ഒരിക്കലും ദൈവത്തിൻറെ സ്നേഹത്തെ പൂർണമായി മനസ്സിലാക്കിയിട്ടില്ല. അതിനാലാണ് ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല എന്ന് പറയുന്നത്. പരിശുദ്ധനായവൻ അവിടുത്തെ തിരുമുഖം നിങ്ങൾക്ക് വെളിപ്പെടുത്തിയിരിക്കുന്നു. നിങ്ങളോടുള്ള അവിടുത്തെ സ്നേഹം അവിടുന്ന് വെളിപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകൾ അവിടുന്ന് നിങ്ങളെ കാണിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ പാപങ്ങൾ നീക്കി കളയുന്ന ബലിയായി തീരേണ്ടതിന് അവിടുത്തെ ഏകജാതനെ അയക്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. പിതാവിൻറെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന അവിടുന്ന് അവിടുത്തെ അനന്തമായ സ്നേഹത്താൽ ഈ പ്രത്യേകമായ വിധത്തിൽ അവിടുത്തെ സ്വന്തം ജനമായ നിങ്ങൾക്ക് സന്ദേശം നൽകാൻ ഇതാ, നിങ്ങളിലേക്ക് ഇറങ്ങി വന്നിരിക്കുന്നു. അവിടുന്ന് പരിശുദ്ധനായിരിക്കുന്നതിനാൽ നിങ്ങളും പരിശുദ്ധരായി ജീവിക്കണമെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ പരിശുദ്ധരിൽ പരിശുദ്ധനായ അവിടുന്ന് ഇതാ, വന്നിരിക്കുന്നു. അവിടുന്ന് ഇപ്രകാരം നിങ്ങളെ ഓർമ്മിപ്പിക്കാൻ ഇറങ്ങി വന്നിരിക്കുന്നു. എന്തെന്നാൽ, മനുഷ്യരെല്ലാം പുൽക്കൊടിക്ക് തുല്യരാണ്. അവരുടെ മഹിമ പുല്ലിന്റെ പൂവിന് തുല്യവും, പുൽക്കൊടികൾ വാടിക്കരിയുന്നു, പൂക്കൾ കൊഴിഞ്ഞു വീഴുന്നു. എന്നാൽ കർത്താവിൻറെ വചനം നിത്യം നിലനിൽക്കുന്നു. ആ വചനം തന്നെയാണ് നിങ്ങളോട് പ്രസംഗിക്കപ്പെട്ട സുവിശേഷം. ഒന്ന് പത്രോസ് ഒന്നാം അധ്യായം 24, 25 വാക്യങ്ങൾ. കർത്താവിൻറെ ശ്വാസം ഏൽക്കുമ്പോൾ പുല്ല് കരിയുകയും, പുഷ്പം വാടി പോവുകയും ചെയ്യും. മനുഷ്യൻ പുല്ല് മാത്രം പുല്ല് കരിയുന്നു, പുഷ്പം വാടുന്നു. നമ്മുടെ ദൈവത്തിൻറെ വചനം ആകട്ടെ, എന്നേക്കും നിലനിൽക്കും. ഏശയ്യായുടെ പുസ്തകം നാല്പതാം അധ്യായം ഏഴ്, എട്ട് വാക്യങ്ങൾ. എൻറെ കുഞ്ഞുമക്കളെ, നിങ്ങളുടെ കാലഘട്ടത്തിൽ കർത്താവിൻറെ മുന്തിരിത്തോട്ടം ഭൂമിയുടെ പല ഭാഗങ്ങളിലേക്കും പടർന്നു വ്യാപിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെയും മരുഭൂമിയിൽ അവിടുത്തെ സ്വരം കൂടുതൽ കൂടുതലായി മുഴങ്ങിക്കൊണ്ടിരിക്കുന്നു. അവിടുത്തെ രാജ്യം സ്വർഗ്ഗത്തിലെ പോലെ തന്നെ ഭൂമിയിലും ആകേണ്ടതിന് ദൈവരാജ്യത്തിന്റെ കൂട്ടായ്മകൾ ആകുന്ന മരുപ്പച്ചകളെ അവിടുന്ന് വർദ്ധിപ്പിച്ച് വ്യാപിപ്പിച്ചു കൊണ്ടിരിക്കും. നിങ്ങൾ ആശ്ചര്യപ്പെടുകയോ വിസ്മയിക്കുകയോ വേണ്ട, മറിച്ച് നിങ്ങൾ ആനന്ദിക്കുവിൻ. പുതിയ ശിഷ്യന്മാരെ രൂപപ്പെടുത്തിക്കൊണ്ട് അവിടുത്തെ പരിശുദ്ധാത്മാവിനെ ഓരോ ജനതയുടെയും മേൽ അവിടുന്ന് സമൃദ്ധമായി വർഷിച്ചു കൊണ്ടിരിക്കുന്നു. എതിർപ്പിന്റെ കാലത്ത് എന്നതുപോലെ, നിങ്ങളുടെ ഹൃദയങ്ങൾ കഠിനമാക്കാതെ, ഞങ്ങളുടെ സ്വരം നിങ്ങൾ ശ്രവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുകയാണ്. സമയം അതിവേഗം പറന്നുപോകുന്നു. ഞങ്ങളുടെ സ്വരം നിങ്ങൾ ശ്രവിക്കണമെന്ന് ഞാൻ നിങ്ങളോട് കേണപേക്ഷിക്കുന്നു. കാരണം, അല്പകാലത്തിനുശേഷം നിങ്ങൾ എന്നെ കാണുകയില്ല. എൻറെ പ്രിയ മക്കളെ, ക്രിസ്തുവിൽ ജീവിക്കുവിൻ. അവിടുന്ന് ജീവിക്കുവിൻ. കർത്താവിനെ എതിരേൽക്കാൻ എപ്പോഴും ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ, അവിടുന്ന് നിങ്ങളുടെ മധ്യേ ഉണ്ട്. നിങ്ങൾ സന്തോഷിക്കുവിൻ, എന്നോടൊപ്പം ആനന്ദിക്കുവിൻ. ഞങ്ങളിൽ നിന്ന് നിങ്ങൾ പഠിച്ചിട്ടുള്ള കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുവിൻ. ഞങ്ങളുടെ സന്ദേശങ്ങൾ അനുസരിച്ച് ജീവിക്കുവിൻ. ദൈവം നിങ്ങൾക്ക് ആ സന്ദേശങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കി തരും. അവസാനം, ദൈവത്തിൻറെ പദ്ധതി പൂർത്തീകരിക്കുന്നതിനു വേണ്ടി ഞങ്ങളുടെ വചനങ്ങളെ കുറിച്ച് ധ്യാനിക്കുവിൻ. നിങ്ങളുടെ ശരീരങ്ങളെ രൂപാന്തരപ്പെടുത്തിക്കൊണ്ട് നിങ്ങളെ ദൈവീക ഛായ ഉള്ളവരാക്കുകയാണ് അവിടുത്തെ ലക്ഷ്യം. ദൈവീകതയിലേക്ക് നിങ്ങളെ മടക്കി കൊണ്ടുവരുവാനും, നിങ്ങളിൽ നിന്ന് ഒരു വിശുദ്ധ ജനതയെ രൂപപ്പെടുത്താനുമാണ് അവിടുന്ന് ഉദ്ദേശിക്കുന്നത്. സഭകളുടെ ഐക്യം ദൈവത്തിൻറെ മഹത്വത്തിനുവേണ്ടി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതിനാൽ, വന്ന് കർത്താവിനെ സ്തുതിക്കുവിൻ. ക്രിസ്തുവിൽ നിങ്ങൾ വിഭാഗീയത പുലർത്തിക്കൊണ്ട് വിജാതിയരെ പോലെ ആകരുത്. ക്രിസ്തുവിൽ ആയിരിക്കുന്ന നിങ്ങൾ പരസ്പരം സഹായിക്കണം. അങ്ങനെ, നിങ്ങൾ ക്രിസ്തുവിൻറെ നിയമം പൂർത്തിയാക്കണം. ഇത് എല്ലാ ക്രിസ്ത്യാനികൾക്കുമുള്ള കർത്താവിൻറെ അമ്മയുടെ ആഹ്വാനമാണ്. അവിടുത്തെ നാമധാരികളായ നിങ്ങളെല്ലാവരെയും ഈ മഹിമയാർന്ന ദിവസത്തിനുവേണ്ടി കർത്താവ് ഒരുക്കി കൊണ്ടിരിക്കുന്നു. അതെ, കർത്താവ് അവിടുത്തെ ജനത്തെ ഐക്യപ്പെടുത്തുകയും, അവരെ എല്ലാ തിന്മകളിൽ നിന്നും മോചിപ്പിക്കുകയും ചെയ്യും. അനേകം തലമുറകളിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം അത്ഭുതകരമായി കാരുണ്യവും നീതിയും സംയുക്തമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. സഭകളുടെ ഐക്യം പ്രഭാതം പോലെ പെട്ടെന്ന് നിങ്ങളുടെ ഇടയിൽ സംഭവിക്കും. അത് കമ്മ്യൂണിസത്തിന്റെ പതനം പോലെ പെട്ടെന്നായിരിക്കും സംഭവിക്കുക. സഭകളുടെ ഐക്യം ദൈവത്തിൽ നിന്നായിരിക്കും സംഭവിക്കുന്നത്. ജനതകൾ അതിനെ മഹത്തായ അത്ഭുതം എന്നും, നിങ്ങളുടെ ചരിത്രത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട ദിനം എന്നും വിളിക്കും. ഈ അത്ഭുതം ദൈവത്തിൻറെ മഹത്വത്തിനു വേണ്ടിയുള്ളതായിരിക്കും. ഈ ദിനത്തിൽ സ്വർഗ്ഗം മുഴുവനും വളരെയധികം ആഹ്ലാദിച്ച് ആഘോഷിക്കും. എൻറെ മക്കളെ, ഇക്കാരണത്താലാണ് നിങ്ങൾ നിരന്തരം പ്രാർത്ഥിക്കണമെന്നും, പരസ്പരം സ്നേഹിക്കണമെന്നും ഞാൻ നിങ്ങളോട് കേണപേക്ഷിക്കുന്നത്. നിങ്ങളുടെ ജീവിതം ദൈവത്തിന് പൂർണമായി സമർപ്പിക്കുവിൻ. ബാക്കി കാര്യങ്ങൾ അവിടുന്ന് നടത്തിക്കൊള്ളും. ഞാൻ നിങ്ങൾ ഓരോരുത്തരെയും അനുഗ്രഹിക്കുന്നു. നിങ്ങളുടെ ഭവനങ്ങളിൽ നിങ്ങൾ പ്രവേശിക്കുമ്പോൾ, നിങ്ങളിൽ അനേകം പേർക്ക് എൻറെ സാന്നിധ്യാനുഭവം ഉണ്ടാകും. ഞാൻ നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു.