ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG · ദൈവത്തിലുള്ള യഥാർത്ഥ ജീവിതം
Ep 110: കർത്താവായ ഞാൻ ഒടുവിൽ വിജയിക്കും കർത്താവ് വസൂലയുടെ അരികിൽ ഉണ്ടെന്നും അവളെ സംരക്ഷിക്കുമെന്നും ഈ സന്ദേശങ്ങൾ പറയുന്നു. പരീക്ഷണങ്ങളിൽ തന്റെ സമാധാനം മാത്രം പുറത്തുവരണമെന്നും, ആക്രമണങ്ങൾക്കിടയിലും കർത്താവായ താൻ സഭയുടെ കാര്യത്തിൽ അവസാനം വിജയം വരിക്കുമെന്നും അവിടുന്ന് പറയുന്നു. റൊമാനിയയോട് കരയരുതെന്നും അവളുടെ നാശാവശിഷ്ടങ്ങൾ പണിതുയർത്തുമെന്നും അരുളുന്നു. ഈ എപ്പിസോഡിൽ: 00:00 ആമുഖം 00:20 18/12/1989 - ചെന്നായ്ക്കളുടെ നടുവിൽ ഞാൻ നിന്നെ പോഷിപ്പിക്ക 05:33 19/12/1989 - പരീക്ഷണങ്ങളിൽ എന്റെ സമാധാനം, വിശ്വാസം 07:51 23/12/1989 - എന്റെ ഹൃദയത്തിലെ മുള്ളുകൾ, സഭയുടെ പുതുക്കൽ 11:49 24/12/1989 - റൊമാനിയയും റഷ്യയും: സ്വാതന്ത്ര്യത്തിന്റെ വാഗ് 'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം! 1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു! ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്: YouTube: https://www.youtube.com/@tlig-malayalam Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433 കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ! ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യൂ!. Subscribe today! നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/ ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ! കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!. #TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #കർത്താവ്വിജയിക്കും #റൊമാനിയ #TrueLifeInGod110
എപ്പിസോഡ് 110. 18/12/1989. എന്റെ വസൂല, നിന്നെ പീഡിപ്പിക്കുന്നവരുടെ കൺമുന്നിൽ വെച്ച് തന്നെ കർത്താവായ ഞാൻ നിന്നെ പോഷിപ്പിക്കും. എന്റെ കുഞ്ഞേ, ഈ ചെന്നായ്ക്കളുടെ മധ്യത്തിൽ നിന്നെ കാണുമ്പോൾ എനിക്കുണ്ടാകുന്ന വേദന അനുഭവിച്ചറിയുക. എന്നെ സമാശ്വസിപ്പിക്കാൻ എന്റെ അനേകവൃന്ദ മാലാഖമാരെ ഞാൻ വിളിച്ചുവരുത്താൻ തക്കവിധം, എന്റെ അന്തരംഗവും ഹൃദയവും അത്രമാത്രം അസ്വസ്ഥവും ദുഃഖപൂരിതവുമാണ്. നിന്റെ പീഡകർ നിനക്ക് വിഷം കലർത്തിയ വെള്ളം കുടിക്കാൻ തരുന്നു; എന്നാൽ നിന്നോടുള്ള എന്റെ വലിയ സ്നേഹത്താൽ ഞാൻ നിന്നെ അനവരതം സൗഖ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇക്കാലത്ത് എന്റെ സന്ദേശവാഹകരായവരെ വെറുക്കുന്നവരെ ഞാൻ കീഴ്മേൽ മറിച്ചിടും. ഈ സന്ദേശവാഹകരിൽ എന്റെ ഹൃദയം ആനന്ദിക്കുന്നു; അവരിൽ ഞാൻ സമാശ്വാസവും വിശ്രമവും കണ്ടെത്തുന്നു. എന്റെ കൃപയാൽ എന്റെ സന്ദേശം സ്വീകരിക്കുന്ന എന്റെ കുഞ്ഞാടുകളെ, എന്റെ ഹൃദയത്തിന് വിശ്രമം നൽകുന്ന എന്റെ കുഞ്ഞാടുകളെ, എന്റെ പ്രത്യേക സ്നേഹപാത്രങ്ങൾ ആയവരെ, ഈ കായയന്മാർ നിങ്ങളെ ആക്രമിക്കുന്നത് ഞാൻ നോക്കി നിൽക്കുകയില്ല. ഈ കായയന്മാർ അവരുടെ പാപങ്ങളിൽ മുങ്ങിക്കുളിച്ചിരിക്കുന്നു; എന്റെ ആവേലുമാരുടെ കഴുത്തിനു പിടിക്കാൻ എപ്പോഴും അവർ തക്കം പാർത്തിരിക്കുന്നു. കർത്താവേ, ഞങ്ങളെ യാതൊരു ദയയുമില്ലാതെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ് ഈ കായയന്മാർ. അങ്ങയുടെ പണ്ടത്തെ പ്രവാചകന്മാരെ അവർ കൊന്നുകളഞ്ഞു; ഇന്ന് വീണ്ടും അവരുടെ കുറ്റകൃത്യം തുടരാൻ അവർ ആഗ്രഹിക്കുന്നു. ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന വിധത്തിൽ അങ്ങയുടെ ബലിപീഠം തകർക്കുകയാണ് അവരുടെ ലക്ഷ്യം. ഈ പ്രവാസഭൂമിയിൽ നിന്ന് ഞങ്ങളെ ഉന്മൂലനം ചെയ്യാനാണ് അവർ ആഗ്രഹിക്കുന്നത്. എന്റെ സാക്ഷിയേ, അത്യുന്നത ദൈവമായ എനിക്ക് വേണ്ടിയുള്ള ജീവനുള്ള ബലിപീഠമാകാൻ, പൊടിയിൽ നിന്ന് ഞാൻ ഉയർപ്പിച്ച് രൂപപ്പെടുത്തിയ എന്റെ ബലിപീഠമേ, എന്റെ തീക്ഷ്ണമായ സ്നേഹജ്വാലയുടെ ജ്വലിക്കുന്ന ആഗ്രഹങ്ങൾ വർഷിക്കുന്നതിന് വേണ്ടി ഭൂമിയുടെ വിവിധ സ്ഥലങ്ങളിൽ ഞാൻ ഉയർത്തിയിട്ടുള്ള ബലിപീഠങ്ങളിൽ ഒന്നാണ് നീ. കൊല്ലാൻ വെമ്പൽ കൊള്ളുന്ന കായയൻ ഇത്തവണ എന്നെ അഭിമുഖീകരിക്കേണ്ടി വരും; കാരണം അവൻ ഉഴുതുമറിച്ചിട്ടിരിക്കുന്ന മണ്ണിൽ തിന്മയുടെ വിത്തുകൾ അവൻ തുടർന്നു വിതച്ചുകൊണ്ടിരിക്കുന്നു. അവൻ വിതച്ച തിന്മയുടെ ഫലം അവൻ ഇന്ന് ഭക്ഷിക്കുന്നു. അവൻ എന്നെ അഭിമുഖീകരിക്കേണ്ടി വരും. എന്റെ പ്രാവേ, എന്നെ ശ്രവിക്കുവിൻ; ഇനി നിന്റെ രക്തം ചൊരിയാൻ അവൻ നിന്നെ ബലമായിട്ടോ വാളിന്റെ ശക്തിയാലോ മരുഭൂമിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയില്ല. ഞാൻ നിനക്ക് നൽകിയിട്ടുള്ള ജ്വാല ഊതി കെടുത്തിക്കളയാൻ ഞാൻ അവനെ അനുവദിക്കുകയില്ല. എന്റെ ചെറിയ ബലിപീഠങ്ങളേ, എന്നെ സന്തോഷിപ്പിക്കുന്നവരെ ധൈര്യമായിരിക്കുവിൻ; നിങ്ങൾ ഭയപ്പെടരുത്. കായയന്റെ ഓരോ പാപവും അവന്റെ തലയിൽ തന്നെ നിബന്ധിക്കും. ഏശയ്യാ പ്രവാചകന്റെ ഈ പ്രവചനം ഇക്കാലത്തെ കായയന്മാരെ സംബന്ധിച്ച് ശരിയാണ്; ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "ദൈവം അവർക്ക് നിദ്രാരസമായ ആത്മാവും, കാഴ്ചയില്ലാത്ത കണ്ണുകളും, കേൾവിയില്ലാത്ത ചെവികളുമാണ് ഇന്നേവരെ നൽകിയത്; എന്നേക്കും ഇങ്ങനെ തന്നെയായിരിക്കും." ഞാൻ കായയനെ അവന്റെ ജന്മനാട്ടിൽ നിന്ന്, ഞാൻ വസിക്കാത്ത ഒരു രാജ്യത്തിലേക്ക്, ദുഷ്ടത നദിപോലെ ഒഴുകുന്ന നാട്ടിലേക്ക്, ദുഷ്ടത കരകൊഴിഞ്ഞൊഴുകുന്ന നാട്ടിലേക്ക്, ദുഷ്ടതയാൽ നനയ്ക്കപ്പെടുന്ന ഒരു നാട്ടിലേക്ക് നാടുകടത്തി. നീതി അവനെ എന്റെ ദൃഷ്ടിയിൽ നിന്നും മറച്ചുകളഞ്ഞു. ഇന്ന് കരുണ അവളുടെ കരം നീട്ടി അവനെ രക്ഷിക്കാൻ എത്തുമ്പോൾ പോലും, അവൻ രക്ഷയുടെ മാർഗം സ്വീകരിക്കാൻ വിസമ്മതിക്കുന്നു. കായയനെ, പാതാളത്തിലെ പുരാതന ജനതകൾ കിടക്കുന്നിടത്ത്, നിന്റെ ജീവനെ പാതാളത്തിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി ഞാൻ എത്തിയിരിക്കുന്നു. എന്നാൽ നാളിതുവരെ നീ എന്നെ ശ്രവിക്കുകയോ, നിന്റെ ദൈവമായ എന്നെ തിരിച്ചറിയുകയോ ചെയ്യുന്നില്ല. വസൂല, എന്റെ പ്രാവേ, തുറന്നു സംസാരിക്കാൻ നീ ഭയപ്പെടേണ്ട; കാരണം എന്റെ ആത്മാവിനെ ഞാൻ നിനക്ക് നൽകിയിരിക്കുന്നു. ഭൂമിയിലെ ഈ പ്രവാസജീവിതം ക്ലേശകരമാണ്; എന്നാൽ ഞാൻ നിന്റെ അരികെയുണ്ട്. നിനക്ക് സംഭാഷണ വൈഭവവും, സൗഹൃദവും, സമാശ്വാസവും പ്രധാനം ചെയ്യുന്നതിനായി, നിന്റെ പരിശുദ്ധ സന്തത സഹചാരിയായ ഞാൻ നിന്നോടൊപ്പം നടക്കുകയാണ്. നിന്റെ ശത്രുക്കളെ ഭയപ്പെടുത്തുന്നതിന് ഞാൻ നിന്റെ സമീപമുണ്ട്. നിന്നെ ഭയചകിതയാക്കാൻ വേണ്ടി ആഞ്ഞു വീശിയടിക്കുന്ന ഏത് ചുഴലിക്കാറ്റിനെയും ശമിപ്പിക്കാൻ ഞാൻ നിന്റെ അരികെയുണ്ട്. നിന്നെ വേട്ടയാടിപ്പിടിക്കാൻ ഇരച്ചു വരുന്ന ചെന്നായ്ക്കളെ തുരത്തി ഓടിക്കാൻ ഞാൻ നിന്റെ സമീപമുണ്ട്. ചുട്ടുപൊള്ളുന്ന സൂര്യാഘാതത്തിൽ നിന്ന് നിന്റെ ശിരസ്സിന് സംരക്ഷണം നൽകാൻ ഞാൻ നിന്റെ അരികെയുണ്ട്. പ്രിയപ്പെട്ടവളേ, നിന്റെ വഴിയിലേക്ക് ഇഴഞ്ഞു വരുന്ന എല്ലാ അണലി സർപ്പങ്ങളെയും തേളുകളെയും വിരട്ടി ഓടിച്ചുകളയാൻ എന്റെ പ്രകാശവുമായി ഞാൻ നിന്റെ സമീപത്തുണ്ട്. നീ പോകേണ്ട വഴിയിലൂടെ തന്നെ ഞാൻ നിന്നെ വഴിനടത്തും. എന്റെ കുന്തുരുക്കധൂപത്താൽ നിന്നെയും നമ്മളോടൊപ്പം വരുന്ന എല്ലാവരെയും അനുദിനം ഞാൻ സുഗന്ധപൂരിതമാക്കും; അവർ വയ്ക്കുന്ന ഓരോ ചുവടും ഞാൻ അനുഗ്രഹിക്കും. ഞാൻ മരുഭൂമിയിൽ തേടിയലഞ്ഞ അവസാനം കണ്ടെത്തിയ എന്റെ പ്രാവുകളേ, എപ്പോഴും എന്റെ ദൃഷ്ടികൾ നിങ്ങളുടെ മേലുണ്ട്. നിങ്ങളോടുള്ള എന്റെ സ്നേഹം ഒരു ജ്വലിക്കുന്ന ജീവനുള്ള അഗ്നിയാണ്. നിങ്ങളോടുള്ള എന്റെ അസൂയാവഹമായ സ്നേഹം മുമ്പൊരിക്കലും ഇല്ലാതിരുന്ന വിധം കർക്കശമാണ്. അതിനാൽ എന്റെ സ്നേഹഗീതം ശ്രവിക്കുവിൻ; ഇപ്പോൾ നിന്നിൽ നിന്ന് ഒട്ടും അകലെയല്ല എന്റെ വിശ്രമസ്ഥലം. നിന്നെ ഏറ്റവുമധികമായി സ്നേഹിക്കുന്നവൻ ഞാനാണ്; എന്റെ സ്നേഹസമ്മാനം ഞാൻ നിനക്ക് നൽകുന്നു. വന്ന് എന്റെ പ്രബോധനങ്ങൾ ശ്രവിക്കുവിൻ; എന്റെ പ്രബോധനങ്ങൾ തേജസ്സാർന്ന പ്രകാശമാണ്. കണ്ണിലെ കൃഷ്ണമണി പോലെ പ്രാധാന്യമുള്ള എന്റെ ഈ പ്രബോധനങ്ങളെ ലോകം മറന്നുകളഞ്ഞു. വരൂ, നമ്മൾ നമുക്ക്. അതെ, എന്നേക്കും കർത്താവേ. നമ്മൾ നമുക്ക്. എന്നേക്കും പരിശുദ്ധ മാതാവേ. ഞാൻ നിന്നെ സ്നേഹിക്കുന്നു. 19/12/1989. പ്രബോധനം നൽകുന്ന പരിശുദ്ധാത്മാവേ, എന്നെ ആശയക്കുഴപ്പത്തിൽ ആകാൻ അനുവദിക്കരുതേ. അങ്ങാണ് എന്റെ ദൈവീക ഗുരുനാഥൻ; അങ്ങാണ് എന്നെ പഠിപ്പിച്ചത്; അങ്ങയുടെ അധരങ്ങളിൽ നിന്നാണ് ഞാൻ പഠിച്ചത്. എന്റെ ഗുരുവും യജമാനനുമായ കർത്താവേ, ഞാൻ അങ്ങയെ ശ്രവിക്കാൻ ഒരുങ്ങിയിരിക്കുന്നു. കുഞ്ഞേ, പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ എതിർത്ത് പ്രതിഷേധിക്കരുത്. അവയെക്കുറിച്ച് നീ അഭിപ്രായങ്ങളും പറയരുത്. നിന്നിൽ നിന്ന് പുറത്തുവരേണ്ട ഏക കാര്യം എന്റെ സമാധാനമാണ്. കർത്താവിന്റെ സമാധാനമായിരിക്കണം നിന്നിൽ നിന്ന് പുറത്തുവരേണ്ടത്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവയെക്കുറിച്ച് സ്വയംപ്രേരിതമായ മറുപടി പറഞ്ഞാൽ അത് അപരിഹാര്യമായ തെറ്റുകൾക്ക് കാരണമാകും. എന്റെ ഹൃദയത്തിൽ നിന്ന് ഞാൻ നിനക്ക് നൽകിയിട്ടുള്ളവ മാത്രം സ്വീകരിക്കുക; അവയിൽ ഒട്ടും കുറവ് വരുത്തരുത്. യാതൊന്നും കൂട്ടിച്ചേർക്കുകയുമരുത്. ഞാൻ നിനക്ക് നൽകിയിട്ടുള്ളവയിൽ നിന്ന് സ്വീകരിക്കുവിൻ; ഇപ്പോൾ നിനക്ക് മനസ്സിലായോ? ഓ എന്റെ കർത്താവേ, അങ്ങ് ആരാണെന്ന് വീണ്ടും എന്നോട് പറയാമോ? എന്നെ ശ്രവിക്കുവിൻ; വചനം മാംസമായി നിങ്ങളിടയിൽ വസിച്ച ദൈവത്തിന്റെ പ്രിയപുത്രനായ യേശുവാണ് ഞാൻ. നിന്നോട് സംസാരിക്കുന്നത് നിന്റെ രക്ഷകനായ ഞാനാണ്. പുഷ്പമേ, ധൈര്യമായിരിക്കുവിൻ; എന്റെ ഹൃദയത്തിൽ വിശ്രമിച്ച് നീ ഒരിക്കൽ ദർശനത്തിൽ കണ്ട ആ പ്രാവിനെപ്പോലെ എന്റെ ഹൃദയസ്പന്ദനങ്ങൾ ശ്രവിക്കുവിൻ. ഞാൻ നിങ്ങളെല്ലാവരെയും അത്യധികമായി, പരിധിയില്ലാതെ സ്നേഹിക്കുന്നു. സർവ്വശക്തനായ എന്നെ നീ ഇപ്പോൾ കൂടുതലായി അറിയുന്നു. ഞാനാണ് നിന്റെ അധ്യാപകൻ; വിശ്വാസത്തിലൂടെ ഞാൻ നിന്നെ സംരക്ഷിച്ചു വളർത്തുന്നു. വിശ്വാസം, വിശ്വാസം, വിശ്വാസം. ഞാൻ നിന്നെ സ്നേഹിക്കുന്നു; വിശ്വാസം വഴി, വിശ്വാസത്തിലൂടെ നിന്നെ പഠിപ്പിച്ചു വളർത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. വെളിപാട് സന്ദേശങ്ങൾ നിനക്ക് എപ്പോഴും ലഭിക്കും. എന്റെ സ്വരം ശ്രവിക്കുവാൻ നീ പ്രാപ്തയാകേണ്ടതിന്, ധ്യാനാത്മക ആത്മീയ നിശബ്ദതയിലേക്ക് നീ പ്രവേശിക്കേണ്ടിയിരിക്കുന്നു. എന്റെ സാന്നിധ്യം നിന്നെ ഓർമ്മിപ്പിക്കുന്നതിന് വേണ്ടി, നിന്റെ കൈവിരലുകളെ നിയന്ത്രിക്കാനുള്ള നിന്റെ കഴിവിനെ ഞാൻ നീക്കിക്കളയും. ഇവയെല്ലാം എന്നിൽ നിന്ന് വരുന്നതാകയാൽ നീ ഇവയെ സ്വീകരിക്കുവിൻ. ഇതാണ് എനിക്ക് ഇഷ്ടപ്പെട്ട രീതി. നീ പഠിച്ചിട്ടുള്ളതെല്ലാം എന്നിൽ നിന്ന് വന്നിട്ടുള്ളതാണ് എന്ന് നീ മനസ്സിലാക്കിയിട്ടുണ്ടല്ലോ. ഈ വിധത്തിൽ, അവസാനം വരെ ഞാൻ നിന്നെ നയിക്കും. കുട്ടി, സന്തോഷിക്കുവിൻ. എന്റെ ദൈവമേ, അങ്ങ് എന്നെ നിശബ്ദയാക്കുന്നു. സന്തോഷിക്കുവിൻ; കാരണം നിനക്ക് ലഭിച്ചിട്ടുള്ള കൃപകൾക്കൊന്നിനും നിനക്ക് അർഹതയില്ല. വരൂ, സ്നേഹം നിന്നെ സ്നേഹിക്കുന്നു. 23/12/1989. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. മകളേ, എന്റെ ഹൃദയത്തെ സ്പർശിച്ചു നോക്കുവിൻ; എന്റെ ഹൃദയത്തിന് എത്രമാത്രം മുറിവേറ്റിരിക്കുന്നു എന്ന് തൊട്ട് അനുഭവിച്ചറിയുവിൻ. നമ്മുടെ കർത്താവിന്റെ മുറിവേറ്റ ഹൃദയത്തെ എന്റെ ആത്മാവ് തൊട്ടറിഞ്ഞു. എന്റെ ഹൃദയത്തെ ഇപ്പോൾ കുത്തിമുറിവേൽപ്പിക്കുന്ന മുള്ളുകളെ പറിച്ചുകളയുവിൻ. കർത്താവേ, എങ്ങനെയാണ് ആ മുള്ളുകളെ നീക്കം ചെയ്യുന്നതെന്ന് എന്നെ കാണിച്ചുതരേണമേ. സ്നേഹത്താൽ ആ മുള്ളുകളെ നീക്കം ചെയ്യാൻ സാധിക്കും. എന്നെ സ്നേഹിക്കുവിൻ. വസൂല, എന്നെ സ്നേഹിക്കുവിൻ; സ്നേഹത്തിലൂടെ എന്റെ ലേപൻ ഔഷധമായി മാറുവിൻ. എന്നെ സമാശ്വസിപ്പിക്കുവിൻ; പാവപ്പെട്ട എളിമയുള്ള വ്യക്തികളെ എന്റെ അടുക്കലേക്ക് കൊണ്ടുവരുവിൻ. അവരെ എന്റെ ഹൃദയം കാണിച്ചു കൊടുക്കുവിൻ; എന്റെ സ്നേഹത്തെക്കുറിച്ച് അവരോട് പറയുവിൻ. അങ്ങനെ എന്റെ ഹൃദയത്തിലുള്ള ഓരോ മുള്ളും നീക്കം ചെയ്യുവിൻ. ഓരോ മുള്ളിന്റെ സ്ഥാനത്തും ഓരോ എളിയ വ്യക്തിയെയും കൊണ്ടുവന്നു വെക്കുവിൻ. എന്റെ ഭവനമായ സഭയിൽ വളരെ വലിയ പ്രായശ്ചിത്ത പ്രവർത്തികൾ ചെയ്യേണ്ടിയിരിക്കുന്നു. എന്നിരുന്നാലും, ഞാൻ എന്റെ ഭവനമായ സഭയെ ഒരു നിര ഇഷ്ടികകൾക്ക് മുകളിലായി മറ്റൊരു നിര ഇഷ്ടികകൾ വെച്ച് പുതുക്കി പണിയും. അതിഭയങ്കരമായ ആക്രമണങ്ങൾ എന്റെ സഭയ്ക്കെതിരെ നടക്കുന്നുണ്ടെങ്കിലും, കർത്താവായ ഞാൻ അവസാനം വിജയം വരിക്കും. നിർമ്മലരായ വ്യക്തികളെ കൊണ്ട് എന്റെ ഭവനമായ സഭ ഞാൻ നിറയ്ക്കും. പ്രാവിൻ കൂട്ടിൽ പ്രാവുകൾ കയറുന്നതുപോലെ തന്നെ, എന്റെ ഭവനത്തിൽ വിശുദ്ധരായ വ്യക്തികൾ വന്നു കയറും. ഈ വിശുദ്ധ മനുഷ്യർ 'അബ്ബാ' എന്ന് എന്നെ വിളിക്കാൻ പഠിക്കേണ്ടതിന്, അവരെ എന്റെ കരങ്ങളിൽ നിന്ന് ഭക്ഷിക്കാൻ ഞാൻ അനുവദിക്കും. ദൈവീകത നാശത്തെ പൂർണമായും കീഴടക്കും. കാരണം എന്റെ മക്കളായ നിരീശ്വരവാദികളിൽ നിന്നാണ് ലോകത്തിന്റെ തിന്മകളിലൂടെ നാശം ഉടലെടുത്തത്. ഈ വിശുദ്ധരായ മനുഷ്യരിൽ നിന്ന് എന്റെ ദൈവീകതയെ പ്രതിഫലിപ്പിക്കുന്ന ദൈവീക മനുഷ്യരെ രൂപപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നു. ചിലപ്പോഴൊക്കെ ഞാൻ ഒരിക്കൽ പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നുണ്ടെങ്കിലും, ഇക്കാരണത്താലാണ് ഈ നാളുകളിൽ നിരന്തരമായി ഞാൻ നിങ്ങളെ സത്യം ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഞാൻ സന്ദേശങ്ങൾ ആവർത്തിക്കുന്നത് കൊണ്ട് നിങ്ങളിൽ ചിലർക്ക് ഈ ആവർത്തനം ശല്യമായി അനുഭവപ്പെടുന്നു. ഞാൻ നിങ്ങളെ ഒരേ സത്യം വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും; ചില അലസരായ വ്യക്തികളെ ഉത്തേജിപ്പിക്കാനുള്ള ഏക മാർഗം ഇത് മാത്രമാണ്. ഇക്കാലത്ത് കൃപയുടെ എന്റെ പരിശുദ്ധാത്മാവിനെ അവിശ്വാസികൾ തള്ളിക്കളയുന്നു. എന്നാൽ അവർ ആരെയാണ് തള്ളിക്കളയുന്നതെന്ന് അവർ അറിയുന്നില്ല. തിരുലിഖിതങ്ങൾ ഇപ്രകാരം പറയുന്നു: "വിശ്വസിക്കുന്ന നിങ്ങൾക്ക് അത് അഭിമാനമാണ്; വിശ്വസിക്കാത്തവർക്ക് പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു." അത് അവർക്ക് തട്ടി വീഴ്ത്തുന്ന കല്ലും ഇടർച്ചയുള്ള പാറയും ആയിരിക്കും. എന്തെന്നാൽ, വചനത്തെ ധിക്കരിക്കുന്നവർ വിധിക്കപ്പെട്ടിരിക്കുന്നതുപോലെ തട്ടി വീഴുന്നു. വിശുദ്ധ പത്രോസിന്റെ ഒന്നാം ലേഖനം, രണ്ടാം അധ്യായം, ഏഴും എട്ടും തിരുവചനങ്ങൾ. ഈ അവിശ്വാസികൾ മൂലക്കല്ലിൽ തട്ടിത്തടഞ്ഞു വീഴുന്നു; കാരണം അവർ എന്റെ പരിശുദ്ധാത്മാവിന്റെ പ്രവർത്തികളിൽ വിശ്വസിക്കുന്നില്ല. നിശ്ചയമായും, വഴിയും സത്യവും ജീവനുമായ മൂലക്കല്ലായവനെ നിങ്ങൾക്ക് കാണിച്ചു തരാൻ കൃപയുടെ എന്റെ പരിശുദ്ധാത്മാവ് നിങ്ങളിലേക്ക് ഇറങ്ങി വരുന്നു. ഈ മൂലക്കല്ലിനെ നിങ്ങൾ തിരിച്ചറിയുന്നില്ല; നിങ്ങൾ അവനെ തള്ളിക്കളയുന്നു. മകളെ, നിന്റെ അപൂർണ്ണതകൾക്കിടയിലും എന്റെ സന്ദേശങ്ങൾ പൂർത്തീകരിക്കാൻ എനിക്ക് കഴിയും. നിന്റെ സഹനങ്ങളെ അനുഗ്രഹങ്ങളായി സ്വീകരിക്കുവിൻ. എന്റെ ജോലി പൂർത്തീകരിക്കുന്നതിനു വേണ്ടി ഞാൻ എത്രമാത്രം സഹിക്കേണ്ടി വന്നുവെന്നും, എപ്രകാരം എന്റെ മുറിവുകളിലൂടെ നിങ്ങളെല്ലാവരെയും ഞാൻ സുഖപ്പെടുത്തിയെന്നും ചിന്തിക്കുവിൻ. മറ്റുള്ളവർക്ക് വേണ്ടി പരിഹാരം ചെയ്യാനും, അതുവഴി ചെറിയ ക്രൂശിത രൂപങ്ങളായി തീരാനും തയ്യാറുള്ള മഹാമനസ്കരായ വ്യക്തികളെ എനിക്ക് അത്യാവശ്യമുണ്ട്. ഈ പരിത്യാഗ പ്രവർത്തികൾ ഒന്നും വ്യർത്ഥമായി പോവുകയില്ല. വളരെ വലിയ പരിഹാര പ്രവർത്തികൾ ചെയ്യേണ്ടിയിരിക്കുന്നു; സമയം നിർബന്ധിക്കുന്നു. അതിനാൽ, കുഞ്ഞേ, നീ തളരുമ്പോൾ എന്റെ തോളിൽ ചാരി ആശ്രയിക്കുവിൻ. നീ നിലത്ത് തളർന്നു വീഴരുത്; എന്നിൽ ആശ്രയിക്കുവിൻ. എന്റെ വസൂല, നിന്റെ കാലഘട്ടത്തിലെ മനുഷ്യരുടെ രക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. നിന്റെ ഒന്നുമില്ലായ്മയും കഴിവില്ലായ്മയും കൊണ്ട്, നിന്റെ ദൈവമായ എന്നെ സ്നേഹപൂർവ്വം തലോടുവിൻ. നിന്റെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന പ്രാർത്ഥനകളാൽ എന്നെ സ്നേഹപൂർവ്വം തലോടുവിൻ. ഞാൻ ആഗ്രഹിക്കുന്നത് ആത്മാർത്ഥതയാണ്; കടമ നിറവേറ്റുന്ന മനോഭാവത്തെ ഞാൻ ആഗ്രഹിക്കുന്നില്ല. നിന്റെ ഹൃദയമാണ് ഞാൻ ആഗ്രഹിക്കുന്നത്; പരിപൂർണ്ണയായിരിക്കുവിൻ. വരൂ, എന്റെ ദൃഷ്ടി നിന്നെ വിട്ടുപിരിയുന്നില്ല. നിങ്ങളെല്ലാവരും എന്റെ ആനന്ദമാണ്; എന്റെ സന്തോഷമാണ്. 24/12/1989. ക്രിസ്മസ് തലേദിവസം. യേശുവേ. ഇത് ഞാനാണ്. ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. എന്റെ കുഞ്ഞേ, പ്രാർത്ഥിക്കുവിൻ. നിന്നെ തന്നെ പൂർണമായി എനിക്ക് സമർപ്പിക്കുവിൻ. സ്നേഹം നിന്റെ സമീപമുണ്ട്. നീ ജനിച്ച നാൾ മുതൽ ഇന്നുവരെയും സ്നേഹം നിന്റെ സമീപം ഉണ്ടായിരുന്നു. ഇനി എന്നേക്കും സ്നേഹം നിന്നോടൊപ്പം ഉണ്ടായിരിക്കും. എന്റെ സമീപം നിലകൊള്ളുവിൻ. ആശയക്കുഴപ്പം ഉണ്ടാക്കുന്ന എല്ലാ ചിന്തകളെയും ഉപേക്ഷിക്കുവിൻ. എന്നിൽ മാത്രം ആശ്രയിക്കുവിൻ. എന്നോട് ഐക്യപ്പെട്ട് ഒന്നായി തീരുവിൻ. സർവ്വശക്തനായ ദൈവമേ, എന്റെ അടങ്ങാത്ത സ്നേഹദാഹം ശമിപ്പിക്കണമേ. റൊമാനിയയിലെ കമ്മ്യൂണിസത്തിന്റെ തകർച്ച. എന്റെ പുഷ്പമേ, ഞാനാണ് ലോകത്തിന്റെ പ്രകാശം. ആഹ്ലാദത്തോടെ ഗാനം ആലപിക്കുവിൻ. ആനന്ദഗീതം പാടുവിൻ. കാരണം, യേശുവായ ഞാനാണ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്. ഓരോ ദേവാലയത്തിന്റെ മുകളിലും എന്റെ കുരിശ് സ്ഥാപിക്കപ്പെടും. നീ കാണുന്നില്ലേ? എനിക്ക് ഒരു ആന്തരിക ദർശനം ലഭിച്ചു. രണ്ടുമൂന്നു ആളുകൾ ചേർന്ന് വലിയൊരു കുരിശ് ഒരു ദേവാലയത്തിന്റെ മുകളിൽ യഥാസ്ഥാനത്ത് ഉറപ്പിക്കുന്നു. ഒരു സാർവത്രികമായ സമാധാനം ഉടൻ വന്നുചേരും. സമാധാനം ജനിക്കാൻ ആരംഭിക്കുന്നു. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ജന്മത്തിനുവേണ്ടി പ്രാർത്ഥിക്കുവിൻ. ഈ നാളുകളിൽ അതിന്റെ ഈറ്റുനോവ് ഭൂമിയിൽ പ്രകടമായി തുടങ്ങിയിട്ടുണ്ട്. എന്റെ പ്രിയപ്പെട്ടവരെ, ഈ ഈറ്റുനോവാണ് എന്റെ സ്നേഹത്തിന്റെ ആദ്യ സൂചനകൾ. ഒരു മാസം മുമ്പ്, നവംബർ 4, 1989-ലെ സന്ദേശത്തിൽ, നമ്മുടെ പരിശുദ്ധ മാതാവ് റൊമാനിയയുടെ സ്വാതന്ത്ര്യത്തെ സൂചിപ്പിച്ചിരുന്നു. സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും അധിപതി ഞാനാണ്. ഞാൻ സർവ്വശക്തനാണെന്ന് എല്ലാ ജനതകളെയും എന്റെ ശക്തിയാൽ ഞാൻ കാണിച്ചു കൊടുക്കും. നിങ്ങളെ അടിമകളാക്കി തീർത്തവരെ എന്റെ നിശ്വാസത്താൽ ഞാൻ കീഴ്മേൽ മറിച്ചിടുമെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. സർവ്വവും എന്റെ ശക്തിക്ക് അധീനമാണെന്ന് ഓരോ ജനതയും മനസ്സിലാക്കട്ടെ. ഒറ്റ നിശ്വാസത്താൽ ഞാൻ നിർവഹിച്ചത് എന്റെ മഹത്വത്തിനു വേണ്ടിയായിരുന്നു. എന്റെ കല്പനയെ തുടച്ചുനീക്കാൻ ആർക്കും കഴിയുകയില്ല. തടവുകാരെ തടവറയിൽ നിന്ന് മോചിപ്പിച്ച് രക്ഷിക്കാൻ വന്നത് കർത്താവായ ഞാനാണെന്ന് എല്ലാ ജനതകളും അറിയട്ടെ. നിങ്ങളുടെ ശത്രുക്കളെ നിത്യമായ ലജ്ജയ്ക്ക് പാത്രമാക്കിയത് കർത്താവായ ഞാനാണ്. ഇതുകൊണ്ട് മാത്രം തീർന്നിട്ടില്ല. നിന്റെ സഹോദരിയായ റഷ്യയുമായി സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ ഒരു ഉടമ്പടി ഞാൻ ഒപ്പുവയ്ക്കും. അവളുടെ അകൃത്യങ്ങൾ ഞാൻ മറന്നുകളയും. അവളെ ഞാൻ വീണ്ടും എന്റെ മണവാട്ടിയാക്കും. അവളുടെ ഹൃദയത്തിൽ നിന്ന് ഈ ഗാനം പുറപ്പെടും. കർത്താവിനോടുള്ള എന്റെ സ്നേഹം ഞാൻ എന്നേക്കും നിലനിർത്തും. എന്റെ ദൈവവുമായിട്ടുള്ള എന്റെ ഉടമ്പടി എന്നേക്കും നിലനിൽക്കും. ഈ മഹത്വപൂർണ്ണമായ നിമിഷത്തിനുവേണ്ടി എന്റെ അന്തരംഗം ദാഹിച്ചിരിക്കുകയായിരുന്നു. നിന്റെ സഹോദരിയായ റഷ്യയിലെ മാറ്റത്തിലൂടെ ആകാശത്തിന് കീഴെയുള്ള സകല ജനതകൾക്കും എന്റെ പ്രതാപവും എന്റെ മഹത്വവും കാണിച്ചു കൊടുക്കുമെന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. എന്റെ സൗന്ദര്യത്താലും എന്റെ സത്യസന്ധതയാലും ഞാൻ റഷ്യയെ അലങ്കരിക്കും. അവളെ, റഷ്യൻ ഓർത്തഡോക്സ് സഭയെ, ഞാൻ അവളുടെ സഹോദരനായ റോമൻ കത്തോലിക്കാ സഭയുടെ മുന്നിൽ കൊണ്ടുവരും. ഇത് റോമൻ കത്തോലിക്കാ സഭ, റഷ്യൻ ഓർത്തഡോക്സ് സഭയിലുള്ള എന്റെ സൗന്ദര്യവും എന്റെ സത്യസന്ധതയും കാണേണ്ടതിനാണ്. മകളെ, നിന്റെ സഹോദരി റഷ്യയുടെ മാനസാന്തര വിവാഹ ആഘോഷം താമസിയാതെ സംഭവിക്കും. പീഡിതരെ സമാശ്വസിപ്പിക്കുന്നതിനും, തടവുകാരെ അവരുടെ തടവറകളിൽ നിന്ന് മോചിപ്പിക്കുന്നതിനും, അന്ധകാരത്തിൽ കഴിയുന്നവരെ അവരുടെ ഇരുട്ടറകളിൽ നിന്ന് വിമോചിപ്പിക്കുന്നതിനും വേണ്ടി, ഈ കാലഘട്ടത്തിലെ ദൈന്യതയും ദുരിതവും നിറഞ്ഞ അവസ്ഥയിലേക്ക് ഇറങ്ങി വരുന്നവനാണ് ഞാനെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. ചുവന്ന വ്യാളിയുടെ വായിൽ നിന്ന് നിന്നെ രക്ഷിക്കാൻ ഇറങ്ങി വരുന്ന നിന്റെ രക്ഷകനാണ് ഞാൻ. എന്റെ പ്രാവുകളെ, നിങ്ങളെ തടവിലാക്കിയിരിക്കുന്ന നിങ്ങളുടെ കൂടുകളെ തകർത്തുകൊണ്ട് നിങ്ങളെ സ്വതന്ത്രരാക്കാൻ വരുന്നത് നിങ്ങളുടെ യേശുവായ ഞാനാണ്. നിങ്ങളെ ഒരിക്കലും പരിത്യജിച്ചിട്ടില്ലാത്ത നിങ്ങളുടെ പരിശുദ്ധനായ ദൈവമാണ് ഞാൻ. നിങ്ങളുടെ റൊമാനിയയുടെ വാതിലുകൾ എനിക്കെതിരെ അടയ്ക്കുകയില്ലെന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. വസൂല, അപമാനത്താലും നിന്ദനത്താലും ഈ ദുഷിച്ച ശക്തികളെ ഞാൻ കീഴ്മേൽ മറിച്ചിടും. ഈ ദുഷിച്ച ശക്തികളാണ് എന്റെ സഭയെ ഇടിച്ചു തകർത്തതും, തൽസ്ഥാനത്ത് തുറന്ന ശവക്കുഴികൾ തീർത്തതും. എന്റെ പ്രകാശം നിന്റെ സഹോദരിയായ റഷ്യയെയും അവളുടെ എല്ലാ അയൽ രാജ്യങ്ങളെയും ഉയർപ്പിക്കും. തടവറകളായ എല്ലാ കൂടുകളും ഞാൻ തകർക്കും. അങ്ങനെ നിങ്ങളെ ഞാൻ സ്വതന്ത്രരാക്കും. രക്ഷയും സ്വാതന്ത്ര്യവും എന്നിൽ നിന്ന് മാത്രമാണ് വരുന്നതെന്ന് ഗ്രഹിക്കുവിൻ. നിന്റെ സഹോദരിയായ റഷ്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. അവളുടെ അയൽ രാജ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. എന്റെ കർത്താവേ, അങ്ങ് ഇപ്രകാരം പറഞ്ഞിരിക്കുന്നു: "ഇവർ നിന്ദയോടും പരിഹാസത്തോടും കൂടെ അവനെതിരെ തിരിഞ്ഞു പറയും. സ്വന്തമല്ലാത്തവ കൊന്നുകൂട്ടുന്നവന് എത്ര നാളത്തേക്കാണത്? പണയവസ്തുക്കൾ വാരിക്കൂട്ടുന്നവന് ഹാ കഷ്ടം! നിന്റെ കടക്കാർ പാഞ്ഞടിക്കുകയും നിന്നെ ഭയാധീനനാക്കുന്നവൻ ഉണരുകയും ചെയ്യുകയില്ലേ? അപ്പോൾ നീ അവർക്ക് കൊള്ളവസ്തുവായി തീരും." ഹബക്കുക്കിന്റെ പുസ്തകം, രണ്ടാം അധ്യായം, ആറു മുതൽ ഏഴ് വരെയുള്ള വാക്യങ്ങൾ. യഥാർത്ഥത്തിൽ, ഇതാണ് റൊമാനിയയിൽ സംഭവിച്ചത്. എന്നാൽ നിഷ്കളങ്കരായ മനുഷ്യർ തങ്ങളുടെ രക്തം കൊണ്ട് അതിനു വില കൊടുത്തു. നിങ്ങളുടെ കാലഘട്ടത്തിലെ സാത്താന്റെ കോപവറിയുടെ ഇരകളായ എല്ലാ വിശുദ്ധ രക്തസാക്ഷികളും എന്നോടൊപ്പം ഉണ്ടെന്ന് ബോധ്യപ്പെടുവിൻ. ഇരകളായി നാശമടഞ്ഞവർ എല്ലാവരും എന്നോടൊപ്പമുണ്ട്. തന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണെന്ന് മനസ്സിലാക്കിയ സാത്താൻ, അവശേഷിച്ചിട്ടുള്ള എന്റെ എല്ലാ പുഷ്പങ്ങളെയും ഉന്മൂലനം ചെയ്യാൻ ഉദ്ദേശിക്കുന്ന തരത്തിൽ, അത്ര ഉഗ്രമായ കോപവറിയോടെയാണ് നാശം വിതച്ചത്. യേശു ഉന്നതത്തിൽ നിന്ന് റൊമാനിയയെ നോക്കി. കുഞ്ഞേ, റൊമാനിയ, കരയരുത്. കാരണം, കർത്താവായ ഞാൻ നിന്റെ നാശാവശിഷ്ടങ്ങളെ പണിതുയർത്തും. എന്റെ നാമത്തിന് സാക്ഷ്യം വഹിക്കാനുള്ള സാക്ഷികളെ ഞാൻ നിന്നിൽ വർദ്ധിപ്പിക്കും. എന്റെ നാമത്തിൽ വലിയ കാര്യങ്ങൾ കാണാൻ ഞാൻ നിന്നെ ഇടയാക്കും. അവസാനം, നീ സ്വതന്ത്രയായിരിക്കുന്നു. നിന്റെ രക്ഷകനായ എന്റെ അടുക്കലേക്ക് വരാനുള്ള സ്വാതന്ത്ര്യമാണിത്. എന്റെ തിരുഹൃദയത്തിൽ വസിക്കാനുള്ള സ്വാതന്ത്ര്യമാണിത്. എന്റെ പ്രകാശത്താൽ നിന്റെ ശത്രുക്കളായ എന്റെ ശത്രുക്കളെ ഞാൻ പിന്തുടരും. നിനക്ക് നഷ്ടപ്പെട്ടിരിക്കുന്ന നിന്റെ മക്കളെ ഓർത്ത് നീ കരയേണ്ട. കാരണം, അവർ ഓരോരുത്തരെയും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ടെന്ന് ഞാൻ നിന്നോട് ഇപ്പോൾ പറയുന്നു. കരുണാസമ്പന്നനായ ദൈവമായ നമ്മുടെ കർത്താവ് വാഴ്ത്തപ്പെടട്ടെ. എന്തെന്നാൽ, അവിടുന്ന് തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു. അവിടുന്ന് അവരുടെ രക്ഷക്കായി വന്നിരിക്കുന്നു. അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും വസിച്ചിരിക്കുന്നവർക്ക് പ്രകാശം നൽകാൻ അവൻ വന്നിരിക്കുന്നു. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ പാതയിൽ നമ്മുടെ പാദങ്ങളെ നയിക്കാൻ വന്ന ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. ആമേൻ.