ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG artwork

ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG · ദൈവത്തിലുള്ള യഥാർത്ഥ ജീവിതം

Ep 109: പരിശുദ്ധി ഒരു ദിവസം കൊണ്ട് വരുന്നതല്ല

Ep 109: പരിശുദ്ധി ഒരു ദിവസം കൊണ്ട് വരുന്നതല്ല പരിശുദ്ധി ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ലെന്നും, തടസ്സങ്ങളും ചെറിയ കുരിശുകളും നിറഞ്ഞ പാതയിലൂടെ തന്നോടൊപ്പം യാത്ര തുടരണമെന്നും യേശു പറയുന്നു. താൻ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദൈവമാണെന്നും ആരോടും അവരുടെ കഴിവിനേക്കാൾ കൂടുതൽ ആവശ്യപ്പെടില്ലെന്നും അവിടുന്ന് പറയുന്നു. ഈ എപ്പിസോഡിൽ: 00:00 ആമുഖം 00:21 06/12/1989 - ക്ഷമയും ധൈര്യവും; എന്റെ കുരിശ് 04:53 07/12/1989 - ഏക കർത്താവ്, ഏക വിശ്വാസം, ഐക്യം 05:52 യുവജനങ്ങൾക്കുള്ള യോഗത്തിലെ സന്ദേശം 12:20 13/12/1989 - ചെറുതായി നിലകൊള്ളുവിൻ 13:19 14/12/1989 - അമ്മയെപ്പോലെ പിതാവിന്റെ സംരക്ഷണം 14:08 16/12/1989 - വിശുദ്ധി ഒറ്റ ദിവസം കൊണ്ടല്ല 15:38 17/12/1989 - എന്നോട് ഐക്യപ്പെട്ട് ഒന്നായി തീരുവിൻ 'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം! 1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു! ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്: YouTube: https://www.youtube.com/@tlig-malayalam Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433 കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ! ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today! നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/ ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ! കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!. #TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #പരിശുദ്ധിയുടെപാത #കുരിശുംസ്നേഹവും #TrueLifeInGod109

Nov 192026
19 minlength
1transcript lines
Publishertranscript source

Transcript first 1 of 1 lines

എപ്പിസോഡ് 109. 6/12/1989. എന്റെ കർത്താവേ, അങ്ങേയ്ക്ക് ഇഷ്ടമാണെങ്കിൽ, ജോബിനെപ്പോലെ ക്ഷമയോടെ അങ്ങയോടൊട്ടിചേർന്നിരിക്കാൻ എന്നെ പഠിപ്പിക്കണമേ. എന്നിൽ ആശ്രയിക്കുവിൻ; ഞാൻ നിന്നെ എന്റെ ക്ഷമ പഠിപ്പിക്കാം. എന്റെ കർത്താവേ, അങ്ങേയ്ക്ക് ഇഷ്ടമാണെങ്കിൽ, അങ്ങയുടെ ശിഷ്യന്മാരെ അങ്ങ് ധൈര്യപ്പെടുത്തിയതുപോലെ എന്നിലും അങ്ങ് ധൈര്യം പകരണമേ. എന്റെ പുഷ്പമേ, ഞാൻ എന്റെ കുരിശ്, അതിന്റെ അപമാനം അവഗണിച്ചുകൊണ്ട്, എങ്ങനെ ഏറ്റെടുത്തു സഹിച്ചെന്ന് ഞാൻ നിന്നെ ഓർമ്മിപ്പിക്കാം. അപ്പോൾ ധൈര്യത്തിന്റെ കുറവ് കൊണ്ട് നീ നിന്റെ ദൗത്യം ഉപേക്ഷിക്കുകയില്ല; നിന്നെ നയിക്കുന്നത് എന്റെ പരിശുദ്ധാത്മാവാണ്. നിരീശ്വരവാദത്തെ അവസാനിപ്പിക്കണമെന്നതാണ് എന്റെ ലക്ഷ്യം. എന്റെ കുഞ്ഞേ, അനേകർ എന്റെ സ്വരം ശ്രവിക്കുകയില്ല, കാരണം നിങ്ങളുടെ തലമുറയ്ക്ക് എളിമയില്ല. ബലഹീനരായ ഉപകരണങ്ങളിലൂടെ എന്റെ മക്കളെ ഞാൻ സമീപിച്ച ഓരോ പ്രാവശ്യവും, എന്റെ സ്വന്തപ്പെട്ടവരിൽ അനേകർ എന്റെ സ്വരത്തെ നിശബ്ദമാക്കി കളഞ്ഞു. മകളേ, എന്റെ ദൈവീക പ്രവർത്തികളുടെ ഫലങ്ങൾ അവർ അംഗീകരിക്കാതെ, എന്നിൽ വിശ്വസിക്കാൻ നിരസിച്ചതുകൊണ്ട്, അവരുടെ വിവേകം അവിവേകമായി മാറി. ഞാൻ മുമ്പ് പറഞ്ഞതുപോലെ, അവർ എന്റെ ആടുകളിൽ പെടാത്തവരായതുകൊണ്ടാണ് അവർ എന്നിൽ വിശ്വസിക്കാത്തത്. എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു; ഞാൻ അവയെയും അവ എന്നെയും അറിയുന്നു. അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. അതിനാൽ ഇക്കൂട്ടരുടെ കാര്യത്തിൽ പ്രവചനങ്ങൾ നിറവേറിക്കൊണ്ടിരിക്കുന്നു. അവർ നിങ്ങളോട് പറഞ്ഞിട്ടുണ്ട്: തങ്ങളുടെ ദുഷ്ടമായ അധമ വികാരങ്ങൾക്ക് അടിമപ്പെട്ടു ജീവിക്കുന്ന പരദൂഷകർ അവസാന നാളുകളിൽ വരും. പരിശുദ്ധാത്മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണ് ഭിന്നിപ്പുണ്ടാക്കുന്നത്. വിശുദ്ധ യൂദാസിന്റെ ലേഖനം, ഒന്നാം അധ്യായം, 18-ഉം 19-ഉം തിരുവചനങ്ങൾ. സാർദീസിലെ സഭയുടെ ദൂതൻ എഴുതുക: ദൈവത്തിന്റെ സപ്താത്മാക്കളും സപ്ത താരങ്ങളും ഉള്ളവൻ പറയുന്നു, "നിന്റെ ചെയ്തികൾ ഞാൻ അറിയുന്നു; ജീവിച്ചിരിക്കുന്നവൻ എന്നാണ് നിന്നെക്കുറിച്ച് പറയുന്നത്, പക്ഷേ നീ മൃതനാണ്." ഉണരുക; നിന്നിൽ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക; എന്തെന്നാൽ എന്റെ ദൈവത്തിന്റെ മുമ്പിൽ നിന്റെ പ്രവർത്തികൾ പൂർണ്ണമായും നിർവഹിക്കപ്പെട്ടതായി ഞാൻ കാണുന്നില്ല. വെളിപാടിന്റെ പുസ്തകം, മൂന്നാം അധ്യായം, 1-ഉം 2-ഉം തിരുവചനങ്ങൾ. അവർ മൃതരായി കഴിയുന്നു എന്ന് മാത്രമല്ല, എന്റെ മക്കൾ എന്റെ സ്വർഗീയ അപ്പം ഭക്ഷിക്കുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യുന്നു. ഞാനാണ് അവരെ ഭരിക്കുന്നതെന്നും, എനിക്ക് ഇഷ്ടമുള്ളവരുടെ മേൽ കൃപയുടെ എന്റെ ആത്മാവിനെ ഞാൻ വർഷിക്കുമെന്നും, മനുഷ്യവർഗ്ഗത്തിൽ ഏറ്റവും നിസ്സാരരായവരെ ഞാൻ അഭിഷേകം ചെയ്ത് ഉയർത്തുമെന്നും അവർ വിസ്മരിക്കുന്നു. അവരുടെ ദുഷ്ടതയിൽ അവർ എനിക്കെതിരെ വാതിലടച്ചു കളയുന്നു. ഈ തലമുറയുടെ എല്ലാ പ്രതീക്ഷകളെയും ഇല്ലാതാക്കിക്കൊണ്ട്, എന്റെ മാലാഖമാരോട് അവർ വിരോധം പുലർത്തുന്നു. ഭൂമിയിൽ വച്ച് പരീശർ എന്നോട് പെരുമാറിയതുപോലെയാണ് അവർ കൃപയുടെ എന്റെ പരിശുദ്ധാത്മാവിനോടും പെരുമാറുന്നത്. എന്റെ വസൂല, എന്റെ പ്രിയപ്പെട്ട ദേഹി, ധൈര്യമായിരിക്കുവിൻ; സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ കുരിശ് വഹിക്കാൻ പങ്കുചേരുന്നതിന്, എന്റെ വഴിയിൽ ഞാൻ നിങ്ങൾ എല്ലാവരെയും നിർത്തിയിരിക്കുന്നു. യേശുവിന്റെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാൻ പരിശ്രമിക്കുന്നവരെയാണ് യേശു ഇവിടെ ഉദ്ദേശിച്ചത്. കർത്താവേ, അപ്പോൾ എക്സിന്റെ കാര്യം എന്താണ്? അവനും എന്റെ സ്നേഹത്തിന്റെ ബലിയായവനാണ്; എനിക്കുവേണ്ടി ബലിയായവൻ; അസൂയാവഹമായ സ്നേഹത്തിന് ബലിയായവൻ. സന്തോഷിക്കുവിൻ. എക്സ് എന്ന് സൂചിപ്പിച്ച വ്യക്തിയെപ്പറ്റിയാണ് താഴെ സന്ദേശത്തിൽ പറയുന്നത്. ഗത്സ്മനിയിലെ എന്റെ തീവ്രമായ മനോവ്യഥ നീ ഇതിനോടകം അനുഭവിക്കുന്നുണ്ടല്ലോ. എന്നാൽ എന്നിൽ വിശ്വസിക്കുവിൻ; എന്നിൽ ആശ്രയിക്കുവിൻ; കാരണം എന്റെ കുരിശ് നിന്നോടൊപ്പം പങ്കുവെക്കാൻ അവസാനം വരെ ഞാൻ നിന്റെ സമീപത്തുണ്ട്. ഞാനും നിങ്ങളും, എന്റെ പ്രിയപ്പെട്ടവരെ, നിങ്ങളും ഞാനും. നമ്മൾ ഒരുമിച്ച് പരിശ്രമിക്കും; ഞാൻ നിങ്ങളോട് പറയുന്നു, മലകൾ ഇളകിയേക്കാം, താഴ്വരകൾക്ക് മാറ്റം വന്നേക്കാം, എന്നാൽ എന്റെ സ്നേഹം നിങ്ങളെ വിട്ടുപിരിയുകയില്ല. നിങ്ങളോടുള്ള എന്റെ സ്നേഹം അചഞ്ചലമാണ്; നിങ്ങളോടുള്ള എന്റെ വിശ്വസ്തത മാറ്റമില്ലാത്തതാണ്. എന്നിൽ ആശ്രയിക്കുവിൻ; ഞാൻ നിന്റെ ദേഹിക്ക് വിശ്രമം നൽകും; എന്നാൽ എന്റെ ദേഹി തളരുമ്പോൾ എനിക്ക് വിശ്രമം നൽകണമെന്ന് നിങ്ങളോട് ചോദിക്കാൻ എന്നെ അനുവദിക്കുവിൻ. എനിക്ക് അല്പം വിശ്രമിക്കാൻ, എന്റെ കുരിശ് നിങ്ങളുടെ തോളുകളിൽ ഇറക്കിവെക്കാൻ എന്നെ അനുവദിക്കുവിൻ. കർത്താവായ ഞാൻ എന്റെ സാന്നിധ്യം നിങ്ങളെ ഓർമ്മിപ്പിക്കും. സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുവിൻ; സ്നേഹം നിങ്ങളെ സ്നേഹിക്കുന്നു. എന്നെ സ്നേഹിക്കുവിൻ; സ്നേഹത്തിനുവേണ്ടി സ്നേഹപൂർവ്വം സുവിശേഷം പ്രഘോഷിക്കുവിൻ. 7/12/1989. അങ്ങ് ഏക കർത്താവായതിനാൽ, ഞങ്ങളെ ഏക വിശ്വാസത്തിലേക്കും ഏക ജ്ഞാനസ്നാനത്തിലേക്കും കൊണ്ടുവരണമേ. കർത്താവേ, അങ്ങ് എല്ലാവരുടെയും പിതാവായ ഏകദൈവമാണ്; അങ്ങ് എല്ലാവർക്കും മുകളിലാണ്; അങ്ങ് എല്ലാവരിലൂടെയും പ്രവർത്തിക്കുന്നു; അങ്ങ് എല്ലാവരിലും ഉള്ളവനാണ്. കർത്താവേ, ഐക്യത്തിൽ എത്താൻ ഞങ്ങൾ അശക്തരാണ്; ഞങ്ങൾ കഠിനഹൃദയരായ പിടിവാശിക്കാരാണ്. കർത്താവേ, അങ്ങ് ഞങ്ങളെ ഈ അവസ്ഥയിൽ തന്നെ വിട്ടുപേക്ഷിക്കുമോ? നിങ്ങളെല്ലാവരും ഒരു ഐക്യത്തിൽ എത്താൻ വേണ്ടി പ്രാർത്ഥിക്കുവിൻ. നിങ്ങളുടേതായ തീരുമാനങ്ങൾ നിങ്ങൾ തന്നെ എടുക്കാനുള്ള സ്വാതന്ത്ര്യം നൽകിക്കൊണ്ടാണ് ഞാൻ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. എന്നോട് വിശ്വസ്തരായി ജീവിച്ചുകൊണ്ട് എന്റെ കല്പനകൾ പാലിക്കുക എന്നത് നിങ്ങളുടെ അധികാരത്തിൽ പെടുന്ന കാര്യമാണ്. പാപം ചെയ്യാൻ ഞാൻ നിങ്ങളോട് ഒരിക്കലും കൽപ്പിച്ചിട്ടില്ല. അതുകൊണ്ട് ഈ തലമുറയിൽ ഉള്ളവർ തങ്ങളുടെ വലതുകരവും ഇടതുകരവും തിരിച്ചറിയാനുള്ള ജ്ഞാനം പ്രാപിക്കേണ്ടതിന് പ്രാർത്ഥിക്കുവിൻ. യുവജനങ്ങൾക്ക് വേണ്ടിയുള്ള ഒരു യോഗത്തിന് നൽകപ്പെട്ട സന്ദേശം. ഞാൻ നിങ്ങളോട് കൽപ്പിച്ചിട്ടുള്ളതുപോലെ, നിങ്ങൾ എല്ലാ മനുഷ്യർക്കും എന്നെ വെളിപ്പെടുത്തുവിൻ. ഞാൻ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദൈവമാണ്; ഞാൻ സങ്കീർണമായ ദൈവമല്ല. ഒരിക്കലും ഞാൻ ആരെയും മരണത്തിലേക്ക് വേട്ടയാടുന്നില്ല. ഒരിക്കലും ഒരു വ്യക്തിയോടും അയാളുടെ കഴിവിനേക്കാൾ കൂടുതൽ ഞാൻ യാതൊന്നും ആവശ്യപ്പെടില്ല; ഞാൻ കൊടുക്കുന്നതും ചോദിക്കുന്നതും അതനുസരിച്ചാണ്. ഒരു വ്യക്തിയുടെയും കഴിവിനതീതമായ കാര്യങ്ങൾ ഞാൻ അയാളോട് ചോദിക്കുകയില്ല. ഓരോ വ്യക്തിയിൽ നിന്നും ഞാൻ ആഗ്രഹിക്കുന്നത് സ്നേഹത്തിന്റെ ഒരു മടക്കിത്തരലാണ്; ഒരു പുഞ്ചിരി, സ്നേഹം നിറഞ്ഞ ഒരു വിചാരം, സ്നേഹമുള്ള ഒരു വാക്ക്, ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന ആത്മാർത്ഥമായ സംഭാഷണം. ഇതൊക്കെ ദശലക്ഷക്കണക്കിന് പ്രാർത്ഥനകളെപ്പോലെ ഞാൻ സ്വീകരിക്കുന്നു. ഇവയ്ക്കെല്ലാം വളരെ വലിയ പ്രാധാന്യമുണ്ട്; ഒരു ചിന്തയ്ക്ക് പോലും ഞാൻ അതിനെ വളരെ വിലപ്പെട്ടതായി കരുതും. ഞാൻ ഓരോ വ്യക്തിയെയും യാതൊരു വ്യവസ്ഥയുമില്ലാതെ അനന്തമായി സ്നേഹിക്കുന്നു. ഞാൻ വളരെ വാത്സല്യം നിറഞ്ഞ ശാന്തശീലനായ ദൈവമാണ്; എന്റെ മക്കളോട് ഞാൻ സൗമ്യനാണ്. എന്നെ കർക്കശക്കാരനായ ക്ഷിപ്രകോപിയായ ദൈവമായി അവതരിപ്പിക്കുന്നവർ എന്റെ സഭയെ നശിപ്പിക്കുന്നവരാണ്. ഞാൻ ക്ഷമാശീലനും കോപിക്കുന്നതിൽ മന്ദഗതിക്കാരനും ക്ഷമിക്കുന്നതിലും മറക്കുന്നതിലും ക്ഷിപ്ര സ്വഭാവമുള്ളവനുമാണ്. ഞാൻ വിശുദ്ധരെ മാത്രം അന്വേഷിക്കുന്നവനാണെന്ന് ആരും പറയാതിരിക്കട്ടെ; രോഗികളെയും നികൃഷ്ടരായ മനുഷ്യരെയും അന്വേഷിച്ചു പോകുന്നവനാണ് ഞാൻ. അവരുടെ നികൃഷ്ടാവസ്ഥ എന്നെ ആകർഷിക്കുന്നു; എന്നെ സമീപിക്കാനുള്ള അവരുടെ കഴിവില്ലായ്മ അവരെ എന്നിലേക്ക് വലിച്ചടുപ്പിച്ച് എന്റെ ഹൃദയത്തോട് ചേർത്തു പിടിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു. ഞാൻ യേശുവാണ്; യേശു എന്നതിനർത്ഥം രക്ഷകൻ എന്നാണ്. ഞാൻ വന്നിരിക്കുന്നത് രക്ഷിക്കാനാണ്, കുറ്റം വിധിക്കാനല്ല. പിന്നീട്. എന്റെ കുഞ്ഞേ, ഈ പ്രത്യേക രീതിയിൽ നിന്നെ സമീപിക്കുന്നത് യേശുവായ ഞാനാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ? അതെ, കർത്താവേ, ഞാൻ വിശ്വസിക്കുന്നു. നിന്റെ ചുറ്റും നീ എപ്പോഴും കാണുന്നത് യേശുവായ ഞാനാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ? അതെ, കർത്താവേ, ഞാൻ വിശ്വസിക്കുന്നു. കർത്താവേ, അങ്ങ് എന്തുകൊണ്ടാണ് എന്നെ ഇങ്ങനെ ചോദ്യം ചെയ്യുന്നത്? കുഞ്ഞേ, നിന്റെ മറുപടി നിന്റെ അധരങ്ങളിൽ നിന്ന് തന്നെ കേൾക്കാൻ വേണ്ടിയാണ് ഞാൻ ചോദിച്ചത്. സന്തോഷവതി ആയിരിക്കുവിൻ; എന്നെ സ്തുതിക്കുവിൻ, കാരണം നീ എന്റെ പിതാവിന്റെ അനുഗ്രഹത്തിന്റെ തണലിലാണ്. എന്നിരുന്നാലും, നീ നിരന്തരം പരിശ്രമിക്കുകയും നിന്റെ ദേഹിയെ സ്ഥിരമായി എന്നിലേക്ക് ഉയർത്തുകയും വേണം. നിന്റെ ആന്തരിക നേത്രങ്ങൾ കൊണ്ട് എന്നെ ദർശിക്കുവാനും, നിന്റെ ആന്തരിക കാതുകൾ കൊണ്ട് എന്റെ സ്വരം വിവേചിച്ച് ശ്രവിക്കാനും ഞാൻ നിനക്ക് കൃപാവരം നൽകിയിട്ടുണ്ട്. ഇനിമേൽ നീ ലോകത്തിന്റേതല്ലാത്തതിനാൽ, നിന്നെ നിയന്ത്രിക്കാൻ ലോകത്തെ നീ അനുവദിക്കരുത്. എന്റെ ജ്ഞാനം നിന്റെ അറിവിനെ വികസിപ്പിക്കും. ഞാൻ നിന്നോട് സൗമ്യനായിരിക്കുന്നതുപോലെ, നീയും പാവപ്പെട്ടവരോട് സൗമ്യതയോടെ പെരുമാറുവിൻ. പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷിക്കുവിൻ; ഒരു പിതാവും തന്റെ കുഞ്ഞിനെ മരുഭൂമിയിൽ ഉപേക്ഷിക്കുകയില്ല. അതിനാൽ, ഞാൻ നിന്നോട് ക്ഷമയുള്ളവനായിരിക്കുന്നതുപോലെ, നീയും എല്ലാവരോടും ക്ഷമയോടെ പെരുമാറുവിൻ. മകളേ, നിന്റെ കഴിവിനതീതമായ കാര്യങ്ങൾ അന്വേഷിക്കുവാൻ ഉദ്യമിക്കരുത്; കാരണം നിന്റെ അഹന്ത നിറഞ്ഞ ധാരണയാൽ നീ തെറ്റിദ്ധരിക്കുകയും, അതുവഴി മറ്റുള്ളവരെ നീ വഴിതെറ്റിക്കുകയും ചെയ്യാം. എന്നിൽ വിശ്വസിക്കുവിൻ; നിനക്ക് ഉൾക്കൊള്ളാൻ കഴിയുന്ന അറിവ് ഞാൻ നിനക്ക് നൽകും. ഒരിക്കലും മറ്റുള്ളവരുടെ വാക്കുകളല്ല, നേരെ മറിച്ച് എന്റെ വാക്കുകൾ ശ്രവിക്കുവിൻ. നീ തളരുമ്പോൾ എന്റെ തോളിൽ ചാരി ആശ്രയിക്കുവിൻ; എന്റെ തോൾ ആയിരിക്കട്ടെ നിന്റെ തലയിണ, എന്റെ തിരുഹൃദയം ആയിരിക്കട്ടെ നിന്റെ ഭവനം. പിന്നീട്. എന്നിൽ നിന്ന് ഭക്ഷിക്കുവിൻ; എന്നിൽ നിന്ന് പഠിക്കുവിൻ; എന്റെ മക്കളെ ആശ്വസിപ്പിക്കുവിൻ. ഇപ്പോൾ നീ എഴുതാമോ? ഞാൻ ആത്മനായ യേശുവിനോട് ചേർന്നിരിക്കുകയായിരുന്നു; ഈ അനുഭവം വിടാൻ ഞാൻ ഒരുക്കമല്ലായിരുന്നു. നീ എന്നോട് ചേർന്നിരിക്കുന്നത് എനിക്ക് സന്തോഷമാണ്. ദൈവഭക്തി നിന്റെ കണ്ണുകളെ തുറപ്പിക്കുകയും, നിന്റെ ദേഹിയെ ഉറങ്ങി മയങ്ങി പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും. ഞാൻ നിന്നെ മരിച്ചവരിൽ നിന്നും, മരിച്ച് ചീഞ്ഞഴിഞ്ഞുപോയവരിൽ നിന്നും ഉയർപ്പിച്ചതിൽ നീ സന്തോഷിക്കുവിൻ. യേശുവേ, ഞാൻ മുമ്പ് അങ്ങയോട് ചോദിച്ചതുപോലെ, വീണ്ടും ഇപ്പോഴും ചോദിക്കുകയാണ്. അങ്ങ് എന്നോട് ചെയ്തതുപോലെ, മരിച്ചവരോടും, മരിച്ച് ജീർണിച്ചു പോയവരോടും അങ്ങ് പ്രവർത്തിക്കണമേ; അവരെ ജീവനിലേക്ക് ഉയർപ്പിച്ച്, അങ്ങയുടെ പ്രകാശത്തിൽ ജീവിക്കാൻ അനുവദിക്കണമേ. ഉദ്ധിതനായവന്റെ മുമ്പിൽ വിജയം മരണത്തെ പരാജയപ്പെടുത്തും; എന്തെന്നാൽ ഞാനാണ് ജീവൻ. ഞാൻ പുനരുദ്ധാനവും ജീവനും തന്നെയാണ്. എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ടായിരിക്കും. വരൂ, എന്റെ വിശുദ്ധ കുർബാനയുടെ രഹസ്യത്തെക്കുറിച്ച് ഞാൻ നിനക്ക് കൂടുതൽ വെളിപ്പെടുത്തലുകൾ നൽകാം. ഈ രീതിയിൽ എന്നോടൊപ്പം ചേർന്നിരിക്കുന്നതിനും, എന്റെ വചനങ്ങൾ എഴുതാൻ നിന്നെ ഉപയോഗപ്പെടുത്താൻ എന്നെ അനുവദിക്കുന്നതിനും ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. എന്റെ വസൂല, കൂടുതലായി പരിശ്രമിക്കുവിൻ; യാതൊന്നും വ്യർത്ഥമായി പോവുകയില്ല. വരൂ, നിന്റെ എല്ലാ പ്രവർത്തികളിലും ഞാൻ നിന്നെ സഹായിക്കും; ഉറച്ചുനിൽക്കുവിൻ. ഉറച്ചുനിൽക്കുവിൻ എന്ന് യേശു പറഞ്ഞതിന് കാരണം, ഞാൻ യേശുവിനെ ശ്രവിച്ച് സന്ദേശം എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ, പിശാച് വന്ന് ഈ സന്ദേശങ്ങളെല്ലാം എന്റെ ഉപബോധ മനസ്സിന്റെ സ്വാധീനത്തിൽ ആയിരിക്കും സംഭവിക്കുന്നതെന്ന തോന്നൽ എന്നിൽ ഉളവാക്കിക്കൊണ്ടിരുന്നു. അക്കാരണത്തലാണ് യേശു ഉറച്ചുനിൽക്കുവിൻ എന്ന് എന്നോട് പറഞ്ഞത്. സാത്താൻ വാസ്തവത്തിൽ ഒരു വലിയ ശല്യക്കാരനാണ്; മറ്റു പിശാചുക്കളെ ഞാൻ അത്ര ശ്രദ്ധിക്കാറില്ല. എന്നിരുന്നാലും, അവരും ശല്യക്കാർ തന്നെയാണ്; അവർ ചുറ്റിപ്പറക്കുന്ന ഈച്ചകളെ പോലെയാണ്. അവർ എന്നെ ഭയപ്പെടുന്നുണ്ട്; താനും ഞാൻ അവരെ ഭയപ്പെട്ടിരുന്നെങ്കിൽ, അവർക്ക് അത് കൂടുതൽ ഇഷ്ടമാകുമായിരുന്നു. എന്നിരുന്നാലും, അവർ ദുഷ്ടന്മാർ തന്നെയാണ്; നമ്മൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരു വ്യക്തി ഉറങ്ങുകയോ, ദുർബലമായിരിക്കുകയോ, നന്മ ചെയ്യുന്നതിൽ മടി കാണിക്കുകയോ ചെയ്യുന്നതായി അവരുടെ ശ്രദ്ധയിൽ പെട്ടാൽ, ഈ പിശാചുക്കൾ അവരുടെ പരമാവധി ശക്തി പ്രകടിപ്പിക്കും. പ്രാർത്ഥനകൾ അവരെ നശിപ്പിക്കുകയും, അവരെ നമ്മിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യും. കർത്താവിൻറെ സ്നേഹത്തിലും കരുണയിലുമുള്ള നമ്മുടെ വിശ്വാസം, നമുക്ക് ചുറ്റും പാറിപ്പറന്ന സത്യം എന്ന് തോന്നിപ്പിക്കുന്നതും, സ്നേഹവുമായി ബന്ധമില്ലാത്തതുമായ കാര്യങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന പിശാചുക്കളെ നശിപ്പിക്കുന്നു. ഇക്കാരണത്താലാണ്, നമ്മൾ ജാഗ്രതയോടെ ഉണർന്നിരിക്കണമെന്നും, നിരന്തരമായി പ്രാർത്ഥിക്കണമെന്നും കർത്താവ് ആഗ്രഹിക്കുന്നത്. നിരന്തരമായ പ്രാർത്ഥനകൾ ഈ പിശാചുക്കളെയും സാത്താനെ തന്നെയും നമ്മിൽ നിന്ന് അകറ്റി നിർത്തുന്നു. പ്രാർത്ഥനകൾ നമുക്ക് ചുറ്റിലുമുള്ള സുരക്ഷിതമായ ഒരു ചുറ്റുമതിലായി പരിണമിക്കുന്നു. അവ സാത്താനെയും മറ്റു പിശാചുക്കളെയും നമ്മിൽ നിന്ന് അകറ്റി നിർത്തുന്നു. അതെ, പ്രാർത്ഥന നിരന്തരമായ ഒരു ആത്മീയ പോരാട്ടം തന്നെയാണ്. 13/12/1989. എന്റെ കർത്താവും രക്ഷകനുമായവനെ. പ്രിയപ്പെട്ടവളെ, എന്നെ സ്നേഹിക്കുവിൻ. വസൂല, മറ്റുള്ളവരെക്കാൾ കൂടുതലായി ഞാൻ നിനക്ക് എപ്രകാരം കൃപ നൽകിയിരിക്കുന്നു എന്ന് ഓർക്കുവിൻ. നിന്റെ ദൈവമായ എന്നോട് ഒട്ടിച്ചേർന്ന് ധ്യാനിക്കാൻ നിന്നെ സഹായിക്കുന്നതിന്, ഞാൻ നിനക്ക് നൽകിയിരിക്കുന്ന ഈ കൃപാവരം ഒരു പ്രത്യേക വരദാനമാണ്. നിനക്ക് യാതൊരു യോഗ്യതകളുമില്ല. നിന്നെ എന്നിലേക്ക് എടുത്തുയർത്താനും, എന്നിൽ വസിക്കാൻ നിന്നെ ഇടയാക്കുന്നതിനുമുള്ള എന്റെ തീക്ഷ്ണമായ ആഗ്രഹം മൂലം, നിന്റെ യഥാർത്ഥമായ അവസ്ഥയെ തന്നെ ഞാൻ പരിഗണിക്കാതിരിക്കുകയും, നിന്റെ പാപങ്ങളെ ഞാൻ അവഗണിച്ചുകൊണ്ട് നിനക്ക് ക്ഷമ നൽകുകയും ചെയ്യുന്നു. ഇപ്പോൾ എന്റെ അതിതീക്ഷ്ണമായ സ്നേഹം നിനക്ക് മനസ്സിലായോ? ചെറുതായി നിലകൊള്ളുവിൻ. എന്നെ വിളിച്ചപേക്ഷിച്ച് പ്രാർത്ഥിക്കുന്നത് നിർത്തരുത്. എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുന്നത് ഒരിക്കലും നിർത്തരുത്. നീ ക്ഷീണിക്കുമ്പോൾ എന്നിൽ ആശ്രയിക്കുക, എന്നിൽ വസിക്കുക. എന്നിരുന്നാൽ, ഈ രീതിയാണ് എനിക്കിഷ്ടം. സ്നേഹം നിന്നെ സ്നേഹിക്കുന്നു. 14/12/1989. നിന്റെ ദൈവമായ എന്നെ സ്നേഹിച്ചുകൊണ്ടും, എന്നെ ആരാധിച്ചുകൊണ്ടും, എന്നെ മഹത്വപ്പെടുത്തുവിൻ. നിന്റെ ദൈവത്തിൽ ആയിരിക്കുന്നതും, നിന്റെ ദൈവത്തിൽ ജീവിക്കുന്നതും എന്താണെന്ന് ഇപ്പോൾ നിനക്കറിയാം. ഒരു അമ്മ തന്റെ കുഞ്ഞിനെ മാറോട് ചേർത്തു പിടിച്ച് പാൽ നൽകി ചൂടേകുന്നതുപോലെ, നിന്റെ പ്രിയപ്പെട്ട പിതാവായ ഞാനും നിന്നെ എന്റെ മാറോട് ചേർത്തു പിടിച്ചു സംരക്ഷിക്കുന്നു. ഞാൻ നിന്നെ പോഷിപ്പിക്കുകയും, നിന്നെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. നിന്റെ ജീവന്റെ ഉറവ എന്നിൽ നിന്ന് ഒഴുകുന്നതിനാൽ, നീ ആകുലപ്പെടേണ്ടതില്ല. നീ എന്റെ സ്നേഹത്തിൽ പൊതിയപ്പെട്ട് എന്റെ കരങ്ങളിൽ ഇരിക്കുന്നതുകൊണ്ട്, നീ ഭയപ്പെടേണ്ടതില്ല. ഞാനാണ് നിന്റെ സംരക്ഷകൻ; എന്റെ അടുക്കൽ നീ സുരക്ഷിതമാണ്. ഒരമ്മ തന്റെ കുഞ്ഞിനെ ശ്രദ്ധാപൂർവ്വം പരിപാലിക്കുന്നതുപോലെ, കർത്താവായ ഞാൻ നിന്നെ പരിപാലിച്ചു വളർത്തി. പ്രിയപ്പെട്ടവളെ, ജീവന്റെ ഉറവ എന്നിൽ നിന്നാണ് ഒഴുകുന്നത്; അനുഗ്രഹീതയായിരിക്കുക. 16/12/1989. സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. വിശുദ്ധി ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല; തടസ്സങ്ങളും ചെറിയ കുരിശുകളും നിറഞ്ഞ പാതയിലൂടെ നീ നിശ്ചയതാർത്ഥ്യത്തോടെ യാത്ര തുടരേണ്ടതുണ്ട്. എന്നെ വിട്ടുപോകരുത്. നീ എന്നോടൊപ്പം യാത്ര തുടരുമോ? ഈ പാതയുടെ അവസാനം വരെ നീ എന്നോടൊപ്പം സഞ്ചരിക്കുമോ? എന്റെ കർത്താവേ, ഞാൻ അങ്ങയെ വിട്ടുപോകുകയില്ല. അങ്ങയുടെ വസ്ത്രത്തിൽ മുറുകെ പിടിക്കുവാൻ എന്നെ സഹായിക്കണമേ. എന്റെ കൈ അഴിഞ്ഞുപോകാൻ അനുവദിക്കരുതേ. എന്റെ കുരിശിനെ ചേർത്തു പിടിക്കുക. എന്റെ കുരിശ് നിന്നെ പരിപൂർണ്ണതയുടെ വഴിയിലൂടെ നയിക്കും. ഞാൻ നിന്റെ അരികെയുണ്ട്; ഞാൻ നിന്നോട് ഐക്യപ്പെട്ടിരിക്കുന്നു. എന്റെ വസൂല, പ്രാർത്ഥിക്കുവിൻ; എന്തെന്നാൽ ദൈവഭക്തി സ്നേഹത്തിൽ നിന്നാണ് പുറപ്പെടുന്നത്. കർത്താവായ ഞാൻ എന്റെ സ്നേഹത്താൽ നിന്നെ നിറച്ചിരിക്കുന്നു. എന്റെ സ്നേഹത്താൽ പൂരിതരായി, എന്റെ സ്നേഹം അനുഭവിച്ചറിഞ്ഞു ജീവിക്കേണ്ടതിന് വന്ന്, ഈ സ്നേഹസമുദ്രത്തിലേക്ക് എടുത്തുചാടുവാൻ ഞാൻ ഓരോ വ്യക്തിയെയും വിളിക്കുന്നു. യേശുവായ ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. എന്റെ തിരുഹൃദയത്തിനുള്ളിലേക്ക് പ്രവേശിക്കുവിൻ. നിങ്ങളെ എന്റെ തിരുഹൃദയത്തിന്റെ ആഴങ്ങളിൽ മറച്ചുവെക്കാൻ ഞാൻ തീക്ഷ്ണമായി ആഗ്രഹിക്കുന്നു. എന്നേക്കും നിങ്ങളെ അവിടെ മറച്ചുപിടിച്ച് എനിക്കുവേണ്ടി മാത്രം സൂക്ഷിക്കാൻ തന്നെ. പുഷ്പമേ, എന്നെ സ്നേഹിക്കുവിൻ; എന്നെ സ്നേഹിക്കുവിൻ; എന്നെ ആരാധിക്കുവിൻ; എന്നെ ആരാധിക്കുവിൻ. ബാക്കി കാര്യം ഞാൻ നോക്കിക്കൊള്ളാം. ഇപ്രകാരം പറയാൻ ശീലിക്കുക. യേശുവേ, എന്റെ ഹൃദയത്തെ അങ്ങയുടെ വിശ്രമസ്ഥലമായി മാറ്റണമേ. കർത്താവേ, അങ്ങ് എന്നിൽ വന്നു വിശ്രമിക്കണമേ. 17/12/1989. കർത്താവിന്റെ സാന്നിധ്യ അനുഭവം എനിക്ക് നഷ്ടപ്പെട്ടു. ഇത്തരം അനുഭവം ഉണ്ടാകുമ്പോൾ ഞാൻ ഭയചകിതയാകാറുണ്ട്. ഇത് പൂർണമായും എന്റെ കുറ്റം കൊണ്ടാണ് സംഭവിച്ചതെന്ന് എനിക്കറിയാം. ഇത് വീണ്ടും ഒരു പരീക്ഷണമാണ്. അവ്യക്തമായ കൈയെഴുത്തുകൾ മാത്രമാണ് എന്റെ സ്വകാര്യ നോട്ട്ബുക്കിൽ ഉള്ളത്. കർത്താവ് എന്റെ സഹായത്തിനായി വന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: "എഴുതുക. നിന്റെ കൈ എന്നിൽ നിന്ന് പിടിവിടരുതെന്ന് ഞാൻ നിന്നെ ഓർമ്മിപ്പിക്കണോ? നീ എന്നെ ശ്രവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിന്റെ സമീപമുണ്ട്, പക്ഷേ നിന്റെ അന്തരംഗം എന്നിൽ നിന്ന് ഏറെ അകലെയാണ്. എന്നെ ശ്രവിക്കുവിൻ. നീ എന്നെ ശ്രവിക്കണമെന്ന് കർത്താവായ ഞാൻ ആഗ്രഹിക്കുന്നു. എന്നോട് ഐക്യപ്പെട്ട് ഒന്നായി തീരുവിൻ. എന്നോട് ഒന്നായി തീരുവിൻ. ഞാനും നീയും, നീയും ഞാനും." അങ്ങനെ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാൻ പറ്റും. വസൂല, ശ്രദ്ധയുള്ളവളായിരിക്കുക. നമുക്ക് ഒരുമിച്ച് ഐക്യപ്പെട്ടുകൊണ്ട് നമുക്ക് ഒന്നിച്ച് ദൗത്യം തുടരാം. ഞാൻ ഭയചകിതയായി, കാരണം ദൈവത്തിൻറെ വെളിപാട് സന്ദേശങ്ങൾ സ്വീകരിക്കുകയും, പ്രത്യേകമായ വിധത്തിൽ വഴി നടത്തപ്പെടുകയും, സ്വർഗ്ഗീയ അനുഭൂതിയെ ആസ്വദിച്ചറിയുകയും, എനിക്കൊരു യോഗ്യതയും ഇല്ലാതിരുന്നിട്ടും ദൈവസാന്നിധ്യം അനുഭവിക്കുകയും ചെയ്ത എനിക്ക്, പെട്ടെന്ന് സ്വർഗ്ഗവാതിലുകൾ എനിക്കെതിരെ അടയ്ക്കപ്പെട്ടതായി തോന്നി. എനിക്ക് ദൈവത്തിൻറെ സാന്നിധ്യം അനുഭവിക്കാൻ സാധിച്ചില്ല. ഭയപ്പെടരുത്. ഞാൻ നിന്നോടൊപ്പം ഉണ്ടായിരിക്കുന്ന ഈ നിമിഷങ്ങൾക്കായി ഞാൻ കാത്തിരിക്കുകയായിരുന്നു. ഞാൻ വാതിലടച്ച് പുറത്താക്കുകയാണെന്ന് നീ ഒരിക്കലും വിശ്വസിക്കരുത്. നിന്റെ ആലസ്യത്തിൽ നിന്ന് പുറത്തു കടക്കാൻ ഞാൻ നിന്നെ വിളിക്കുകയായിരുന്നു. അവസാനം വരെ ഞാൻ നിന്നോടൊപ്പം പ്രവർത്തിക്കും. എന്റെ സാന്നിധ്യത്തിൽ നിന്റെ ഹൃദയം സന്തോഷിച്ച് ആനന്ദിക്കട്ടെ. എനിക്കിനിയും അനേകം കാര്യങ്ങൾ നിന്നോട് പറയാനുണ്ട്, പക്ഷേ അവയെല്ലാം എഴുതിയെടുക്കാൻ നിനക്ക് ഇപ്പോൾ കഴിവില്ല. നീ ബലഹീനയാണ്, നീ ക്ഷീണിതയുമാണെന്ന് എനിക്കറിയാം. വരൂ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്ന് വാക്കുകൾ ഉപയോഗിച്ച് നീ പറയേണ്ടതില്ല. നിന്റെ ഹൃദയം കൊണ്ട് സംസാരിക്കുവിൻ. ഹൃദയം കൊണ്ട് എന്നെ ആഗ്രഹിക്കുവിൻ. ഹൃദയം കൊണ്ട് എന്നെ സ്നേഹിക്കുവിൻ. ഹൃദയം കൊണ്ട് എന്നെ നിശബ്ദമായി ധ്യാനിക്കുവിൻ. ഇങ്ങനെ നീ ചെയ്യുമ്പോൾ നീ എന്റെ ഇഷ്ടമായിരിക്കും പ്രവർത്തിക്കുക, കാരണം എന്നെ സ്നേഹിക്കുന്നതും എന്നെ ആരാധിക്കുന്നതുമാണ് എന്റെ അഭീഷ്ടം. ഇതെല്ലാം ഇങ്ങനെ ചെയ്യുമ്പോൾ സർവ്വവും നിശബ്ദതയിലാണ് ചെയ്യുന്നത്. നിന്റെ ഇച്ഛാശക്തി എനിക്ക് സമർപ്പിക്കുവിൻ. നിനക്കുള്ളതെല്ലാം നീ എനിക്ക് സമർപ്പിക്കുവിൻ. നിന്റെ ഇച്ഛാശക്തിയും, നിന്നെ തന്നെയും, നിന്റെ സന്തോഷങ്ങളും, നിന്റെ സർവ്വവും എനിക്ക് സമർപ്പിക്കുവിൻ. എന്റെ കർത്താവേ, എന്റെ ഇച്ഛാശക്തിയും, എന്നെ തന്നെയും, എന്റെ സന്തോഷങ്ങളും, അങ്ങ് ആഗ്രഹിക്കുന്നതെല്ലാം ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. എന്റെ രാജാവേ, അങ്ങ് ആഗ്രഹിക്കുന്നത് എന്തും അങ്ങ് എന്നിൽ നിന്ന് എടുത്തുകൊള്ളുക. അതിനുപകരമായി സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ ഒരു കുരിശ് വഹിക്കാൻ നീ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടോ? അതെ, കർത്താവേ, ഞാൻ പൂർണമായി അത് ആഗ്രഹിക്കുന്നു. കുരിശിന്റെ വലിപ്പം മൂലം ഞാൻ നിലത്തുവീണാലും, ഞാൻ മുട്ടിൽ വീഴേണ്ടി വന്നാലും, ഞാൻ അങ്ങ് തരുന്ന കുരിശ് വഹിക്കും. മകളെ, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ കുരിശ് എന്റെ അനേകം മക്കളെ വിശുദ്ധീകരിക്കും. നിന്റെ ഹൃദയത്തിൽ പ്രവേശിച്ച് അവിടെ വിശ്രമിക്കാൻ എന്നെ അനുവദിക്കുക. കർത്താവായ ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. നീ കാത്തിരുന്നു കാണുക. നീ കാത്തിരുന്നു കാണുക എന്ന് അങ്ങ് പറയുന്നത് കേൾക്കാൻ എനിക്കിഷ്ടമാണ്. കുഞ്ഞേ, എനിക്കതറിയാം. നമ്മൾ നമുക്ക്. എന്റെ കർത്താവേ, ഉവ്. നമ്മൾ നമുക്ക്. പരിശുദ്ധ മാതാവേ, ഉവ്.

More ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG episodes →