ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG · ദൈവത്തിലുള്ള യഥാർത്ഥ ജീവിതം
Ep 108: എന്നോടുള്ള അനുരസരണം, മനുഷ്യരോടുള്ള അനുസരണത്തേക്കാൾ പ്രധാനം. യേശു സമാധാനവും സമാശ്വാസവും നൽകാനും സ്നേഹത്തിലേക്കു തിരികെ വിളിക്കാനും വരുന്നുവെന്നും, വിധിക്കാനല്ല ഓർമ്മിപ്പിക്കാനാണ് വരുന്നതെന്നും സന്ദേശം പറയുന്നു. പരിശുദ്ധ മാതാവ് ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥന ആവശ്യപ്പെടുന്നു. വസൂല പീഡനത്തിലായിരിക്കെ, ദൈവത്തോടുള്ള അനുസരണം മനുഷ്യരോടുള്ള അനുസരണത്തേക്കാൾ പ്രധാനമാണെന്ന് യേശു പറയുന്നു. ഈ എപ്പിസോഡിൽ: 00:00 ആമുഖം 00:20 29/11/1989 - ഡിസംബർ പ്രാർത്ഥനായോഗത്തിനുള്ള സന്ദേശം 07:50 പരിശുദ്ധ മാതാവിന്റെ സന്ദേശം 14:10 04/12/1989 - ദൈവത്തോടുള്ള അനുസരണം 'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം! 1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു! ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്: YouTube: https://www.youtube.com/@tlig-malayalam Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433 കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ! ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യൂ!. Subscribe today! നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/ ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ! കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!. #TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #ദൈവത്തോടുള്ളഅനുസരണം #സമാധാനത്തിന്റെരാജാവ് #ദൈവകരുണ
എപ്പിസോഡ് 108. 29/11/1989. എന്റെ ദൈവമേ, അങ്ങയെ സ്വീകരിക്കുന്നതിന് എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ഇതാ ഞാൻ അങ്ങയെ ശ്രവിക്കുന്നു. ഡിസംബർ മാസത്തിലെ പ്രാർത്ഥനാ യോഗത്തിന് വേണ്ടി ലഭിച്ച സന്ദേശം. എന്റെ വസൂല, നിന്നെ ഉപയോഗപ്പെടുത്താൻ എന്നെ അനുവദിച്ചതിൽ ഞാൻ വളരെയധികം പ്രസാദിച്ചിരിക്കുന്നു. എന്നെ ശ്രവിച്ച് എഴുതുക: സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. ഞാൻ നിങ്ങളുടെ രക്ഷകനാണ്, സമാധാനത്തിന്റെ രാജാവാണ്. ഞാൻ നിങ്ങളുടെ സമാശ്വാസകനാണ്, ഞാൻ സ്നേഹമാണ്. ഇപ്പോൾ നിങ്ങൾ ശ്രവിക്കുന്നത് സ്നേഹത്തെയാണ്; സമാധാനത്തിന്റെ രാജാവിനെ ശ്രവിക്കുന്നതിന് വേണ്ടിയാണ് നിങ്ങൾ വിദൂരത്തുനിന്നും ഇവിടെ എത്തിയിരിക്കുന്നത്. നിങ്ങളെ രക്ഷിച്ചിരിക്കുന്ന നിങ്ങളുടെ രക്ഷകനെയാണ് നിങ്ങൾ ഇന്ന് ശ്രവിക്കാൻ പോകുന്നത്. സമാധാനം അന്വേഷിച്ചാണ് നിങ്ങൾ വന്നിരിക്കുന്നത്; ഞാൻ നിങ്ങളോട് പറയുന്നു, എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുന്നു. എന്റെ പ്രിയപ്പെട്ടവരെ, സമാശ്വാസമാണോ നിങ്ങൾ അന്വേഷിക്കുന്നത്? വരൂ, ഞാൻ നിങ്ങളുടെ മേൽ സമാശ്വാസം സമൃദ്ധമായി വർഷിക്കും. സ്നേഹത്തിനുവേണ്ടിയാണോ നിങ്ങൾ ദാഹിക്കുന്നത്? എങ്കിൽ വരൂ, എന്റെ തുറന്ന കരങ്ങളിലേക്ക് വീഴുവിൻ; ഞാനാണ് സ്നേഹം. എന്റെ കൊച്ചുകുട്ടികളേ, നിങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമാകാൻ അനുവദിക്കരുത്; ഞാൻ നിങ്ങളെ ഒരിക്കലും പരിത്യജിച്ചിട്ടില്ല. യേശുവായ ഞാൻ എപ്പോഴും നിങ്ങളുടെ സമീപമുണ്ട്. ഈ വിധത്തിൽ ഞാൻ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങി വരുന്നത് നിങ്ങളെ സമാശ്വസിപ്പിക്കാനും, എന്റെ കല്പന നിങ്ങളെ ഓർമ്മിപ്പിക്കാനുമാണ്. നിങ്ങളെ എല്ലാവരെയും സ്നേഹത്തിലേക്കും സമാധാനത്തിലേക്കും ഐക്യത്തിലേക്കും തിരികെ വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളെ വിധിക്കാനോ നിങ്ങളെ കുറ്റപ്പെടുത്താനോ അല്ല ഞാൻ വരുന്നത്; എന്റെ അനന്തമായ കരുണയാൽ ഞാൻ നിങ്ങളുടെ അടുക്കലേക്ക് വരുന്നത്, ഞാൻ പരിശുദ്ധനാണെന്നും നിങ്ങൾ പരിശുദ്ധരായി ജീവിക്കണമെന്നും നിങ്ങളെ ഓർമ്മിപ്പിക്കാനാണ്. ഞാൻ സ്നേഹം നിറഞ്ഞ ദൈവമാണ്; നിങ്ങളെ നിരാശയിലേക്ക് തള്ളിവിടുന്ന ഒരു ദൈവമല്ല ഞാൻ. ഞാൻ പ്രത്യാശ നൽകുന്ന ദൈവമാണ്; നിങ്ങൾക്ക് പ്രത്യാശ നൽകുവാനായി ഞാൻ വരുന്നു. അനുഗ്രഹിക്കപ്പെട്ടവരെ, നിങ്ങളെ ഏറ്റവുമധികം സ്നേഹിക്കുന്നവനാണ് ഞാൻ; നിങ്ങളോടുള്ള എന്റെ സ്നേഹത്തെ പ്രതി എന്റെ സ്വന്തം ജീവൻ വെടിഞ്ഞവനാണ് ഞാൻ. അങ്ങനെയെങ്കിൽ, ഈ അന്ധകാരത്തിന്റെ നാളുകളിൽ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും, തിന്മയിൽ നിന്ന് നിങ്ങളെ വലിച്ചെടുക്കാനും, എന്റെ തിരുഹൃദയത്തിലേക്ക് കൂടുതലായി നിങ്ങളെ വലിച്ചടുപ്പിക്കാനും, എന്റെ തിരുഹൃദയം തീർച്ചയായും നിങ്ങളുടെ ഭവനമാണെന്ന് നിങ്ങൾക്ക് കാണിച്ചുതരാനും സാധ്യമായ എല്ലാ മാർഗങ്ങളും ഞാൻ സ്വീകരിക്കാതിരിക്കുമോ? ഇതുവരെയും എന്നോട് അനുരഞ്ജനപ്പെട്ടിട്ടില്ലാത്തവർ എന്നോട് അനുരഞ്ജനപ്പെടുവാനും, എന്നോട് സമാധാനത്തിലാകുവാനും പറയുന്നതിന് വേണ്ടിയാണ് ഞാൻ വരുന്നത്. ഞാൻ നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. എന്റെ അനന്തമായ കരുണ നിമിത്തം, നിങ്ങളുടെ ഈ തലമുറയുടെ മേൽ എന്റെ ആത്മാവിനെ സമൃദ്ധമായി വർഷിച്ചുകൊണ്ടിരിക്കുന്നു. ഞാൻ സർവ്വശക്തനായ ദൈവമായതുകൊണ്ട്, ഞാൻ നിങ്ങളോട് ഈ വിധത്തിൽ സംസാരിക്കുന്നത് നിങ്ങൾക്ക് അവിശ്വസനീയമായി തോന്നേണ്ടതില്ല. വഴിതെറ്റി അലഞ്ഞുതിരിയുന്ന നിങ്ങളിൽ അനേകരെ അവരുടെ സുബോധത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനും, അവരെ സത്യം ഓർമ്മിപ്പിക്കുന്നതിനുമാണ് എന്റെ ഈ സന്ദേശങ്ങൾ. ദൈവകരുണയുടെ ഈ പ്രവർത്തികളിൽ ഇപ്പോഴും വിശ്വസിക്കാത്തവരോട്, ഫരിസയന്മാരോട് ഞാൻ ഒരിക്കൽ ചോദിച്ചിട്ടുണ്ടായിരുന്ന ചോദ്യം ചോദിക്കട്ടെ: നിങ്ങളിൽ ആരാണ് ഒരു ശബത്ത് ദിവസം തന്റെ പുത്രനോ കാളയോ കിണറ്റിൽ വീണുപോയാൽ അവനെ അല്ലെങ്കിൽ അതിനെ കിണറ്റിൽ നിന്ന് പിടിച്ചു കയറ്റാത്തത്? പ്രിയപ്പെട്ടവരെ, കാരുണ്യത്തിന്റെ ഒരു അഗാധമായ സമുദ്രമാണ് ഞാൻ; ഞാൻ അനന്തമായ സമ്പത്താണ്. ഭൂമി മുഴുവനിലും, ഭൂമിക്കടിയിലും, മരിച്ചവർ കിടക്കുന്ന ഭൂമിയുടെ ഇരുണ്ട അധോഭാഗങ്ങളിലും എന്റെ സ്വരം കേൾക്കപ്പെടും; എന്റെ സ്വരം ശ്രവിക്കപ്പെടും. ഞാൻ അവരുടെ അടുക്കലേക്ക് പോകും; ഞാൻ അവരെ ഉയിർപ്പിച്ചുകൊണ്ട് അവരിൽ നിന്ന് പ്രകാശസ്തംഭങ്ങളെ രൂപപ്പെടുത്തും. എന്റെ ദൈവീക പ്രവർത്തികളെ കുറ്റപ്പെടുത്തുന്നവരോട് ഞാൻ പറയുന്നു: ഹൃദയലാളിത്യത്തിൽ ദൈവത്തെ അന്വേഷിക്കുവിൻ. എന്റെ പുരോഹിതരെ, എന്റെ പുരോഹിതരെ, നിങ്ങളെല്ലാവരും എന്റെ ദൈവീക ഛായയുടെ പ്രതിബിംബങ്ങളാണ്. ഈ വർഷത്തിന്റെ അവസാന നാളുകളിൽ ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ: എന്റെ അടുക്കൽ വന്ന്, സ്നേഹത്തിന്റെ അഗാധ സമുദ്രമായ എന്റെ തിരുഹൃദയത്തിൽ നിന്ന് നിങ്ങൾ സ്നേഹം സ്വീകരിച്ച് നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുവിൻ. എന്റെ വചനം ശ്രവിച്ച് അതനുസരിച്ച് പ്രവർത്തിക്കുവിൻ. യാതൊരു അടിത്തറയുമില്ലാതെ മണൽപ്പുറത്ത് പണിയപ്പെട്ട ഭവനം പോലെ ആകരുത് നിങ്ങൾ; കാരണം അത് പെരുവെള്ളപ്പാച്ചിലിൽ തകർന്നു വീഴും. നിങ്ങൾ എന്റെ വചനത്തിൽ ഉറച്ചു നിൽക്കുവിൻ; എന്നിൽ നിന്ന് നിങ്ങൾ പഠിച്ചിട്ടുള്ള പാഠങ്ങൾ നിങ്ങൾ പ്രാവർത്തികമാക്കുവിൻ. എല്ലാ മനുഷ്യരെയും ഞാൻ എന്നിലേക്ക് ആകർഷിക്കും; സ്നേഹത്തിന്റെ ആത്മാവ് എന്റെ തിരുമുഖം നിങ്ങൾ എല്ലാവർക്കും വെളിപ്പെടുത്തി തരും. എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ, നിങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഞാൻ വരുന്നത്; സ്നേഹത്തിനുവേണ്ടി സ്നേഹപൂർവ്വം എന്റെ ജനത്തെ പരിപാലിക്കുക. എന്റെ പ്രകാശത്തിൽ സഞ്ചരിക്കുവിൻ; ഞാൻ നിങ്ങളെ വഴിനയിക്കാം. ഞാൻ ലോകത്തിന്റെ പ്രകാശമാണ്; നിങ്ങൾ എന്റെ സ്നേഹിതരുമാണ്. എന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ, എന്റെ തിരുഹൃദയത്തിലേക്ക് പ്രവേശിക്കുവിൻ; സ്നേഹത്തിന്റെ തീച്ചൂളയിലേക്ക് പ്രവേശിക്കുവിൻ. നിങ്ങൾ പോയി മറ്റുള്ളവരുടെ ഹൃദയങ്ങളും സ്നേഹത്തിന്റെ ജ്വാലയാൽ കത്തിക്കുന്നതിന്, നിങ്ങളുടെ ഹൃദയങ്ങളെ എന്റെ സ്നേഹത്താൽ കത്തിച്ചു ജ്വലിപ്പിക്കാൻ എന്നെ അനുവദിക്കുവിൻ. ഏറെ അപൂർണ്ണതകളുള്ള നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ, നിങ്ങൾ എന്റെ അടുക്കലേക്ക് വന്ന് എന്റെ വലിയ സ്നേഹത്തിൽ പങ്കുചേരുവിൻ. നിങ്ങളുടെ സ്നേഹം വെറും വാക്കുകളിലോ അല്ലെങ്കിൽ പ്രഭാഷണങ്ങളിലോ ഒതുങ്ങാതെ, അത് യഥാർത്ഥവും സജീവവും ആയിരിക്കട്ടെ. തിന്മയ്ക്ക് പകരമായി നന്മ ചെയ്യുവിൻ; അനീതിക്ക് പകരമായി നീതിയുടെ പ്രവർത്തികൾ ചെയ്യുവിൻ. വിദ്വേഷത്തിന് പകരമായി സ്നേഹം നൽകുവിൻ; ക്ഷമിക്കുവിൻ; പൂർണ്ണ ഹൃദയത്തോടെ ക്ഷമിക്കുവിൻ. നിങ്ങളുടെ എല്ലാ പ്രവർത്തികളിലും സ്നേഹത്തിന്റെ സജീവ സാന്നിധ്യം ഉണ്ടായിരിക്കട്ടെ. എന്റെ തിരുഹൃദയത്തിന്റെ മക്കളെ, എന്റെ ശത്രു അവന്റെ ആധിപത്യം ഒരു മൂടുപടം പോലെ വിരിച്ചിരിക്കുന്ന ക്ലേശകരമായ കാലഘട്ടത്തിലാണ് നിങ്ങൾ ജീവിക്കുന്നത്. ഇക്കാരണത്താലാണ് നിങ്ങളുടെ പ്രാർത്ഥനകളെ ഇരട്ടിപ്പിക്കണമെന്ന് പറയാൻ ഞാൻ വരുന്നത്. ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന പ്രാർത്ഥനകൾ എന്റെ സന്നിധിയിൽ എത്തുന്നു. എന്റെ കുഞ്ഞേ, വരൂ, പശ്ചാത്തപിക്കുവിൻ; നിന്റെ പാപങ്ങൾ ഏറ്റുപറയുവിൻ. വെളുത്ത ഓസ്തിയിലുള്ള എന്നെ സ്വീകരിക്കാൻ അയോഗ്യതയോടെ വരരുത്; വന്ന് എന്റെ തിരുരക്തം പാനം ചെയ്യുവിൻ; വന്ന് എന്റെ തിരുശരീരം ഭക്ഷിക്കുവിൻ. വിശുദ്ധ കുർബാനയിലെ പരിശുദ്ധമായ നിമിഷങ്ങളിൽ നീ ആരെയാണ് സ്വീകരിക്കുന്നത് എന്ന് ഓർക്കുവിൻ; നീ എന്നെയാണ് സ്വീകരിക്കുന്നത്; നീ നിത്യജീവനാണ് സ്വീകരിക്കുന്നത്. നിർമ്മലതയോടെ എന്നെ സ്വീകരിക്കുവിൻ; ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം തീക്ഷ്ണമായ ആഗ്രഹത്തോടെ ഈ പരിശുദ്ധമായ നിമിഷത്തിനു വേണ്ടി ഒരുങ്ങുവിൻ. തീക്ഷ്ണമായ ആഗ്രഹത്തോടെ നിന്റെ ദൈവത്തെ സ്വീകരിക്കുവാൻ ഒരുങ്ങുവിൻ. ഈ വിശുദ്ധമായ അപ്പത്തിനു വേണ്ടി തീക്ഷ്ണമായി ആഗ്രഹിച്ചുകൊണ്ട്, സ്വർഗ്ഗത്തിലെ എന്റെ മാലാഖമാർ നിങ്ങളിൽ ഒരാളായി തീരുവാൻ കൊതിക്കുന്നു. ഒരു മഹിമയാർന്ന ആശയത്താൽ നിന്റെ ഹൃദയം ഉണരട്ടെ; എന്നോട് ഇപ്രകാരം പറയുവിൻ: യേശുവേ, പാപിയായ ഞാൻ ക്ഷമ ചോദിക്കുന്നു; അങ്ങയെ സ്വീകരിക്കുവാൻ ഞാൻ യോഗ്യനല്ല; എങ്കിലും അങ്ങ് ഒരു വാക്ക് അരുളിച്ചെയ്താൽ ഞാൻ സൗഖ്യം പ്രാപിക്കും. ഈ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരിക്കുക; അവ എനിക്ക് പ്രസാദകരമാണ്. ഈ വാക്കുകൾ നിന്റെ ദൈവമായ എന്നെ നിന്റെ അടുക്കലേക്ക് പെട്ടെന്ന് എത്തിക്കുന്നു; അവ എന്റെ തിരുഹൃദയത്തെ അനുകമ്പ കൊണ്ട് നിറയ്ക്കുന്നു. എന്നെ വിളിച്ചപേക്ഷിക്കുക: കർത്താവേ, കനിയേണമേ; ക്രിസ്തുവേ, കനിയേണമേ; പാപിയായ എന്നോട് ക്ഷമിക്കേണമേ. സ്വയം വിനീതരാകുവിൻ; ഞാൻ നിങ്ങളെ ഉയർത്തും. നിങ്ങൾ സ്വയം ശൂന്യരാകുവിൻ; ഞാൻ നിങ്ങളെ എന്നിലേക്ക് എടുത്തുയർത്തുകയും എന്റെ തിരുഹൃദയത്തിൽ നിങ്ങൾക്ക് അഭയം നൽകുകയും ചെയ്യും. ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു: ഇനിമുതൽ നിങ്ങൾ സ്ഥിരമായി വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ജീവിക്കണം. എന്റെ ഈ അഭ്യർത്ഥന ആയിരിക്കട്ടെ അടുത്ത പുതുവർഷത്തിലേക്കുള്ള നിങ്ങളുടെ മുദ്രാവാക്യം. വരൂ, ഞാനും പിതാവും ഒന്നായിരിക്കുന്നതുപോലെ, എന്റെ പരിശുദ്ധ നാമത്തിൽ നിങ്ങൾ ഐക്യപ്പെട്ട ഒന്നായി തീരുവിൻ. എന്റെ സ്നേഹത്തിന്റെ നിശ്വാസം നിങ്ങളുടെ നെറ്റിത്തടത്തിൽ പതിപ്പിച്ചുകൊണ്ട്, കർത്താവായ യേശുക്രിസ്തുവായ ഞാൻ നിങ്ങളെല്ലാവരെയും അനുഗ്രഹിക്കുന്നു. സ്നേഹം നിങ്ങളെ സ്നേഹിക്കുന്നു. നമ്മുടെ പരിശുദ്ധ മാതാവ് നൽകിയ സന്ദേശം: ദൈവത്തിന്റെ മക്കളെ, സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. ദൈവത്തിന്റെ രക്ഷാകര പദ്ധതി സാക്ഷാത്കരിക്കാൻ, നിങ്ങളുടെ പരിശുദ്ധ മാതാവായ എനിക്ക് നിങ്ങളുടെ പ്രാർത്ഥനകൾ അത്യാവശ്യമാണ്. നിങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനകളാണ് എനിക്ക് ആവശ്യം. നിങ്ങളുടെ പ്രാർത്ഥനകൾ സ്വർഗ്ഗത്തിൽ എത്തട്ടെ; നിങ്ങളുടെ പ്രാർത്ഥനകൾ കുന്തിരുക്ക ധൂപം പോലെ സ്വർഗ്ഗത്തിലേക്ക് ഉയരട്ടെ. ദൈവസ്നേഹത്താൽ നിങ്ങളുടെ ഹൃദയം നിറയ്ക്കുവിൻ; സന്തോഷിക്കുവിൻ, എന്തെന്നാൽ നിങ്ങളുടെ രക്ഷക്കായി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു. സൗമ്യ ഹൃദയനായ രക്ഷകനാണ് അവൻ; ശുശ്രൂഷ ചെയ്യുവാനും പീഡിതരെ വിളിക്കാനുമായി ഭൂമിയിൽ അവതരിച്ചവനാണ് അവൻ. അന്ധർക്ക് കാഴ്ച നൽകുന്നതിനും, തടവുകാരെ കാരാഗൃഹത്തിൽ നിന്നും, അന്ധകാരത്തിൽ ഇരിക്കുന്നവരെ ഇരുട്ടറയിൽ നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി അവൻ വന്നിരിക്കുന്നു. യേശയ്യായുടെ പുസ്തകം 42-ാം അധ്യായം 7-ാം വാക്യം: പ്രിയപ്പെട്ടവരെ, ഇന്നും നിങ്ങളെ വിളിക്കുന്നത് അതേ രക്ഷകൻ തന്നെയാണ്; അതേ രക്ഷകൻ തന്നെയാണ് അവന്റെ അടുക്കലേക്ക് മടങ്ങി വരാൻ നിങ്ങൾ ഓരോരുത്തരെയും വിളിക്കുന്നത്. അതേ യേശു തന്നെയാണ് അവിടുത്തെ പ്രബോധനങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുന്നത്. അവിടുത്തെ മാതാവായ ഞാൻ എന്റെ കൈകളിൽ എടുക്കുകയും, പിള്ളക്കച്ചകളാൽ പൊതിഞ്ഞതുമായ അതേ യേശു തന്നെയാണ് നിങ്ങളോട് സംസാരിക്കുന്നത്. നിങ്ങളെ ശുശ്രൂഷിക്കാനും വീണ്ടെടുക്കാനും വേണ്ടി ജനിച്ചവനാണ് യേശു. ഇന്നും നിങ്ങളുടെ രക്ഷക്കായി നിങ്ങളെ വിളിക്കുന്നതും അതേ യേശു തന്നെയാണ്; നിങ്ങളെല്ലാവരും അവിടുത്തെ സ്വന്തമാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നതും അതേ രക്ഷകനായ യേശു തന്നെയാണ്. അവിടുന്ന് ശരീരത്തിൽ പ്രത്യക്ഷപ്പെട്ടു, നിങ്ങൾക്കുവേണ്ടി നിങ്ങളെ സ്വതന്ത്രരാക്കുന്നതിനു വേണ്ടി അവിടുന്ന് തന്നെ ബലിയായി സമർപ്പിക്കുകയും ചെയ്തു. അതിനാൽ വരുവിൻ, സന്തോഷിക്കുവിൻ; ആനന്ദത്താൽ നിറയുവിൻ; വന്ന് അവന്റെ വിശുദ്ധ നാമത്തിന്റെ മഹത്വം പ്രഘോഷിക്കുവിൻ. അവന്റെ വചന വാഹകരായ സന്തോഷമുള്ള സന്ദേശ വാഹകരാകുവിൻ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു; എന്നെ വിശ്വസിക്കുവിൻ; എന്റെ മേലങ്കിക്കുള്ളിൽ നിങ്ങളെല്ലാവരെയും മറച്ചുപിടിക്കാൻ എനിക്ക് സാധിക്കും. നമ്മുടെ പരിശുദ്ധ മാതാവ് പുഞ്ചിരിച്ചു: കർത്താവിന്റെ അടുക്കലേക്ക് വരുവിൻ; നിങ്ങളുടെ ദൗർബല്യങ്ങൾ അവിടുത്തോട് പറയാൻ ഭയപ്പെടരുത്. കർത്താവിന്റെ അടുക്കൽ വന്ന് നിങ്ങളുടെ ഹൃദയം അവിടുത്തേക്ക് സമർപ്പിക്കുവിൻ; അവിടുന്ന് അത് മീറയും കുന്തിരുക്കവും സ്വർണ്ണവും പോലെ സ്വീകരിക്കും. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; അളവറ്റ വിധം ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; നിങ്ങളെ തന്നെ അവിടുത്തേക്ക് സമർപ്പിക്കുവിൻ. യേശു നിങ്ങൾ ഓരോരുത്തരുടെയും അടുക്കലേക്ക് വരുന്നു; ഈ ലോകത്തിന്റെ തടവുകാരായി കഴിയുന്നവരെ മോചിപ്പിക്കാനും അവർക്ക് സ്വാതന്ത്ര്യം നൽകാനുമായി അവിടുന്ന് വരുന്നു. ദുഷ്ടനായ പിശാച് പ്രാവുകളെ പോലെ ഈ തടവുകാരെ കൂട്ടിലാക്കിയിരിക്കുന്നു; എന്നാൽ യേശു ക്ഷീണമില്ലാതെ ഓരോ തടവറയിലും ചെന്ന് ഓരോ തടവുകാരനെയും മോചിപ്പിക്കുന്നു. എന്റെ മക്കളെ, കർത്താവിന്റെ സ്വർഗ്ഗീയ കല്പനകളും നിയമവും അനുസരിച്ച് ജീവിക്കുവിൻ. സ്വർഗ്ഗത്തിലെ നിയമം ഒറ്റവാക്കിൽ സംഗ്രഹിക്കാം: ആ വാക്കാണ് സ്നേഹം. നിങ്ങളുടെ പരിശുദ്ധ മാതാവായ ഞാൻ പകലും രാത്രിയും നിങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു; ഞാൻ നിങ്ങളെല്ലാവരെയും നിങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കുന്നു. രാത്രി മുഴുവൻ ഇടവിടാതെ പരിശുദ്ധാത്മാവ് എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു. രാവിലെയോടെ അവിടുന്ന് എന്നോട് ഈ പ്രാർത്ഥന ഏറ്റുചൊല്ലുവാൻ ഫ്രഞ്ച് ഭാഷയിൽ പറഞ്ഞു: പിതാവേ, എന്നെ സഹായിക്കണമേ; കാരണം അങ്ങയുടെ ശക്തി സ്നേഹമാണ്. കർത്താവേ, തങ്ങളുടെ സ്വന്തം പ്രവർത്തികളാൽ പല ജനതകളും കുഴികളിൽ വീണുകിടക്കുന്നു; അവർ തന്നെ വെച്ച കെണികളിൽ അവരുടെ പാദങ്ങൾ കുടുങ്ങി കിടക്കുന്നു. അവരോട് കരുണയായിരിക്കണമേ; കർത്താവേ, അവരെ കേൾക്കണമേ; എന്റെ രാജാവേ, അങ്ങയെ മഹത്വപ്പെടുത്തുന്ന ഒരു പുതിയ ജനതയായി അവരെ മാറ്റണമേ. സ്നേഹത്തിന്റെ കർത്താവേ, കാരുണ്യത്തിന്റെ കർത്താവേ, അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു: കേട്ടിട്ടും മനസ്സിലാക്കാത്തവർ അങ്ങയുടെ സ്നേഹത്തെ പ്രതി ഇത്തവണ മനസ്സിലാക്കട്ടെ; കണ്ടിട്ടും ഗ്രഹിക്കാത്തവർ അങ്ങയുടെ കാരുണ്യത്തെ പ്രതി ഇത്തവണ ഗ്രഹിക്കട്ടെ. അങ്ങയുടെ രഹസ്യം ധ്യാനിക്കുവാൻ അവരുടെ ഹൃദയത്തെ മൃദുലമാക്കണമേ; അങ്ങനെ അവർ അവരുടെ മനസ്സുകൊണ്ടല്ല, മറിച്ച് അവരുടെ ഹൃദയം കൊണ്ട് പൂർണമായി ഗ്രഹിക്കുകയും, അങ്ങനെ അവർ മാനസാന്തരപ്പെടുകയും ചെയ്യട്ടെ. അങ്ങയുടെ ദൈവീകതയാൽ അവർ സൗഖ്യം പ്രാപിക്കട്ടെ; അപ്പോൾ അവർ അങ്ങയുടെ കല്പനകളുടെ മഹത്വം തിരിച്ചറിയും; അവരുടെ അന്തരംഗം അങ്ങയുടെ കല്പനകളെ ആദരിക്കും. ആമേൻ. എന്റെ കുഞ്ഞേ, ഞാൻ വീണ്ടും എന്റെ നാമത്തെ മഹത്വപ്പെടുത്തും; കാത്തിരുന്നു കാണുക; ഇത് തുടക്കം മാത്രമാണ്. കർത്താവേ, അങ്ങ് ദഹിപ്പിക്കുന്ന അഗ്നി പോലെയാണ്; അങ്ങ് അനേകം ഹൃദയങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതായി എനിക്കറിയാം. കർത്താവേ, ഞാൻ അങ്ങേയ്ക്ക് വേണ്ടിയാണ് ജീവിക്കുന്നത്; ഈ പ്രവാസത്തിൽ അങ്ങ് എന്നോട് അടുത്തിരിക്കണമേ. എന്നിലൂടെ അഭിഷേകപൂരിതയായി എനിക്കുവേണ്ടി ജീവിക്കുവിൻ; എന്റെ ചിറകിൻ കീഴിൽ വസിക്കുവിൻ; എന്റെ സ്നേഹത്താൽ കുതിർന്ന് വളർന്നു വലുതാവുക; ഒരു തെരബിന്ത് വൃക്ഷത്തെ പോലെ ശാഖകൾ പടർത്തി വളരുക. എന്നോട് ഇപ്രകാരം പറയുവിൻ: ഞാൻ അങ്ങയെയാണ് ഏറ്റവും കൂടുതലായി സ്നേഹിക്കുന്നത്. കുഞ്ഞേ, നീ എന്റെ ഗാനമായി തീരുവിൻ; എന്റെ സ്വർഗ്ഗമായി തീരുവിൻ; എന്റെ പരിശുദ്ധ നാമത്തെ വീണ്ടും മഹത്വപ്പെടുത്തുവിൻ. നീ ക്ഷീണിക്കുമ്പോൾ എന്നിൽ ചാരി ആശ്രയിക്കുവിൻ; അതെ, എന്നെ സന്തോഷിപ്പിക്കുവിൻ; എന്റെ സാന്നിധ്യം അനുഭവിച്ചറിയുവിൻ. അതെ, എനിക്കായി വിശക്കുകയും എനിക്കായി ദാഹിക്കുകയും ചെയ്യുന്നതുപോലെ, അത്ര തീക്ഷ്ണമായി എന്നെ ആഗ്രഹിക്കുവിൻ. നിന്റെ രാജാവിനെ നോക്കുവിൻ; നിന്നെ രക്ഷിച്ചവനെ നോക്കുവിൻ. പുഷ്പമേ, എന്റെ സൗന്ദര്യം നോക്കി കാണുവിൻ; എന്റെ പ്രാവേ, നീ സ്വതന്ത്രയാവുക; ഇപ്പോൾ നീ സ്വതന്ത്രമാണ്. ഇപ്പോൾ എന്റെ തിരുഹൃദയത്തിലേക്ക് പ്രവേശിക്കുവിൻ; എന്റെ തിരുഹൃദയം നിന്നെ പൂർണമായി ദഹിപ്പിക്കട്ടെ. നിന്നിൽ നിന്ന് സ്നേഹത്തിന്റെ ജ്വലിക്കുന്ന ജീവനുള്ള ജ്വാലയെ മാത്രം അത് രൂപപ്പെടുത്തട്ടെ. ഞാൻ ആളിക്കത്തി ജ്വലിക്കുന്ന സ്നേഹാഗ്നി ജ്വാലയാണ്; എന്റെ സ്നേഹം ദഹിപ്പിക്കുന്ന അഗ്നിയാണ്. എന്നെ ആഗ്രഹിക്കുവിൻ; ഞാൻ മഹത്വപ്പെടുന്നു; എനിക്കുവേണ്ടി എന്റെ ഈ സ്നേഹം വ്യാപിപ്പിക്കുവിൻ. അനേകം ജനതകളുടെ മേൽ എന്റെ കരം പതിച്ചിരിക്കുന്നു; സർവ്വവും യഥാസമയത്ത് നിറവേറപ്പെടും. എന്നെ സ്നേഹിക്കുവിൻ; എന്നെ ആഗ്രഹിക്കുവിൻ; നമ്മൾ നമുക്ക്. അതെ, കർത്താവേ, എന്നേക്കും ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. 4/12/1989: എന്റെ കർത്താവേ, എന്നെ പീഡിപ്പിക്കുന്നവരുടെ ഇഷ്ടത്തിന് എന്നെ കൈവിടരുതേ; കള്ളസാക്ഷികൾ എനിക്കെതിരെ ഉയർന്നു വന്നിരിക്കുന്നു. ഇക്കാലത്തെ യുവജനങ്ങളോട് അങ്ങയുടെ മാർഗങ്ങളെ കുറിച്ച് അറിയിക്കാൻ ഞാൻ പരിശ്രമിച്ചത് മുതൽ, ദുഷ്ടനായ പിശാച് അവന്റെ കോപം എന്റെ മേൽ ഇരട്ടിയായി ചൊരിഞ്ഞിരിക്കുന്നു. അതെ, കർത്താവേ, അങ്ങയുടെ സന്ദേശം ഞാൻ പ്രഘോഷിക്കാൻ ആരംഭിച്ചത് മുതൽ, അങ്ങയുടെ തിരുമുഖത്തിന്റെ മാധുര്യം ഞാൻ മറ്റുള്ളവരെ കാണിച്ചു കൊടുക്കാൻ തുടങ്ങിയത് മുതൽ, പിശാച് എനിക്കെതിരെ കുറ്റം ആരോപിക്കുന്നവരെ കൗശലപൂർവ്വം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പിശാചിനാൽ വഞ്ചിക്കപ്പെട്ട് അന്ധരാക്കപ്പെട്ട അവർ എന്നെ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്റെ വസൂല ശക്തയായിരിക്കുക; എന്റെ തിരുഹൃദയമാണ് നിനക്ക് അഭയം നൽകുന്ന കോട്ട. എന്റെ കുഞ്ഞേ, വരൂ; എന്റെ തിരുഹൃദയത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുക. എന്റെ കരത്താൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ടവളെ സ്നേഹം നിന്നെ സ്നേഹിക്കുന്നു. എന്റെ കുഞ്ഞേ, ഈ മനുഷ്യർ എന്റെ ഭാഷ സംസാരിക്കുന്നില്ലെന്ന് നിനക്കറിയാമല്ലോ; സ്നേഹത്തിന്റെ എന്റെ ഭാഷ യഥാർത്ഥത്തിൽ അവരിലേക്ക് ഒരിക്കലും പ്രവേശിച്ചിട്ടില്ല. ഞാൻ എന്നിലേക്ക് എടുത്തുയർത്തിയിട്ടുള്ളവർ എന്റെ ഭാഷ സംസാരിക്കുമെന്നും, എന്നോടുള്ള ഭക്തിയിൽ ജീവിക്കാൻ അവർ പരിശ്രമിക്കുമെന്നും, അവർ നിശ്ചയമായും ആക്രമിക്കപ്പെടുമെന്നും നിനക്ക് നന്നായി അറിയാം. എന്റെ ഭാഷ സ്നേഹത്തിന്റെ ഭാഷയാണ്; എന്നാൽ അവർ അത് മനസ്സിലാക്കിയിട്ടില്ല. തെറ്റായ പ്രബോധനങ്ങൾ നൽകുന്നവൾ എന്ന് അവർ നിന്നെ വിളിക്കുന്നെങ്കിൽ, അവർ എന്നെയും തെറ്റായ പ്രബോധനങ്ങൾ നൽകുന്നവൻ എന്ന് വിളിക്കുന്നു. ഒരു പുരോഹിതൻ എന്നെ തെറ്റായ പ്രബോധനം നൽകുന്നവൾ എന്ന് വിളിച്ചു; കാരണം യേശു എന്നെ മണവാട്ടി എന്ന് വിളിച്ചുവത്രേ. എന്റെ രാജ്യം മുഴുവനായും സ്നേഹത്തിൽ അധിഷ്ഠിതമാണ്; ഈ പുരോഹിതർക്ക് വേണ്ടി ധാരാളം പ്രാർത്ഥനകളും പരിത്യാഗ പ്രവർത്തികളും അനുഷ്ഠിക്കേണ്ടതുണ്ട്. എന്റെ സന്ദേശത്തെ കുറ്റം വിധിക്കുന്നവർ വിധിദിവസം എന്നെ അഭിമുഖീകരിക്കേണ്ടി വരും; അവർ എനിക്ക് മറുപടി നൽകേണ്ടി വരും. എന്നെ വിശ്വസിക്കുക; ഞാൻ അവരെ കർക്കശമായി വിധിക്കും എന്നിരുന്നാലും, ഞാൻ എപ്പോഴും നിന്റെ സമീപം ഉണ്ടെന്ന കാര്യം ഓർക്കുവിൻ. എന്റെ വസൂല ഇക്കാര്യത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുവിൻ. വരൂ, നമുക്ക് പ്രാർത്ഥിക്കാം. പിതാവേ, ഈ ഇരുൾ നിറഞ്ഞ പ്രവാസത്തിൽ നിന്ന് എന്നെ ഉയർത്തി, അങ്ങയുടെ ചിറകിൻ കീഴിൽ എനിക്ക് അഭയം നൽകിയ പിതാവേ, എന്റെ മേൽ കരുണ തോന്നേണമേ. ഞാൻ ഭയപ്പെടുമ്പോൾ എന്നെ ശക്തിപ്പെടുത്തണമേ; എനിക്ക് അങ്ങയുടെ സമാധാനവും അങ്ങയുടെ സ്നേഹവും നൽകണമേ. ഞാൻ അങ്ങയുടെ പരിശുദ്ധ നാമത്തെ വീണ്ടും മഹത്വപ്പെടുത്തേണ്ടതിന് എനിക്ക് വലിയ വിശ്വാസം തരേണമേ. ആമേൻ. സ്നേഹം നിന്റെ സമീപത്തുണ്ട്; ഞാൻ എനിക്കുള്ളവരെ അറിയുന്നു; എനിക്കുള്ളവർ എന്നെയും അറിയുന്നു. ഇപ്പോൾ കാണുന്നവരുടെ കാഴ്ചശക്തി ഞാൻ എടുത്ത്, ഇപ്പോൾ അന്ധരായിരിക്കുന്നവർക്ക് നൽകും. വരൂ, എന്റെ കുന്തിരുക്കമായി തീരുവിൻ; എനിക്ക് യാതൊന്നും നിഷേധിക്കാതെ എന്നെ പ്രസാദിപ്പിക്കുവിൻ; ഞാനും നിന്നെ പഠിപ്പിക്കും. വരൂ. കർത്താവേ, നമ്മൾ നമുക്ക്. എന്റെ പ്രിയപ്പെട്ടവളെ, നമ്മൾ നമുക്ക്. യേശു എന്നെ വിളിക്കുന്നതായി എനിക്ക് തോന്നി; ഞാൻ അവിടുത്തെ സന്നിധിയിലേക്ക് ഓടിച്ചെന്നു. മകളെ, നീ എന്റെ കണ്ണിലെ കൃഷ്ണമണിയാണ്; ഇതിനു വിരുദ്ധമായി ആരും നിന്നെ വഞ്ചിക്കാതിരിക്കട്ടെ. നിന്റെ ദൗർബല്യം എന്നെ നിരന്തരം ആകർഷിക്കുന്നു; നിന്റെ കഴിവില്ലായ്മ എന്നെ എന്റെ ആദ്യ ശിഷ്യരെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു. അവർക്ക് നിരന്തരമായി എന്റെ വൈഭവത്തിൽ ആശ്രയിക്കേണ്ടി വന്നു. മകളെ, എന്നെ ആരാധിക്കുകയും എന്നോട് ചേർന്ന് നിൽക്കുകയും ചെയ്യുക; എന്നാൽ ഞാനാണ് ജീവൻ. എന്റെ വസൂല, നിന്റെ ദൈവമായ എന്നോടുള്ള അനുസരണം മനുഷ്യരോടുള്ള അനുസരണത്തേക്കാൾ പ്രാധാന്യമുള്ളതാണ്. ഈ വാക്കുകളെക്കുറിച്ച് ധ്യാനിക്കുവിൻ. കർത്താവേ, ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. നിന്റെ ബാഹ്യചിന്തകൾ കുറച്ചുകൊണ്ട്, നിന്റെ അന്തരംഗത്തെ എന്നിലേക്ക് ഉയർത്തുക; നിന്നെ തന്നെ ശാന്തമാക്കുവിൻ. എന്റെ സാന്നിധ്യം അനുഭവിക്കുവിൻ; ധ്യാനത്തിൽ നിന്ന് നിന്റെ ദേഹിയെ ദൈവസാന്നിധ്യത്തിൽ നിശബ്ദമായി നിലകൊള്ളുന്ന ആത്മീയ അവസ്ഥയിലേക്ക് ഉയർത്തുവിൻ. നിന്റെ ദൈവമായ എന്നെ നിശബ്ദതയിൽ സമീപിക്കുവിൻ; നിശബ്ദമായ ആരാധനയിലൂടെ എന്റെ അടുക്കലേക്ക് കടന്നുവരൂ. ഇപ്പോൾ ജപമാല പ്രാർത്ഥിക്കുവിൻ. യേശു സന്ദേശം പറഞ്ഞു തരുന്ന വേളയിൽ തന്നെ ജപമാല രഹസ്യങ്ങൾ ധ്യാനിക്കുവാനാണ് അവിടുന്ന് ഉദ്ദേശിച്ചത്. ഞാനും എന്റെ മാതാവും ഒരുമിച്ച് നിന്നെ ശ്രവിക്കുന്നു. ഞാൻ ജപമാലയുടെ ആരംഭം മുതൽ ആദ്യ രഹസ്യം വരെ പ്രാർത്ഥിച്ചു; ഇന്ന് മഹിമയുടെ രഹസ്യങ്ങളാണ് ധ്യാനിച്ചത്. ഞാൻ ഉയർത്തെഴുന്നേറ്റു; നമുക്ക് പ്രാർത്ഥിച്ചാലോ? ധ്യാനിക്കാൻ ഞാൻ നിന്നെ സഹായിക്കാം. വരൂ. ഒന്നാമത്തെ രഹസ്യം പൂർത്തിയായതിനുശേഷം. നിന്റെ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തുവിൻ. അടുത്ത രഹസ്യത്തിലേക്ക് വരൂ; ഞാൻ പിതാവിന്റെ അടുക്കലേക്ക് ആരോഹണം ചെയ്തു. പ്രിയപ്പെട്ടവളെ, പ്രാർത്ഥിക്കുക. ആമേൻ. ഇനി മഹിമയുടെ മൂന്നാമത്തെ രഹസ്യത്തിലേക്ക് പ്രവേശിക്കൂ. എന്റെ പരിശുദ്ധാത്മാവ് തീ നാവുകളുടെ രൂപത്തിൽ ഇറങ്ങിവന്നു; വരാനിരിക്കുന്ന ബന്ധകൃഷ്ടക്കായി പ്രാർത്ഥിക്കുവിൻ. ഇതിനോടകം തന്നെ നിങ്ങളുടെ തലമുറ അതിന്റെ ഈറ്റുനോവ് അനുഭവിക്കുന്നുണ്ട്. രാത്രി ഏറെക്കുറെ അവസാനിച്ചു; പ്രഭാതം ഉടൻ പൊട്ടിവിടരും. പ്രഭാതം വിടരുമ്പോൾ, രാത്രിയിൽ അനായാസം പാത്തു പതുങ്ങി നടന്ന പിശാച് ഓടിയൊളിക്കും. അതെ, കൃപയുടെ എന്റെ പരിശുദ്ധാത്മാവ് സകല മനുഷ്യരുടെയും മേൽ വർഷിക്കപ്പെടും. നിങ്ങളുടെ ഈ തലമുറയെ ഞാൻ നേരിട്ട് പോഷിപ്പിക്കും; ഞാൻ തന്നെ നിങ്ങളെ പഠിപ്പിക്കുകയും നയിക്കുകയും ചെയ്യും. ഉന്നതത്തിൽ നിന്നുള്ള എന്റെ വിശുദ്ധരും എന്റെ മാലാഖമാരും ഓരോ തെരുവ് കോണുകളിലും നിങ്ങളെ കണ്ടുമുട്ടും. എന്റെ അപ്പം ഞാൻ നിങ്ങളുടെ മേൽ വർഷിക്കും; നിങ്ങൾ സന്തോഷിച്ച് ആനന്ദിക്കുവിൻ. കർത്താവായ ഞാനാണ് ലോകത്തിന്റെ പ്രകാശം; ചെവികൾ ഉള്ളവർ കേൾക്കട്ടെ. ധൈര്യമായിരിക്കുവിൻ; നിങ്ങൾക്ക് പ്രഭാതം ഉടൻ വന്നെത്തും. വരൂ, എന്റെ നാലാമത്തെ രഹസ്യം ധ്യാനിക്കുവിൻ; എന്റെ പ്രിയ മാതാവിന്റെ സ്വർഗ്ഗാരോപണം ധ്യാനിക്കുവിൻ. അനുഗ്രഹിക്കപ്പെട്ടവളാകുവിൻ; അനുഗ്രഹിക്കപ്പെട്ടവളെ, നമുക്ക് എന്റെ അഞ്ചാമത്തെ രഹസ്യത്തിലേക്ക് പ്രവേശിക്കാം. ഈ രഹസ്യത്തിൽ, കർത്താവായ ഞാൻ എന്റെ മാതാവിനെ സ്വർഗ്ഗത്തിന്റെ രാജ്ഞിയാക്കി കിരീടം ധരിപ്പിക്കുന്നു. മഹിമയാർന്ന ഈ രഹസ്യം നീ ധ്യാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വരൂ, എന്റെ മാതാവിനോടുള്ള എല്ലാ ഭക്തിയും എന്റെ തിരുഹൃദയത്തെ സന്തോഷിപ്പിക്കുന്നു. വരൂ, സന്ദേശം എഴുതുവിൻ; ഞാൻ നിന്റെ സമീപമുണ്ട്. ദേഹി, നീ സന്തോഷിക്കുവിൻ; നിന്റെ പെൻസിൽ എടുത്ത് ഇതെല്ലാം പകർത്തുവിൻ.