ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG artwork

ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG · ദൈവത്തിലുള്ള യഥാർത്ഥ ജീവിതം

Ep 107: എന്നെ അവഗണിക്കരുത്, ഞാനും നിന്നെ അവഗണിക്കുകയില്ല.

Ep 107: എന്നെ അവഗണിക്കരുത്, ഞാനും നിന്നെ അവഗണിക്കുകയില്ല. യേശു തന്റെ സാന്നിധ്യം ഓർക്കാനും തനിക്ക് പ്രഥമ സ്ഥാനം നൽകാനും ഹൃദയം കൊണ്ട് പ്രാർത്ഥിക്കാനും വസൂലയോട് ആവശ്യപ്പെടുന്നു. "എന്നെ അവഗണിക്കരുതേ, ഞാൻ നിന്നെ അവഗണിക്കുകയില്ല" എന്ന് അവിടുന്ന് പറയുന്നു. കുറ്റം വിധിക്കാനല്ല, എല്ലാവരെയും തിരികെ കൊണ്ടുവരാനാണ് താനും യേശുവും വരുന്നതെന്ന് പരിശുദ്ധ മാതാവ് പറയുന്നു. ഈ എപ്പിസോഡിൽ: 00:00 ആമുഖം 00:21 15/11/1989 - ഇനിയും വളരെ കാര്യങ്ങൾ പറയാനുണ്ട് 01:08 16/11/1989 - എന്റെ നുകം ലഘുവാണ് 02:18 പരിശുദ്ധ മാതാവിന്റെ സന്ദേശം 03:50 20/11/1989 - എനിക്ക് പ്രഥമ സ്ഥാനം നൽകുവിൻ 04:32 22/11/1989 - എന്നെ അവഗണിക്കരുതേ 06:47 23/11/1989 - നിന്റെ മണവാളനാണ് ഞാൻ 10:17 26/11/1989 - ശിശുസഹജമായ വിശ്വാസം 11:16 27/11/1989 - എന്റെ കുരിശാണ് നിന്റെ ജീവൻ 12:32 28/11/1989 - എനിക്ക് അല്പം വിശ്രമം നൽകുവിൻ 'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം! 1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു! ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്: YouTube: https://www.youtube.com/@tlig-malayalam Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433 കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ! ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today! നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/ ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ! കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!. #TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #എന്നെഅവഗണിക്കരുത് #TrueLifeInGodMalayalam #യേശുവിന്റെസാന്നിധ്യം

Nov 152026
13 minlength
1transcript lines
Publishertranscript source

Transcript first 1 of 1 lines

എപ്പിസോഡ് 107. 15.11.1989. വിശ്രമിക്കാൻ പോകുന്നതിന് മുമ്പ് തിരുവചനത്തിൽ നിന്ന് ഒരു വചനം എനിക്ക് നൽകണമെന്ന് ഞാൻ യേശുവിനോട് അപേക്ഷിച്ചു. ഉറങ്ങാൻ പോകുന്നതിന് വിശ്രമിക്കാൻ പോകുന്നു എന്നാണ് ഞാൻ ഇപ്പോൾ പറയുന്നത്, കാരണം ഉറക്കം എന്ന് പറയുന്നത് അലർജി പോലെയാണ് ഇപ്പോൾ എനിക്ക്. എന്നാൽ യേശു എന്നെ ഉണർത്തുന്നതിന് മുമ്പ് ഞാൻ വർഷങ്ങൾ നീണ്ട ഉറക്കത്തിൽ ആയിരുന്നല്ലോ. ഞാൻ വിശുദ്ധ ബൈബിൾ തുറന്നു, ഞാൻ കണ്ട വചനം ഇതായിരുന്നു: "ഇനിയും വളരെ കാര്യങ്ങൾ എനിക്ക് നിങ്ങളോട് പറയാനുണ്ട്, എന്നാൽ അവ ഉൾക്കൊള്ളാൻ ഇപ്പോൾ നിങ്ങൾക്ക് കഴിവില്ല." യോഹന്നാന്റെ സുവിശേഷം 16-ാം അധ്യായം 12-ാം വാക്യം. ഈ തിരുവചനം വായിച്ചപ്പോൾ ഒരു വിശുദ്ധമായ നർമ്മം ഞാൻ ശ്രദ്ധിച്ചു. 16.11.1989. കർത്താവേ, എന്റെ കണ്ണുകൾ ഞാൻ അങ്ങയുടെ നേർക്ക് ഉയർത്തുന്നു; എന്റെ ദേഹിയെ ഞാൻ അങ്ങയുടെ പക്കലേക്ക് ഉയർത്തുന്നു. എന്റെ രക്ഷകനായ കർത്താവേ, അങ്ങേയ്ക്കായി ഞാൻ തീഷ്ണതയോടെ ആഗ്രഹിക്കുന്നു; അങ്ങയുടെ പരിശുദ്ധ സാന്നിധ്യമാണ് എന്റെ സന്തോഷം. കർത്താവേ, എന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എന്നെ കാത്തുസംരക്ഷിക്കണമേ. എന്റെ പുഷ്പമേ, സ്നേഹം നിന്റെ സമീപത്തുണ്ട്. നിന്റെ ആന്തരിക നേത്രങ്ങൾ കൊണ്ട് മാത്രമാണ് നിനക്ക് എന്നെ കാണാൻ കഴിയുന്നതെങ്കിലും, നിന്റെ വിശ്വാസം ദുർബലമാക്കരുത്. എന്നെ നോക്കി പുഞ്ചിരിക്കുക, അതെന്നെ പ്രസാദിപ്പിക്കുന്നു. എന്റെ കുഞ്ഞേ, എന്റെ നുകം വഹിക്കുവിൻ; എന്റെ നുകം ലഘുവും, എന്റെ ചുമട് ഭാരം കുറഞ്ഞതുമാണ്. ഞാൻ നിന്നെ പഠിപ്പിച്ചിട്ടുള്ളതുപോലെ, നിന്റെ ഹൃദയം കൊണ്ട് പ്രാർത്ഥിക്കുവിൻ. പ്രാർത്ഥിക്കുന്നതും എന്നോട് കൃപകൾ ചോദിക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്; അത് എന്റെ കല്പനയാണ്. ഓരോ നിമിഷവും എന്റെ തിരുഹൃദയത്തിൽ അഭയം പ്രാപിക്കുവിൻ. നിന്നെ സമാശ്വസിപ്പിക്കുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു; നിനക്ക് വിശ്രമം നൽകാൻ ഞാൻ തീക്ഷ്ണമായി ആഗ്രഹിക്കുന്നു. നിന്നെ പഠിപ്പിക്കാൻ എന്റെ മാതാവിനെ അനുവദിക്കുവിൻ. നമ്മുടെ പരിശുദ്ധ മാതാവ് നൽകുന്ന സന്ദേശം. എന്റെ വസൂലാ, ഞാൻ നിന്റെ സമീപത്തുണ്ട്. ഇക്കാര്യം നിനക്ക് ഉറപ്പിക്കാം: എന്റെ പുത്രനായ യേശുവിനെ സ്നേഹിച്ചുകൊണ്ട് അവിടുത്തെ സമാശ്വസിപ്പിക്കുവിൻ. യേശുവിനോട് സംസാരിച്ചുകൊണ്ടും അവിടുത്തേക്ക് പ്രഥമ സ്ഥാനം നൽകിക്കൊണ്ടും അവിടുത്തെ ആശ്വസിപ്പിക്കുവിൻ. ഒരിക്കലും ഞങ്ങളുടെ കരങ്ങളിൽ നിന്ന് പിടിവിടരുത്. യേശു വെളിപ്പെടുത്തുന്നതിനപ്പുറം നോക്കാൻ ഒരിക്കലും ശ്രമിക്കരുത്. ഞങ്ങളോടൊപ്പം നടക്കാൻ ശ്രദ്ധിക്കുവിൻ; അവിടുത്തെ ആരാധിക്കുവിൻ. സ്നേഹപൂർവ്വം അവിടുത്തെ പ്രഘോഷിക്കുവിൻ. അവിടുന്നിൽ വിശ്വാസം അർപ്പിക്കുവിൻ. നാളെയെക്കുറിച്ച് ആകുലപ്പെടരുത്; നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഇടത്തോട്ടോ വലത്തോട്ടോ നോക്കി ചഞ്ചലപ്പെടരുത്; അവിടുത്തെ ദൈവീക ഛായയെ പ്രതിഫലിപ്പിക്കുന്ന ഒരു ഉത്തമ വ്യക്തിയെ നിന്നിൽ രൂപപ്പെടുത്തുന്നതിന് വേണ്ടി നിന്റെ സമ്പൂർണ്ണ സമർപ്പണം കർത്താവ് ആഗ്രഹിക്കുന്നു. ഈ കാലഘട്ടത്തിന് നഷ്ടപ്പെട്ടിരിക്കുന്നത് ഈ ദൈവീക ഛായയാണ്. ഞങ്ങളുടെ സന്ദേശങ്ങളിലൂടെ നിങ്ങളെ കുറ്റം വിധിക്കുന്നതിനല്ല യേശുവും ഞാനും വന്നിരിക്കുന്നത്; നിങ്ങളെ കുറ്റം വിധിക്കാനോ, നിങ്ങളുടെ മേൽ കുറ്റം ആരോപിക്കാനോ അല്ല ഞങ്ങൾ വരുന്നത്. നിങ്ങളെല്ലാവരെയും ഞങ്ങളുടെ അടുക്കലേക്ക് തിരികെ കൊണ്ടുവരാനും, നിങ്ങളിൽ നിന്ന് ദൈവീക വ്യക്തികളെ രൂപപ്പെടുത്തുന്നതിനുമാണ് ഞങ്ങൾ വലിയ സ്നേഹത്തോടും കരുണയോടും കൂടെ നിങ്ങളുടെ അടുക്കലേക്ക് വരുന്നത്. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു; ഞാൻ നിന്നോടൊപ്പമുണ്ട്. പരിശുദ്ധ മാതാവേ, ഞാനും അങ്ങയെ വാഴ്ത്തുന്നു. ആമേൻ. 20.11.1989. അല്ലയോ വസൂലാ, ഞാൻ നിനക്ക് നൽകിയിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുവിൻ. വരൂ, ഞാനും നീയും, നീയും ഞാനും. മകളേ, എനിക്ക് പ്രഥമ സ്ഥാനം നൽകുവിൻ; ഞാൻ നിന്നിൽ നിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. ദൈവത്തിന്റെ പ്രിയപുത്രനും നിന്റെ രക്ഷകനുമായ യേശുക്രിസ്തുവായ ഞാൻ നിങ്ങളുടെ അടുക്കലേക്കുള്ള മടങ്ങിവരവിലാണ്. നിനക്ക് അത് മനസ്സിലാകുന്നില്ലേ? ഞാൻ എന്റെ മടക്കയാത്രയിലാണ്. താമസിയാതെ തന്നെ നിങ്ങൾ എന്റെ കാലൊച്ച കൂടുതൽ വ്യക്തമായി കേൾക്കാൻ തുടങ്ങും, കാരണം ഞാൻ നിങ്ങൾ എല്ലാവരെയും സമീപിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. ഐക്യപ്പെട്ട് ഒന്നായി തീരുവിൻ. 22.11.1989. കർത്താവേ, ദയവായി എന്നോട് അങ്ങയുടെ തിരുവചനത്തിലൂടെ സംസാരിക്കണമേ. ഞാൻ വിശുദ്ധ ബൈബിൾ തുറന്നു, ഞാൻ കണ്ട വചനം: "ദൂതൻ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും. ആകയാൽ ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ ദൈവപുത്രൻ എന്ന് വിളിക്കപ്പെടും." വിശുദ്ധ ലൂക്കായുടെ സുവിശേഷം 1-ാം അധ്യായം 35-ാം വാക്യം. മകളേ, എന്റെ സാന്നിധ്യത്തെക്കുറിച്ച് എല്ലാവരെയും ഓർമ്മിപ്പിക്കുവിൻ. ലോകത്തിന്റെ അതിർത്തി വരെ എന്റെ സന്ദേശം പ്രഘോഷിക്കുവിൻ. പ്രാർത്ഥിക്കുക, ഞാൻ നിന്നെ ശ്രവിക്കുന്നുണ്ട്. പ്രാർത്ഥിക്കുവാനുള്ള വ്യക്തമായ വാക്കുകൾ എനിക്ക് കിട്ടിയില്ല. ഞാൻ നിന്നെ സഹായിക്കാം. പിതാവേ, അങ്ങയുടെ സ്നേഹം എനിക്ക് വെളിപ്പെടുത്തണമേ, കാരണം അങ്ങയുടെ സ്നേഹം എനിക്ക് വെളിപ്പെടുത്തി തരുന്നതിലൂടെ അങ്ങയുടെ തിരുമുഖമാണ് അങ്ങ് എനിക്ക് വെളിപ്പെടുത്തി തരുന്നത്. എന്റെ മേൽ പ്രകാശിക്കണമേ. ആരും എന്നെ വഞ്ചിക്കാതിരിക്കട്ടെ. എന്റെ യജമാനനും എന്റെ അധ്യാപകനുമായ പിതാവേ, എന്റെ വഴികാട്ടിയായിരിക്കേണമേ. ജ്ഞാനത്തിന്റെ അധരങ്ങളിൽ നിന്ന് തന്നെ ഞാൻ പഠിക്കട്ടെ. ആമേൻ. ഇപ്പോൾ മനസ്സിലായില്ലേ? എന്റെ സഹായത്തിനു വേണ്ടി ചോദിക്കുക, ഞാൻ താമസം വരുത്തുകയില്ല. വരൂ, നീ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്; എന്റെ സമീപം നിലകൊള്ളുക. നിങ്ങൾ ഓരോരുത്തരും ഗ്രഹിക്കണമെന്ന് ഞാൻ നിർബന്ധിക്കുന്ന എന്റെ സാന്നിധ്യത്തെക്കുറിച്ച് ഓർക്കുവിൻ. എന്റെ സാന്നിധ്യം തന്നെ ഒരു രഹസ്യമാണ്; എന്നെ അവഗണിക്കരുതേ, ഞാൻ നിന്നെ അവഗണിക്കുകയില്ല. ഞാൻ ഇടയ്ക്ക് കയറി എന്തോ കാര്യം സംസാരിക്കാൻ തുടങ്ങി. ഞാൻ ഇപ്പോഴും നിന്നോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഞാനായിരിക്കട്ടെ നിന്റെ സമാശ്വാസകൻ. ഞാൻ നിനക്ക് നൽകിക്കൊണ്ടിരിക്കുന്ന കൃപകൾ എന്താണെന്ന് നീ പൂർണ്ണമായി മനസ്സിലാക്കുന്നില്ലെങ്കിലും, കർത്താവായ ഞാൻ നിന്നെ അവസാനം വരെ വഴി നയിക്കും. എന്റെ അനന്തമായ കരുണയാൽ ഞാൻ അനവരതം എന്റെ പരിശുദ്ധാത്മാവിനാൽ നിന്നെ നിറയ്ക്കുകയും, എന്റെ വചനങ്ങളും കല്പനയും നിന്റെ മേൽ വർഷിച്ചുകൊണ്ട് നിന്നെ എന്നിലേക്ക് ഉയർത്തുകയും ചെയ്യും. ദേവന്മാരുടെ കർത്താവായ ഞാൻ എന്റെ ദൃഷ്ടി നിന്റെ മേൽ പതിപ്പിച്ച് നിന്നെ ശ്രദ്ധിച്ചു നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്റെ സമാധാനവും എന്റെ സ്നേഹവും സ്വീകരിക്കുവിൻ. നിങ്ങൾ ഓരോരുത്തരെയും ഞാൻ അനുഗ്രഹിക്കുന്നു; നല്ലവരായിരിക്കുവിൻ. 23.11.1989. എന്റെ രാജാവേ, എല്ലാവരും ഒരൊറ്റ സക്രാരിയുടെ ചുറ്റിലും നിന്നുകൊണ്ട് അങ്ങയെ മഹത്വപ്പെടുത്തേണ്ടതിന് ഓരോ വ്യക്തിയെയും സത്യത്തിലേക്ക് നയിക്കണമേ. വീണ്ടും വീണ്ടും അങ്ങയുടെ വചനം കേട്ടിട്ടും ഗ്രഹിക്കാത്തവർ ഇത്തവണ അത് ഗ്രഹിക്കാൻ ഇടവരട്ടെ. വീണ്ടും വീണ്ടും കണ്ടിട്ടും ഗ്രഹിക്കാത്തവർ ഇത്തവണ ഗ്രഹിക്കാൻ ഇടവരട്ടെ. അങ്ങയുടെ ദൈവീക രഹസ്യത്തെക്കുറിച്ച് ധ്യാനിക്കുന്നതിന് അവരുടെ ഹൃദയത്തെ മൃദുലമാക്കണമേ. അതുവഴി അവർ അവരുടെ ബുദ്ധികൊണ്ടല്ല, മറിച്ച് അവരുടെ ഹൃദയം കൊണ്ട് ഗ്രഹിക്കുവാനും, അങ്ങനെ മാനസാന്തരപ്പെട്ട് അങ്ങ് അവരെ സുഖപ്പെടുത്തുവാനും, അവർ എന്റെ രാജാവായ അങ്ങയെ സ്തുതിക്കുവാനും ഇടയാകട്ടെ. ആമേൻ. എന്റെ കുഞ്ഞേ, ഇപ്പോൾ മൃതരായി കഴിയുന്നവരെയും ഞാൻ ഉയിർപ്പിക്കും. എന്റെ ഇഷ്ടം എന്താണെന്ന് മനസ്സിലാക്കിയിട്ടില്ലാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. എന്റെ പ്രബോധനങ്ങളിൽ ഉറച്ചുനിൽക്കുവിൻ; എന്റെ മാർഗത്തിൽ ഉറച്ചുനിൽക്കുവിൻ. എന്റെ ശരീരമായ സഭയെ മുറിവേൽപ്പിക്കുന്നവരെ നിരുത്സാഹപ്പെടുത്തുവിൻ. എന്റെ ശത്രുക്കളായ നിന്റെ ശത്രുക്കളോട് അനുകമ്പയോടെ പെരുമാറുവിൻ; അതേസമയം കർക്കശമായ രീതിയിൽ അവരെ പഠിപ്പിക്കുവിൻ. എന്റെ കുഞ്ഞേ, നീ വെക്കേണ്ട ഓരോരോ കാൽച്ചുവടിലും ഞാൻ നിന്നെ വഴി നയിക്കാം. നിന്റെ പൂർണ്ണ ഹൃദയത്തോടെ, പൂർണ്ണ വ്യക്തിത്വത്തോടെ, പൂർണ്ണ മനസ്സോടെ എന്നെ സ്നേഹിക്കുവിൻ. അങ്ങനെ എന്നെ സ്നേഹിക്കുന്നതിലൂടെ നിന്റെ ദൈവമായ എന്നെ നീ കാണും. മകളേ, ദിവസത്തിൽ ഏതാനും നിമിഷനേരത്തേക്ക് ആണെങ്കിൽ പോലും ഞാൻ നിന്നെ പഠിപ്പിച്ചിട്ടുള്ള വിധം എന്റെ അടുക്കൽ വരുവിൻ. ഇപ്രകാരം നീ എന്റെ അടുക്കൽ വരുന്നത് എന്നെ സന്തോഷിപ്പിക്കുന്നു. പ്രിയപ്പെട്ടവളേ, നിന്റെ സ്നേഹം എനിക്ക് നൽകുവിൻ; എന്റെ സ്നേഹം ഞാൻ നിനക്ക് നൽകിയിട്ടുള്ളതല്ലേ. നിന്നെ പരിപോഷിപ്പിക്കുന്ന, നിന്നെ സംതൃപ്തിപ്പെടുത്തുന്ന, നിന്നെ സമാശ്വസിപ്പിക്കുന്ന, നിന്നെ സംരക്ഷിക്കുന്ന, നിനക്കുവേണ്ടി കരുതുന്ന, നിന്റെ ദേഹിയെ എന്റെ അടുക്കലേക്ക് ഉയർത്തുന്ന നിന്റെ മണവാളനാണ് ഞാൻ. ഞാൻ എന്തോ കാര്യം പറഞ്ഞു. എനിക്കത് അറിയാം. എന്നാൽ ഈ ദൗത്യത്തിനുവേണ്ടി ഞാൻ നിന്നെ പരിശീലിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നീ തളരുമ്പോൾ എന്നിൽ ആശ്രയിക്കുവിൻ; ഞാൻ നിന്നെ ഉയർത്തിക്കൊള്ളാം. മകളേ, എന്റെ നാമത്തിൽ നീ ചെയ്യുന്നതെല്ലാം എന്നെ മഹത്വപ്പെടുത്തുന്നു. എന്നിൽ നിന്ന് ഭക്ഷിക്കുവിൻ; ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നെ സ്നേഹിക്കുന്നതിനു വേണ്ടിയാണ് ഞാൻ നിന്നെ സൃഷ്ടിച്ചിരിക്കുന്നത്. എനിക്ക് വിശ്രമം നൽകുന്നതിനു വേണ്ടിയാണ് ഞാൻ നിന്നെ സൃഷ്ടിച്ചിരിക്കുന്നത്. എനിക്കുള്ളതെല്ലാം നീയുമായി പങ്കുവെക്കുന്നതിനാണ് ഞാൻ നിന്നെ സൃഷ്ടിച്ചിരിക്കുന്നത്. ഈ തലമുറയുടെ മുകളിൽ നിബന്ധിച്ചിരിക്കുന്ന പിതാവിന്റെ നീതിയിൽ ഇളവ് വരുത്താൻ പിതാവിനോട് പ്രാർത്ഥിക്കുവിൻ. പിതാവിനെ സ്നേഹിച്ചുകൊണ്ട്, നിങ്ങളുടെ ഹൃദയം കൊണ്ട് പ്രാർത്ഥിച്ചുകൊണ്ട്, ഉപവാസം അനുഷ്ഠിച്ചുകൊണ്ട്, നിങ്ങളുടെ തെറ്റുകൾ ഏറ്റുപറഞ്ഞുകൊണ്ട്, അവിടുത്തെ ക്രോധത്തിന് ഇളവ് വരുത്തുവിൻ. സമാധാനത്തിന്റെയും പരിശുദ്ധിയുടെയും ജീവിതക്രമത്തിലേക്ക് പ്രവേശിക്കുവിൻ. എന്റെ ദൈവീകതയെ പ്രതിഫലിപ്പിച്ചുകൊണ്ട് പരിശുദ്ധമായി ജീവിക്കുവിൻ. എന്റെ വസൂലാ, ഞാൻ നിന്നെ സ്വതന്ത്രയാക്കിയതിൽ നീ സന്തോഷവതിയാണോ? അതെ, ദൈവത്തിനു സ്തുതിയായിരിക്കട്ടെ. അതിനാൽ എന്റെ മഹത്വത്തിനുവേണ്ടി നിന്നെ ഉപയോഗപ്പെടുത്താൻ എന്നെ അനുവദിച്ചുകൊണ്ട് എന്നെ തൃപ്തിപ്പെടുത്തുക. നിന്നിൽ നിന്ന് ത്യാഗപ്രവർത്തികളും സഹനങ്ങളും ക്ഷമയും ഞാൻ ആവശ്യപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കുവിൻ. എന്റെ മഹത്വത്തിനുവേണ്ടി മറ്റൊരു ചെറിയ ക്രൂശിത രൂപം ആകാൻ വേണ്ടിയാണ് ഞാൻ നിന്നെ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഗ്രഹിക്കുവിൻ. ഓരോ ചെറിയ ക്രൂശിത രൂപവും ഓരോ പ്രകാശസ്തംഭമായി തീർന്നുകൊണ്ട് നിങ്ങളെ വലയം ചെയ്തിരിക്കുന്ന അന്ധകാരത്തെ കുറച്ചുകൊണ്ടിരിക്കുന്നു. എന്നെ നിങ്ങളുടെ രാജാവായി പരിഗണിക്കുവിൻ. എനിക്ക് മനുഷ്യ വ്യക്തികളെ സമർപ്പിക്കുവിൻ. മനുഷ്യ വ്യക്തികളെ രക്ഷിക്കുന്നതിനായി ഞാൻ ദാഹിക്കുന്നു. ഞാൻ നിന്നെ സഹായിക്കും; ജ്ഞാനം നിന്നെ പഠിപ്പിക്കും. എന്റെ സമീപം നിലകൊള്ളുക; എന്റെ സാന്നിധ്യം എപ്പോഴും ഓർക്കുവിൻ. യേശുവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. 26.11.1989. കുഞ്ഞേ, സമാധാനം നിന്നോട് കൂടെ ഉണ്ടായിരിക്കട്ടെ. എന്നെ ശ്രവിക്കുവിൻ; വിവേകപൂർവ്വം ജീവിക്കുവിൻ. ഈ വെളിപാട് സന്ദേശങ്ങളിൽ ഉൾപ്പെടാത്ത കാര്യങ്ങളെക്കുറിച്ച് ആരോടും പറയരുത്. ഈ സന്ദേശങ്ങളിലെയും തിരുലിഖിതങ്ങളിലെയും എന്റെ വചനങ്ങൾ മാത്രം പ്രഘോഷിക്കുവിൻ. ഞാനാണ് നിന്റെ അധ്യാപകൻ; വിവേകമതിയായിരിക്കുവിൻ; എന്നിൽ ആശ്രയിക്കുവിൻ. ഞാനാണ് നിന്റെ രക്ഷകൻ; നിന്റെ പരിശുദ്ധനായ ദൈവം ഞാനാണ്; ആയിരിക്കുന്നവൻ ഞാനാണ്; പിന്നെ എന്തുകൊണ്ട് എന്നിൽ ആശ്രയിക്കുന്നില്ല? എന്നെ നോക്കി നീ പുഞ്ചിരിക്കുമ്പോൾ നീ എന്നെ സന്തോഷിപ്പിക്കുന്നു. ശിശുസഹജമായ വിശ്വാസം എനിക്കിഷ്ടമാണ്. വസൂലാ, ധൈര്യമായിരിക്കുവിൻ; എന്റെ എല്ലാ ശത്രുക്കളെയും ഞാൻ മറിച്ചിടും. മകളേ, ധൈര്യമായിരിക്കുവിൻ; പ്രവാസത്തിൽ കഴിയുന്നതും മരണത്തിന്റെ നിഴലിൽ ജീവിക്കുന്നതും ക്ലേശകരമാണെന്ന് എനിക്കറിയാം. എന്നാൽ എന്റെ സ്നേഹം നിനക്ക് ഉറപ്പിക്കാം; ഞാൻ നിന്റെ സമീപത്തുണ്ട്; ഏറ്റവും നിസ്സാരമായ കാര്യങ്ങളിൽ പോലും ഞാൻ നിന്നെ സഹായിക്കും. സ്നേഹം നിന്നെ സ്നേഹിക്കുന്നു. 27.11.1989. കർത്താവേ, അങ്ങായിരിക്കട്ടെ എന്റെ ശക്തികേന്ദ്രം. എന്റെ ജീവിതാവസാനം വരെ ഞാൻ അങ്ങയുടെ കുരിശിനെ ആശ്ലേഷിക്കും. അങ്ങ് എനിക്ക് നൽകിക്കൊണ്ടിരിക്കുന്ന എല്ലാ ദാനങ്ങളെ പ്രതിയും ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്റെ തിരുഹൃദയത്തിന്റെ വസൂലാ, എന്റെ സമാധാനം സ്വീകരിക്കുവിൻ. ഭയപ്പെടേണ്ട; ഞാൻ നിനക്ക് നൽകിയിട്ടുള്ള പ്രത്യേക വരദാനം ഞാൻ വന്ന് നിന്നെ എന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതുവരെ നിന്നോടൊപ്പം ഉണ്ടായിരിക്കും. ഈ വിധത്തിൽ നിന്നെ പോഷിപ്പിക്കാൻ ഞാൻ തിരുമനസ്സായതിൽ നീ സന്തോഷിക്കുവിൻ. നിന്റെ ജീവിതാവസാനം വരെ ഈ പ്രത്യേക വരദാനം നിന്നോടൊപ്പം ഉണ്ടായിരിക്കാൻ ഞാൻ അനുവദിച്ചതിൽ നീ സന്തോഷിക്കുവിൻ. നിന്നെ ഇത്രയധികമായി ഞാൻ അനുഗ്രഹിച്ചിരിക്കുന്നതിൽ നീ സന്തോഷിക്കുവിൻ. മകളേ, ഞാൻ നിനക്ക് വീണ്ടും ജീവൻ നൽകിയതിൽ നീ സന്തോഷിക്കുവിൻ. നീ എന്നിൽ അർപ്പിച്ചിരിക്കുന്ന നിന്റെ കൊച്ചു വിശ്വാസത്തെ പ്രതി ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. എന്റെ കുരിശെടുക്കുവിൻ; എന്റെ കുരിശിനെ ആശ്ലേഷിക്കുവിൻ; എന്റെ കുരിശാണ് നിന്റെ ജീവൻ. നസ്രായനായ യേശുവായ ഞാൻ നിന്നെയും എന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനു വേണ്ടി അധ്വാനിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കുന്നു. അവർ ഓരോരുത്തരെയും ഞാൻ അനുഗ്രഹിക്കുന്നു. വരൂ, നമ്മൾ നമുക്ക്. അതെ, കർത്താവേ, നമ്മൾ നമുക്ക്. അതെ, പരിശുദ്ധ മാതാവേ. 28.11.1989. എന്റെ യേശുവേ. ഇത് ഞാനാണ്; സ്നേഹം നിന്റെ സമീപത്തുണ്ട്. എന്റെ കുഞ്ഞേ, എന്റെ കുരിശ് വഹിച്ചുകൊണ്ട് എനിക്ക് അല്പം വിശ്രമം നൽകുവിൻ. സ്നേഹം ക്ഷീണിതനാണ്; വിശ്രമം അത്യാവശ്യമായിരിക്കുന്നു. എന്റെ കുഞ്ഞേ, എന്നെ പരിത്യജിക്കരുതേ. ഞാൻ നിന്നിൽ അറിവും വിവേചനപരവും നിവേശിപ്പിക്കും. എന്നാൽ നിന്റെ അനുദിനമുള്ള പൂർണ്ണമായ സമർപ്പണം ഞാൻ ആഗ്രഹിക്കുന്നു; അല്ലാത്തപക്ഷം എന്റെ തിരുഹിതം എങ്ങനെ ഞാൻ നിന്നിൽ പ്രവർത്തനക്ഷമമാക്കും? വരൂ, എന്റെ സാന്നിധ്യം ഓർക്കുവിൻ; സ്നേഹം നിന്നെ അനുഗ്രഹിക്കുന്നു.

More ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG episodes →