ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG · ദൈവത്തിലുള്ള യഥാർത്ഥ ജീവിതം
Ep 106: സഭ പുനരുജ്ജീവിക്കും കർത്താവ് സ്നേഹത്തോടെ തന്റെ ജനത്തിലേക്ക് മടങ്ങിവരികയാണെന്നും, മാനസാന്തരപ്പെടാനും ഇടവിടാതെ പ്രാർത്ഥിക്കാനും ആവശ്യപ്പെടുന്നു. "എന്റെ സഭ പുനർജീവിക്കും" എന്നും സഭയിലെ ഉന്നതസ്ഥാനങ്ങളിലുള്ള വഞ്ചകരെ മറിച്ചിടുമെന്നും അവിടുന്ന് പറയുന്നു. ദുർബലരെയാണ് താൻ തിരഞ്ഞെടുക്കുന്നതെന്നും റഷ്യയെ ഉയർപ്പിക്കുമെന്നും അറിയിക്കുന്നു. ഈ എപ്പിസോഡിൽ: 00:00 ആമുഖം 00:21 07/11/1989 - ദുർബലരായ ഉപകരണങ്ങളെ തിരഞ്ഞെടുക്കുന്നു 02:18 08/11/1989 - എന്റെ മുന്തിരിത്തോട്ടങ്ങൾ വിസ്തൃതമാക്കും 06:01 09/11/1989 - ഞാൻ നിന്നെ തിരഞ്ഞെടുത്തത് എന്തിന് 10:45 13/11/1989 - എന്റെ സഭ പുനർജീവിക്കും; റഷ്യ ഉയിർക്കും 16:20 14/11/1989 - ധൃതി വേണ്ട; വിശ്വാസം ചോദിക്കാം 'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം! 1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു! ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്: YouTube: https://www.youtube.com/@tlig-malayalam Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433 കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ! ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today! നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/ ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ! കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!. #TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #സഭപുനർജീവിക്കും #RussiaWillRise #ChurchRenewal
എപ്പിസോഡ് 106. 7/11/1989, എന്റെ യേശുവേ. ഇത് ഞാനാണ്; സമാധാനം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. ഞാൻ നിന്നെ പഠിപ്പിച്ചിട്ടുള്ള രീതിയിൽ തന്നെ എന്നെ സ്വീകരിക്കുവിൻ. പുഷ്പമേ, എന്നെ സ്നേഹിക്കുവിൻ; എന്നെ സ്വാംശീകരിച്ച് സ്വീകരിക്കുവിൻ. എന്റെ പ്രാവേ, നീ എന്റെ പ്രതിബിംബമായി തീരുവിൻ. എന്റെ കർത്താവേ, എന്തുകൊണ്ടാണ് അക്ഷരത്തെറ്റുകൾ ഉണ്ടാകുന്നതെന്ന് മനസ്സിലാക്കാൻ എന്നെ അനുവദിക്കാമോ? വസൂല, അക്ഷരത്തെറ്റുകൾ നിന്റെതാണ്, എന്റെതല്ല. നീ അപൂർണ്ണയും പലവിധ ബലഹീനതകളും ഉള്ളവൾ ആയതിനാലാണ് ഞാൻ നിന്നെ തിരഞ്ഞെടുത്തത്. ദൈവമായ ഞാൻ ദുർബലരായ ഉപകരണങ്ങളെ തിരഞ്ഞെടുക്കുന്നു; കാരണം അവരുടെ ദൗർബല്യത്തിലാണ് എന്റെ ശക്തി അതിന്റെ ഏറ്റവും മികച്ച രീതിയിൽ പ്രകടമാകുന്നത്. എങ്കിലും ചിലപ്പോഴൊക്കെ എനിക്ക് അറിയാത്ത പുതിയ വാക്കുകൾ നൽകുന്നുണ്ടല്ലോ. അത് ശരിയാണ്; ആവശ്യമുള്ളപ്പോൾ ഞാൻ അങ്ങനെ പുതിയ വാക്കുകൾ നൽകാറുണ്ട്. എന്റെ നിയന്ത്രണത്തിലാണ് നീ; ഇത് എന്റെ കൈയെഴുത്താണെന്ന് വിശ്വസിക്കുന്നത് തെറ്റാണ്. കർത്താവേ, അങ്ങനെയെങ്കിൽ കൈയെഴുത്തിലെ വ്യത്യാസം എങ്ങനെയാണ് സംഭവിക്കുന്നത്? എനിക്ക് ഇത് ഇഷ്ടമാണ്. എന്റെ ഉപകരണങ്ങളായി ഞാൻ സ്വീകരിക്കുന്നവരുടെ എല്ലാ അപൂർണ്ണതകളോടും ബലഹീനതകളോടും കൂടി അവരെ ഉപയോഗപ്പെടുത്തിക്കൊണ്ട്, എന്റെ ജ്ഞാനവും വചനവും അവർക്കും മറ്റുള്ളവർക്കും നൽകിക്കൊണ്ട് ഞാൻ അവരെ പോഷിപ്പിക്കുന്നു. എന്റെ വചനങ്ങൾ പലപ്പോഴും പ്രതീകാത്മകമാണെങ്കിലും, പലരും അവയെ വാച്യാർത്ഥത്തിൽ എടുക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാൽ ഇതും അവരുടെ ദൗർബല്യത്തെയും, അവരുടെ അനുസരണത്തെയും, അവരുടെ ശിശുസഹജമായ വിശ്വാസത്തെയും, എന്നെ പ്രസാദിപ്പിക്കാനുള്ള അവരുടെ ആഗ്രഹത്തെയും സൂചിപ്പിക്കുന്നു. പരീക്ഷണങ്ങൾ വരുമ്പോൾ ഉറച്ചുനിൽക്കുന്ന മനുഷ്യൻ ഭാഗ്യവാനാണ്. വരൂ, എന്റെ കുഞ്ഞേ; ഞാൻ ആഗ്രഹിക്കുന്നതുപോലെ നിന്നെ ഉപയോഗിക്കാൻ എന്നെ അനുവദിക്കുവിൻ. നിന്റെ ത്യാഗങ്ങൾ ഒന്നും വ്യർത്ഥമാവുകയില്ല; എന്നോടൊന്നായി തീരുവിൻ, സ്നേഹം നിന്നെ സ്നേഹിക്കുന്നു. 8/11/1989. എന്റെ വസൂല, എന്നിൽ ആശ്രയിക്കുവിൻ; എന്നെ പ്രസാദിപ്പിക്കുവിൻ; നിന്റെ വിശ്വസ്തതയുടെ പ്രതിജ്ഞ നവീകരിക്കുവിൻ. എന്റെ രക്ഷകനായ കർത്താവേ, അങ്ങയോടുള്ള എന്റെ വിശ്വസ്തതയുടെ പ്രതിജ്ഞ ഞാൻ നവീകരിക്കുന്നു. ഈ പ്രതിജ്ഞ പാലിക്കാൻ എന്നെ സഹായിക്കണമേ. കർത്താവേ, അങ്ങ് എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; എന്റെ ദേഹിയെ അങ്ങ് ഉയർത്തിയെടുത്തിരിക്കുന്നു. അങ്ങയുടെ പ്രകാശത്തിൽ ജീവിക്കാൻ അങ്ങ് എന്നെ അനുവദിക്കുന്നു. അങ്ങയുടെ മഹോന്നതമായ ദാനങ്ങളാൽ അങ്ങ് എന്റെ നഗ്നത മറച്ചിരിക്കുന്നു; അങ്ങ് എന്നെ നവീകരിച്ചിരിക്കുന്നു. അങ്ങ് ലാസറിനെ ഉയർപ്പിച്ചതുപോലെ അങ്ങ് എന്നെയും ഉയർപ്പിച്ചിരിക്കുന്നു; അങ്ങ് എന്നെ മോചിപ്പിച്ചു. ഞാൻ അങ്ങയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. എന്റെ തിരുഹൃദയത്തിന്റെ പ്രിയപ്പെട്ടവളേ, എന്നിൽ ആശ്രയിക്കുവിൻ; ഞാനും നീയും, നീയും ഞാനും. നമ്മൾ ഒരുമിച്ച് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ കുരിശ് പങ്കുവയ്ക്കും, അല്ലയോ വസൂല? നീ ഇപ്പോൾ എന്റെതാണ്; നീ സ്വതന്ത്രയാണ്; നീ ഇപ്പോൾ ജീവിക്കുന്നു. എന്നെ ശ്രവിച്ചെഴുതുക; എന്റെ മുന്തിരിത്തോട്ടങ്ങളെ ഞാൻ ഇനിയും കൂടുതലായി വിസ്തൃതമാക്കും. കാരണം ഈ തലമുറയിലെ മനുഷ്യർ തങ്ങളുടെ ഇടതു കരവും വലതു കരവും തമ്മിൽ വേർതിരിച്ചറിയാൻ കഴിവില്ലാത്ത വിധം ആത്മീയത നഷ്ടപ്പെട്ട ജഡിക മനുഷ്യരായി തീർന്നിരിക്കുന്നു. അവർ മുഖം മറയ്ക്കപ്പെട്ട് അന്ധകാരത്തിൽ വസിക്കുന്നതിനാൽ, നിങ്ങളെ എല്ലാവരെയും ഈ വിധത്തിൽ സന്ദർശിക്കാൻ ഞാൻ വരികയാണ്. ഞാൻ നിങ്ങളുടെ അടുക്കലേക്ക് മടങ്ങി വരികയാണ്; ആർക്കും എന്നെ തടയാൻ കഴിയുകയില്ല. മൃഗത്തിന്റെ ശക്തിയുടെ, സാത്താന്യ ശക്തിയുടെ തണലിൽ കഴിയുന്നവരെ എന്റെ മുന്തിരിത്തോട്ടങ്ങൾ ചവിട്ടിമെതിച്ച് സർവ്വനാശം വരുത്തുവാൻ അയച്ചിട്ടുണ്ടെങ്കിലും, ഞാൻ എന്റെ ശക്തിയാൽ എന്റെ മുന്തിരിത്തോട്ടങ്ങളെ കൂടുതലായി വിസ്തൃതമാക്കിക്കൊണ്ടിരിക്കും. പരിശുദ്ധനായ ദൈവവും നരകത്തിൽ നിബധിച്ച നശിച്ച മാലാഖമാരുമായിട്ടുള്ള ഒരു വിശുദ്ധ യുദ്ധമാണിത്; കൂടാതെ ഈ യുദ്ധത്തിന്റെ പ്രകമ്പനം ഭൂമി അനുഭവിച്ചറിയുന്നുണ്ട്. എന്റെ കുഞ്ഞാടുകൾക്ക് ഭക്ഷണം നൽകുന്നതിൽ നിന്ന് എന്നെ ഒരുവനും തടയുകയില്ല. ഞാൻ വെറും വാക്കുകളല്ല; കർത്താവായ ഞാൻ ശക്തിയാണ്. നിങ്ങളുടെ ഈ തലമുറയിലേക്ക് ഞാൻ വരുന്നത് ഭീഷണികളുമായിട്ടല്ല; നിങ്ങൾ മാനസാന്തരപ്പെടണമെന്ന് നിങ്ങളോട് പറയാനാണ് ഞാൻ വരുന്നത്. നിങ്ങളുടെ മേൽ പ്രശോഭിച്ച് പ്രകാശിക്കാനാണ് ഞാൻ വരുന്നത്. സർവ്വകാരുണ്യവാനായ ഞാൻ നിങ്ങളിലേക്ക് ഇറങ്ങി വരുന്നു; നിങ്ങളെ എന്റെ അടുക്കലേക്ക് മടക്കി കൊണ്ടുവരുവാനാണ് വലിയ സ്നേഹത്തോടെ ഞാൻ നിങ്ങളുടെ അടുക്കലേക്ക് വരുന്നത്. കർത്താവായ ഞാൻ സ്നേഹവും കരുണയും നിറഞ്ഞ ദൈവമാണ്. കർത്താവായ ഞാൻ നിങ്ങളുടെ വരണ്ടുണങ്ങിയ തരിശുനിലങ്ങളെ മുന്തിരിത്തോട്ടങ്ങളാക്കി മാറ്റുന്നവനാണെന്ന് മനസ്സിലാക്കുന്നതിൽ നിങ്ങൾ മന്ദഗതിക്കാരാകരുതേ. ഇനി അല്പകാലത്തിനുള്ളിൽ നിങ്ങൾ കാത്തിരിക്കുന്ന കർത്താവായ ഞാൻ വരും; ഞാൻ ഒട്ടും താമസിക്കുകയില്ല. എന്റെ വരവിന്റെ മണിക്കൂർ അത്യധികം പ്രധാനപ്പെട്ടതാണ്. എന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള എന്റെ വാഗ്ദാനം ഈ അടുത്ത കാലത്ത് ഞാൻ നിങ്ങൾക്ക് നൽകിയിരുന്നു. വളരെ ഗൗരവത്തോടെ ഞാൻ നിങ്ങളോട് പറയുന്നു: നിങ്ങളുടെ അടുക്കലേക്കുള്ള മടക്കയാത്രയിലാണ് ഞാൻ ഇപ്പോൾ. ഇതാ, സ്നേഹം തിരിച്ചുവരുന്നു; സ്നേഹം സ്നേഹമായിട്ട് തന്നെ നിങ്ങളിലേക്ക് മടങ്ങി വരും. കർത്താവായ ഞാൻ സ്നേഹമാണ്; ഞാൻ നിങ്ങളുടെ മധ്യേ വസിക്കും. കാലത്തെ തിരിച്ചറിയുവാൻ, വിവേചിച്ചറിയുവാൻ പരിശ്രമിക്കുവിൻ. നിങ്ങൾ പശ്ചാത്തപിക്കുകയും ഉപവസിക്കുകയും ഇടവിടാതെ പ്രാർത്ഥിക്കുകയും ചെയ്യുന്നില്ലെങ്കിൽ, എന്റെ പ്രകാശം കാണാൻ നിങ്ങൾക്ക് കഴിയുകയില്ലെന്ന് വളരെ ഗൗരവത്തോടെ ഞാൻ നിങ്ങളോട് പറയുന്നു. സമയം ഉള്ള ഇപ്പോൾ തന്നെ എന്റെ ഫലങ്ങൾ ഭക്ഷിക്കുവിൻ; മാനസാന്തരപ്പെടുവിൻ; പരിശുദ്ധമായി ജീവിക്കുവിൻ. ഒരിക്കലും പ്രാർത്ഥന നിർത്തരുത്; മനുഷ്യവർഗ്ഗത്തിന്മേൽ എന്റെ പരിശുദ്ധാത്മാവ് പടർന്നു വ്യാപിച്ചുകൊണ്ടിരിക്കും. കാലത്തിന്റെ അടയാളങ്ങളെ വായിച്ചറിയുവിൻ; ഞാൻ സദാസമയവും സന്നിഹിതനാണ്. മകളെ വരൂ; സ്നേഹം നിന്നെ അനന്തമായി സ്നേഹിക്കുന്നു. 9/11/1989. വീണ്ടും തെറ്റിലായേക്കുമോ എന്ന ഭയത്തോടെ ഈ രീതിയിൽ ഞാൻ കർത്താവിന്റെ അടുക്കൽ വരുന്നു. ഇതെല്ലാം എന്തുകൊണ്ടോ എനിക്ക് പൂർണ്ണമായി മനസ്സിലാകുന്നില്ല. ഞാൻ വീണ്ടും ഒരു പരീക്ഷണത്തിലൂടെയാണ് കടന്നുപോകുന്നത്; എങ്കിലും അങ്ങ് എന്നെ പഠിപ്പിച്ചിരിക്കുന്ന ഈ രീതിയിൽ തന്നെ ഞാൻ അങ്ങയുടെ അടുക്കൽ വരുന്നു. യേശുവേ. ഇത് ഞാനാണ്; സമാധാനത്തിലായിരിക്കുവിൻ. എന്റെ വസൂല, ഞാൻ നിനക്ക് നൽകിയിരിക്കുന്ന ദാനം എടുത്തുകളയാൻ ആരെയും അനുവദിക്കരുത്. എന്റെ കർത്താവേ, അങ്ങനെ സംഭവിക്കാൻ അനുവദിക്കരുതേ. ഞാൻ അത് അനുവദിക്കുകയില്ല; എന്നാൽ എന്റെ പ്രബോധനങ്ങൾ നിന്റെ മനസ്സിൽ സൂക്ഷിക്കുവിൻ. കർത്താവായ ഞാൻ എങ്ങനെയാണ് നിന്റെ അടുക്കൽ വന്നതെന്ന് ഓർക്കുവിൻ. യേശുവേ, എന്റെ ഭയം അങ്ങേയ്ക്ക് അറിയാം. എനിക്ക് നിന്റെ ഭയം അറിയാം. എന്റെ മനോവിഷമങ്ങളും അങ്ങേയ്ക്ക് അറിയാം. എനിക്ക് അവ അറിയാം. ചിലപ്പോൾ ഞാൻ തെറ്റിലാണോ എന്ന് ഞാൻ ഭയപ്പെടുന്നു. എനിക്കറിയാം; എന്റെ അനുകമ്പ നിന്നോടൊപ്പമുണ്ട്. നിന്നെ എന്റെ തിരുഹൃദയത്തോട് കൂടുതലായി ചേർത്തുപിടിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. നീ ഭയപ്പെടേണ്ട; സമാധാനത്തിലായിരിക്കുവിൻ. ഇന്ന് ഞാൻ നിന്നോട് പറയുന്നു: നിനക്കുള്ളതെല്ലാം എന്നിൽ നിന്നാണ് വരുന്നതെന്ന് ഞാൻ നിനക്ക് തെളിയിച്ചു തരാം. ക്ഷമയോടെ ഇരിക്കാൻ പഠിക്കുവിൻ; എന്നിൽ നിന്ന് പഠിക്കുവിൻ. എന്നെ ശ്രവിക്കുവിൻ; എന്നിൽ ആശ്രയിക്കുവിൻ. നിന്റെ സമയം എനിക്കായി സമർപ്പിക്കുവിൻ. ഒരിക്കലും പ്രാർത്ഥന അവസാനിപ്പിക്കരുത്. വസൂല, എപ്പോൾ മുതലാണ് നീ എന്നെ സ്നേഹിക്കാൻ തുടങ്ങിയത്? എന്റെ കാവൽമാലാഖ ദാനിയേൽ എന്നെ സന്ദർശിച്ചതിനു ശേഷം. ഈ വിധത്തിൽ അങ്ങ് എന്നെ സമീപിച്ച് അങ്ങയുടെ സന്ദേശങ്ങൾ എന്നെക്കൊണ്ട് എഴുതിക്കാൻ തുടങ്ങിയത് മുതൽ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. സന്ദേശങ്ങൾ മുഖേന ഞാൻ നിന്റെ അടുക്കൽ വന്നു. സന്ദേശങ്ങൾ മുഖേന അങ്ങ് എന്നെ ഉയർപ്പിച്ചിരിക്കുന്നു. സന്ദേശങ്ങൾ മുഖേന അങ്ങ് എന്നെ രൂപപ്പെടുത്തിയിരിക്കുന്നു. സന്ദേശങ്ങൾ മുഖേന എന്റെ ജ്ഞാനം ഞാൻ നിന്നെ പഠിപ്പിച്ചിരിക്കുന്നു. സന്ദേശങ്ങൾ മുഖേന ഞാൻ നിന്നെ രൂപാന്തരപ്പെടുത്തിയിരിക്കുന്നു. സന്ദേശങ്ങൾ മുഖേന അനേകം അവിശ്വാസികളെ ഞാൻ മാനസാന്തരപ്പെടുത്തിയിരിക്കുന്നു. സന്ദേശങ്ങൾ മുഖേന എന്റെ സഭയുടെ ഇപ്പോഴത്തെ യഥാർത്ഥ അവസ്ഥ ഞാൻ നിന്നെ കാണിച്ചിരിക്കുന്നു. സന്ദേശങ്ങൾ മുഖേന എന്റെ തിരുഹൃദയം ഞാൻ നിനക്ക് കാണിച്ചുതന്നു. ഞാൻ നിനക്ക് നൽകിക്കൊണ്ടിരിക്കുന്ന തീക്ഷ്ണത നിന്റെതാണ്, നിന്നിൽ നിന്ന് വരുന്നതാണെന്ന് എങ്ങനെ നിനക്ക് വിശ്വസിക്കാൻ പറ്റും? പുഷ്പമേ, ഞാൻ നിന്നെ തിരഞ്ഞെടുത്തത് നീ വളരെയധികം നികൃഷ്ടയായതിനാലും എന്റെ സഭയിൽ നിന്ന് വളരെ വിദൂരത്തിൽ കഴിഞ്ഞവളായതിനാലുമാണ്. ഞാൻ നിന്നെ തിരഞ്ഞെടുത്തത് നീ മൃതയായിരുന്നതിനാലാണ്. എന്റെ പദ്ധതികൾ നിറവേറ്റാൻ എനിക്ക് മനുഷ്യരുടെ ശക്തിയോ അവരുടെ വിശുദ്ധിയോ ആവശ്യമില്ലെന്ന് ലോകത്തെ കാണിച്ചു കൊടുക്കാനാണ് ഞാൻ നിന്നെ തിരഞ്ഞെടുത്തത്. തിരുലിഖിതങ്ങളിൽ പറയുന്നതുപോലെ, വിജ്ഞാനികളെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ ഭോഷന്മാരായവരെയും ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ അശക്തമായവയെയും ദൈവം തിരഞ്ഞെടുത്തു. ലോകദൃഷ്ടിയിൽ നിസ്സാരങ്ങൾ ആയവരെയും അവഗണിക്കപ്പെട്ടവയെയും ദൈവം തിരഞ്ഞെടുത്തു. ഒന്നുമില്ലായ്മ ആയിരിക്കുന്നവരെ തിരഞ്ഞെടുത്ത് അവർക്ക് എല്ലാം ഉണ്ടെന്ന് കാണിച്ചു കൊടുക്കാൻ ദൈവം ഏറ്റവും എളിയവരെ തിരഞ്ഞെടുത്തു. യേശു ഉദ്ഘോഷിച്ചു: "സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങൾ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്ന് മറിച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു." വിശുദ്ധ മത്തായിയുടെ സുവിശേഷം 11-ാം അധ്യായം 25-ാം വാക്യം. എന്റെ കുഞ്ഞേ, സമാധാനത്തിലായിരിക്കുവിൻ. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ കുരിശ് ലോകത്തെ മാനസാന്തരത്തിനും സ്നേഹത്തിനും സമാധാനത്തിനും ഐക്യത്തിനുമായി വിളിക്കുന്നു. മനുഷ്യവംശത്തെ ദൈവീകതയിലേക്ക് കൊണ്ടുവരാനാണ് ഈ സന്ദേശങ്ങളിലൂടെയുള്ള എന്റെ പ്രവർത്തികൾ. എന്റെ കാരുണ്യത്തിൽ നിന്നാണ് എന്റെ പ്രവർത്തികൾ ഉത്ഭവിക്കുന്നത്. എന്റെ വസൂല, എന്റെ തിരുഹൃദയത്തിൽ പ്രവേശിച്ച് അവിടെ വിശ്രമിക്കുവിൻ. സ്വാതന്ത്ര്യം എന്നത് ദൈവത്തെ സ്നേഹിക്കുക എന്നതാണ്. ഞാൻ നിന്നെ സ്വതന്ത്രയാക്കി. ദൈവത്തിന് മഹത്വം; നമ്മുടെ കർത്താവ് സ്തുതിക്കപ്പെടട്ടെ. നസ്രായനായ യേശുവായ ഞാൻ നിന്റെ സമീപമുണ്ട്. ഇന്ന് ഞാൻ എന്റെ തീർത്ഥാടന പ്രതിമ മുഖേന നിന്റെ അടുക്കൽ വരും. യേശുവിന്റെ തിരുഹൃദയത്തിന്റെ തീർത്ഥാടന പ്രതിമ ഓരോ ഭവനത്തിലും ഒമ്പത് ദിവസത്തേക്ക് പ്രതിഷ്ഠിച്ച് അവിടുത്തെ ആരാധിക്കുന്ന രീതിയെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. നീ എന്നോട് ചോദിക്കുന്ന കൃപകൾ ഞാൻ നിനക്ക് ഒരിക്കലും നിഷേധിക്കുന്നില്ല. അനുഗ്രഹീതയായിരിക്കുവിൻ; ഞാൻ നിന്നെ സഹായിക്കും. പ്രാർത്ഥിക്കുവിൻ; കാരണം പ്രാർത്ഥന എന്നോടുള്ള സംഭാഷണമാണ്. നീ പ്രാർത്ഥിക്കുമ്പോൾ ഞാൻ നിന്നെ ശ്രവിച്ചുകൊണ്ടിരിക്കും. എന്റെ കുഞ്ഞുമാലാഖയേ, ഞാനും നിന്നോടൊപ്പമുണ്ട്. നമ്മൾ നമുക്ക്. ഇത് പറഞ്ഞത് പരിശുദ്ധ മാതാവാണ്. എന്നെന്നേക്കും. 13/11/1989. എന്റെ കുഞ്ഞേ, സമാധാനം നിന്നോട് കൂടെ ഉണ്ടായിരിക്കട്ടെ. സ്നേഹത്തിനുവേണ്ടി സ്നേഹപൂർവ്വം സുവിശേഷം പ്രഘോഷിക്കുവിൻ. എന്റെ സഭ പുനർജീവിക്കും. എന്തെന്നാൽ, സഭയിലെ ഉന്നതസ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുന്ന വഞ്ചകരെ കർത്താവായ ഞാൻ അവരുടെ ഇരിപ്പിടങ്ങളിൽ നിന്ന് മറിച്ചിടും. മകളെ, എന്റെ ശിരസ്സിൽ വലിയ തോതിൽ രക്തസ്രാവം ഉണ്ടാക്കുന്ന ഈ മുള്ളുകളെ നീക്കി കളയുവിൻ. മകളെ, നീ അവരെ ഭയപ്പെടരുത്; കാരണം ഞാൻ നിന്റെ സമീപത്തുണ്ട്. എന്റെ ശക്തിയാലും എന്റെ വലിയ കാരുണ്യത്താലും ഈ വഞ്ചകർ ഓരോരുത്തരെയും ഞാൻ മറിച്ചിടും. എന്റെ കുഞ്ഞേ, ഒട്ടും സ്നേഹിക്കപ്പെടാതിരുന്ന നിന്റെ സഹോദരിയായ റഷ്യയെ പ്രതി സ്വർഗ്ഗം മുഴുവനും നീണ്ടകാലത്തെ ദുഃഖാചരണത്തിലായിരുന്നു. കാരണം, വർഷങ്ങളോളം ഞങ്ങൾ ഞങ്ങളുടെ കൈപ്പുള്ള കണ്ണുനീർ കുടിച്ചിറക്കുകയായിരുന്നു. അല്ലയോ, റഷ്യാ, വെറും ജഡികിയായ സൃഷ്ടി, വെറും പൊടിയും ചാരവുമായ സൃഷ്ടി, തിന്മ നിന്റെ ഗർഭപാത്രത്തിൽ ചുരുണ്ടുകൂടി കിടക്കുന്നു. അത്യുന്നതനായ കർത്താവായ ഞാൻ നിന്നെ ഉയർപ്പിക്കും; കാരണം ഞാനാണ് പുനരുത്ഥാനം. ഞാൻ നിന്നെ പരിചരിച്ച് ജീവനിലേക്ക് തിരികെ കൊണ്ടുവരും. ഞാൻ രൂപാന്തരപ്പെട്ടതുപോലെ തന്നെ, നിന്റെ മേലുള്ള എന്റെ കരത്താൽ ഞാൻ നിന്നെയും രൂപാന്തരപ്പെടുത്തിക്കൊണ്ട് ഒരു മഹത്തായ രാജ്യമാക്കി മാറ്റും. നിന്നെ രാജകീയമായ വെള്ള വസ്ത്രങ്ങൾ അണിയിക്കും. സ്വർഗ്ഗവാസികൾ ദുഃഖാചരണത്തിന്റെ അവരുടെ വിലാപ വസ്ത്രങ്ങൾ മാറ്റിക്കളയും. സ്വർഗ്ഗവാസികളുടെ കൈപ്പുള്ള കണ്ണുനീർ സന്തോഷത്തിന്റെ കണ്ണുനീരായി മാറും. സ്വർഗ്ഗവാസികൾ എല്ലാം നിന്റെ ഉയർത്തെഴുന്നേൽപ്പ് ആഘോഷമാക്കും. നിന്റെ പരിശുദ്ധ മാതാവിന്റെ പാദത്തിനരികിലിരുന്ന് അവിരാമം ആദിസ്ഥം പ്രാർത്ഥിച്ചു കൊണ്ടിരുന്ന വിശുദ്ധരായ രക്തസാക്ഷികൾ, നിന്റെ ഉയർപ്പ് ദിനത്തിൽ എന്റെ അമ്മയോടും അസംഖ്യം വിശുദ്ധ മാലാഖമാരോടും ഒപ്പം നിന്റെ മക്കളുടെ ഭവനങ്ങളിലേക്ക് ഇറങ്ങി വന്ന് അവിടെ വാസം ഉറപ്പിക്കും. ഞാൻ അവർക്ക് എന്റെ ശരീരം ഭക്ഷിക്കാനും രക്തം പാനം ചെയ്യാനും നൽകും. എന്നെ സ്തുതിച്ചുകൊണ്ട് വലിയ സ്നേഹത്താൽ റഷ്യ എന്നെ ഭക്ഷിക്കുകയും എന്നെ പാനം ചെയ്യുകയും ചെയ്യും. നിങ്ങളുടെ കാലഘട്ടത്തിലും വരാനിരിക്കുന്ന തലമുറകളിലും എന്റെ റഷ്യ അവരുടെ മഹത്തായ മാനസാന്തരം നിമിത്തം ഒരു ജീവിക്കുന്ന സാക്ഷ്യമായിരിക്കും. അനേകരാൽ അല്പം പോലും സ്നേഹിക്കപ്പെടാതിരുന്ന നിന്റെ സഹോദരിയായ റഷ്യ, അവളുടെ സകല ദുഷിച്ച സ്വഭാവവും ഉപേക്ഷിച്ചുകൊണ്ട്, അവളുടെ സർവ്വശക്തിയോടെ എന്നെ അവളുടെ ദൈവം എന്ന് വിളിക്കും. വസൂല, നിനക്ക് എന്നെ കേൾക്കാൻ കഴിയുന്നുണ്ടോ? നിന്റെ സഹോദരി റഷ്യയുടെ മക്കളുടെ വിലാപം കേൾക്കുവിൻ. റഷ്യയുടെ മക്കളെ പ്രതി മാത്രമല്ല, ദൈവത്തിന്റെ വ്യസനത്തെ പ്രതിയും ഞാൻ കരയാൻ തുടങ്ങി. റഷ്യയുടെ മക്കൾ വിലപിക്കുകയും നെഞ്ചുപൊട്ടി കരയുകയും ചെയ്യുന്നു. എന്റെ റഷ്യയുടെ മക്കളാണ് ഈ കരയുന്നവർ. അവരുടെ വിലാപം സ്വർഗ്ഗം മുഴുവനും കേൾക്കുന്നുണ്ട്. അവരുടെ സങ്കടകരമായ വിലാപം സ്വർഗ്ഗവാസികളെ ആഴത്തിൽ സ്പർശിച്ചിരിക്കുന്നു. അവളെ നിരന്തരം സ്നേഹിച്ചിരുന്ന ഞാൻ അവളുടെ മൃതശരീരത്തിന് സമീപമുണ്ട്. അവളുടെ മരവിച്ച ഹൃദയത്തിൽ എന്റെ കരം വെച്ചിരിക്കുന്നു. അവളുടെ ശവക്കല്ലറയിൽ നിന്ന് അവളുടെ അസ്ഥികൾ ജീവൻ പ്രാപിക്കും. മറ്റുള്ളവർ അവളെക്കുറിച്ച് നല്ലത് പറയും. അവളുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ അലങ്കാര വസ്ത്രങ്ങൾ അണിയിക്കും. ഇനിമുതൽ അവളും ഞാനും തമ്മിൽ ഒരു സമാധാന ഉടമ്പടി ഒപ്പുവെച്ച് മുദ്രയടിക്കും. ഞാൻ റഷ്യയെ സ്നേഹിക്കുന്നു. ഞാൻ അവളെ എക്കാലവും സ്നേഹിച്ചിരുന്നു. എന്നോടുള്ള അവളുടെ അവിശ്വസ്തതയും ദുഷ്ടതയും നിറഞ്ഞ പ്രവർത്തികളുടെ ഇടയിൽ പോലും ഞാൻ അവളെ അനുഗ്രഹിച്ചു ആശീർവദിച്ചു. ഇതായിരിക്കും എന്റെ മഹിമയാർന്ന അത്ഭുത പ്രവർത്തി. കാത്തിരുന്നു കാണുക. കാരണമില്ലാതെ എന്നെ വെറുത്തുകൊണ്ട് വിദ്വേഷത്തിൽ ഉറങ്ങിക്കിടക്കുന്നവരെ ഞാൻ ജീവനിലേക്ക് തിരികെ കൊണ്ടുവരും. കാരണം അവരും അവളുടെ റഷ്യയുടെ പുത്രന്മാരാണല്ലോ. അവരും അവളുടെ ഉദരത്തിൽ കഴിയുന്നവരാണല്ലോ. ഇതെല്ലാം താമസിയാതെ സംഭവിക്കും. മകളെ, ഞാൻ അത്യുന്നതനായ പരിശുദ്ധനായ ദൈവമാണ്. ഞാൻ ഏറ്റവും പരിശുദ്ധ ത്രിയേക ദൈവമാണ്. എന്നെ പ്രസാദിപ്പിക്കുവിൻ. ഇന്ന് നീ എന്നെ ശ്രവിച്ചതുപോലെ എന്നെ ശ്രവിക്കുവിൻ. ദൈവം സന്തുഷ്ടനായതുപോലെ കാണപ്പെട്ടു. അഭിഷേകം ചെയ്യപ്പെട്ടവനെ ഹല്ലേലൂയ. നിർമ്മലമായ ഹൃദയത്തോടെ അവിടുത്തെ അന്വേഷിച്ചുകൊണ്ട് കർത്താവിനെ പ്രസാദിപ്പിക്കുവിൻ. ഹൃദയ ലാളിത്യത്തിൽ അവിടുത്തെ അന്വേഷിക്കുവിൻ. അനവരതം അങ്ങേക്ക് കാവൽ നിൽക്കുന്ന മാലാഖമാരാണ് ഞങ്ങൾ. മാലാഖമാരാണ് ഇപ്രകാരം പറഞ്ഞത്. ദൈവം നിന്നെ സ്നേഹിക്കുന്നു. ദാനിയേലായ ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ട്. ചെറുതായി എളിമയിൽ നിലകൊള്ളുക. കാരണം അതാണ് കർത്താവിനെ പ്രസാദിപ്പിക്കുന്നത്. ഇത് പറഞ്ഞത് എന്റെ കാവൽമാലാഖയായ ദാനിയേൽ ആണ്. അല്ലയോ, ദാനിയേൽ മാലാഖയേ, ഈ ദൈവിക സന്ദേശത്തെയും എന്നെയും പരിചയമുള്ളവരുമായിട്ടുള്ള കൂടുതൽ സമ്പർക്കം എങ്ങനെ എനിക്ക് ഒഴിവാക്കാൻ പറ്റും? എങ്ങനെ എനിക്ക് ചെറുതായി എളിമയിൽ നിലകൊള്ളാൻ സാധിക്കും? എല്ലാവരും എന്നെ അറിയുന്നത് എനിക്ക് ഇഷ്ടമില്ലെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. വസൂല, ചെറുതായി നിലകൊള്ളുക എന്നതിന്റെ അർത്ഥം വിനയപൂർവ്വം കർത്താവിന് പ്രസാദകരമായ ജീവിതം നയിക്കുക എന്നതാണ്. നിങ്ങൾ പ്രാർത്ഥന സമ്മേളനങ്ങൾ സംഘടിപ്പിക്കുക എന്നത് കർത്താവിന്റെ ആഗ്രഹമാണ്. നീ ഭയപ്പെടേണ്ട. കർത്താവിന്റെ സന്ദേശം എല്ലാവരും അറിയേണ്ടതാണ്. എല്ലാ മനുഷ്യരും കർത്താവിലേക്ക് വന്ന് സമാധാനത്തിന്റെ രാജാവിനെ കാണേണ്ടതാണ്. നിങ്ങളുടെ തലമുറ ദൈവത്തെ അംഗീകരിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യണം. അവിടുത്തെ കരുണ നിറഞ്ഞ പ്രവർത്തികളെ പ്രതി ദൈവത്തിന് നന്ദി പറയുവിൻ. ദാനിയേലായ ഞാൻ ഇടവിടാതെ നിനക്കുവേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. നീ നല്ലവളായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഭയം കൂടാതെ ദൈവത്തിന്റെ സ്നേഹം എല്ലാ മനുഷ്യരെയും അറിയിക്കുവിൻ. നിന്നെയും എല്ലാ ജനതകളെയും കർത്താവിന്റെ സന്ദേശം അറിയിക്കാൻ സമർപ്പിതരായിരിക്കുന്ന എല്ലാവരെയും അത്യുന്നതനായ ദൈവം അനുഗ്രഹിക്കുന്നു. സ്നേഹം നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. 14/11/1989. എന്റെ കർത്താവേ, എനിക്ക് ശക്തമായ വിശ്വാസം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്കത് അത്യാവശ്യമാണ്. എന്റെ വസൂല, ഒരിക്കലും ആവശ്യപ്പെടരുത്. നിനക്ക് ചോദിക്കാം. എന്റെ അനന്തമായ സ്നേഹവും കാരുണ്യവും മനസ്സിലാക്കുവിൻ. അതിനാൽ ഇപ്രകാരം പറയുക: എന്റെ രക്ഷകനേ, എന്റെ സ്നേഹം വർദ്ധിപ്പിക്കണമേ. എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ. എന്റെ പ്രത്യാശ വർദ്ധിപ്പിക്കണമേ. ഇവയെല്ലാം അങ്ങയുടെ തിരുഹിതപ്രകാരം നിറവേറട്ടെ. ആമേൻ. ധൃതി പിടിക്കേണ്ട. നീ എപ്പോഴും ധൃതി പിടിക്കുന്നതായി തോന്നുന്നുണ്ടല്ലോ. എന്തിനാണ് ഈ ധൃതിപിടിക്കൽ? പലപ്പോഴും ധൃതിയിൽ പെട്ടെന്ന് പ്രാർത്ഥന അവസാനിപ്പിച്ച് നോട്ട്ബുക്കിൽ കർത്താവിന്റെ സന്ദേശം കേട്ട് എഴുതുവാൻ ഞാൻ തുനിഞ്ഞിട്ടുണ്ട്. ഞാൻ നിന്നെ ശ്രവിക്കുന്നുണ്ട്. നിന്റെ ധൃതി കണ്ടാൽ ഞാൻ പെട്ടെന്ന് നിന്നെ വിട്ടുപോകുമെന്ന് നീ വിചാരിക്കുന്നതായി തോന്നുന്നു. അതിനാലാണ് നീ ധൃതി കാണിക്കുന്നത്. എന്തിനാണ് ഈ ധൃതി? തിരക്ക് പിടിക്കരുത്. ഈ പ്രത്യേക വിധത്തിൽ ഞാൻ നിന്നോടൊപ്പമായിരിക്കുന്ന വേളയിൽ ഞാൻ നിന്നെ ശ്രവിക്കുന്നുണ്ട്. നിന്റെ വേഗം കുറയ്ക്കുവിൻ. നിന്റെ പ്രാർത്ഥനയിലെ ഓരോ വാക്കും ധ്യാനിച്ച് ഉരുവിടുക. എന്തിനാണ് ഈ ധൃതി കാണിക്കൽ? ഞാനാണ് നിന്റെ അധ്യാപകൻ. നീ എന്റെ വിദ്യാർത്ഥിയും. എന്നെ വിവേചിച്ചറിയാൻ ഞാൻ നിന്നെ പഠിപ്പിച്ചിട്ടുണ്ട്. നിന്നെ രൂപപ്പെടുത്തിയെടുത്ത നിന്റെ അധ്യാപകനാണ് ഞാൻ. എന്റെ കല്പനകൾ നീ മറക്കാൻ ആരംഭിക്കുമ്പോൾ ഇടയ്ക്കിടെ ഞാൻ നിന്നെ അവ ഓർമ്മിപ്പിക്കുന്നതാണ്. ഞാൻ നിന്നിലൂടെ വളരെയധികം വെളിപാട് സന്ദേശങ്ങൾ നൽകും.