ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG artwork

ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG · ദൈവത്തിലുള്ള യഥാർത്ഥ ജീവിതം

Ep 102: നിന്റെ ബലഹീനതയെ ഞാൻ എന്റെ തോളിലേറ്റുന്നു

Ep 102: നിന്റെ ബലഹീനതയെ ഞാൻ എന്റെ തോളിലേറ്റുന്നു വസൂലയുടെ ബലഹീനതകൾ തന്റെ തോളുകളിൽ സംവഹിക്കുമെന്നും, തന്റെ ദത്തുപുത്രിയെ ഒരിക്കലും ഉപേക്ഷിക്കുകയില്ലെന്നും യേശു പറയുന്നു. നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ എല്ലാവരും തന്റെ അടുക്കൽ വരണമെന്നും, ഒരിക്കലും പ്രാർത്ഥന നിർത്തരുതെന്നും അവിടുന്ന് ആവശ്യപ്പെടുന്നു. തിരുവോസ്തിയിലെ തന്റെ സാന്നിധ്യത്തെ ആദരിക്കാനും അവിടുന്ന് പറയുന്നു. ഈ എപ്പിസോഡിൽ: 00:00 ആമുഖം 00:20 24/09/1989 - ബലഹീനതയെ ഞാൻ എന്റെ തോളിലേറ്റുന്നു 04:15 26/09/1989 - ഞാൻ വാതിലുകൾ യഥാസമയം തുറക്കും 04:42 28/09/1989 - സങ്കീർത്തനം 86; എന്നിൽ ആശ്രയിക്കുവിൻ 11:27 29/09/1989 - തിരുവോസ്തി, യുക്തിവാദം, പ്രകാശം 'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം! 1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു! ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്: YouTube: https://www.youtube.com/@tlig-malayalam Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433 കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ! ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today! നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/ ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ! കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!. #TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #ബലഹീനതയെതോളിലേറ്റുന്നു #TrueLifeInGod102 #ദിവ്യകാരുണ്യം

Nov 22026
18 minlength
1transcript lines
Publishertranscript source

Transcript first 1 of 1 lines

എപ്പിസോഡ് 102. 24/9/1989: "എന്റെ ദേഹി കർത്താവിൽ മഹത്വപ്പെടുന്നു. കർത്താവേ, അങ്ങയുടെ പ്രകാശത്തിൽ എന്റെ ദേഹി ആനന്ദിക്കേണ്ടതിന്, അങ്ങ് വന്ന് അങ്ങയെ കേൾക്കാനും അനുഭവിച്ചറിയാനും എന്നെ സഹായിക്കണമേ." പ്രിയപ്പെട്ടവളേ, എന്റെ സ്നേഹം അനുഭവിച്ചറിയുക; ഇനിമേൽ പാപം ചെയ്യരുത്. എന്റെ അധരങ്ങളിൽ നിന്ന് നീ പഠിച്ചിട്ടുള്ളതെല്ലാം വിലയിരുത്തുക. മകളേ, ധൈര്യമായി ഇരിക്കുവിൻ; ഞാൻ നിന്റെ സമീപത്തുണ്ടെന്ന് ഓർക്കുവിൻ. ഞാൻ നിനക്ക് നൽകുന്ന എന്റെ വചനം പ്രഭാതമഞ്ഞുപോലെ വ്യാപിക്കുമെന്ന് ഞാൻ നിന്നോട് പറയുന്നു. അനുദിനം നിന്നെ ഉപയോഗപ്പെടുത്തുവാൻ എന്നെ അനുവദിക്കുക; എന്റെ ജ്വലിക്കുന്ന ആഗ്രഹങ്ങൾ നിന്നിൽ നിറയ്ക്കാൻ എന്നെ അനുവദിക്കുക. എന്റെ ബലിപീഠമായ നീ, നിന്റെ ദൈവമായ എനിക്ക് വേണ്ടി നിരന്തരമായി ജ്വലിച്ചുകൊണ്ടിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ എന്നോട് ബന്ധിതയായിരിക്കുമ്പോഴും, ഒരിക്കലും ഇത്രമാത്രം സ്വതന്ത്രയായിരുന്നില്ല. ആരംഭം മുതൽ ഒരിക്കലും ഞാൻ ബലമായി നിന്നിൽ യാതൊന്നും അടിച്ചേൽപ്പിച്ചിട്ടില്ല. ഞാൻ എപ്പോഴും നിന്റെ സ്വാതന്ത്ര്യത്തെ ആദരിച്ചിട്ടുണ്ട്. എങ്ങനെ ഞാൻ നിന്നെ ദിനംതോറും പടിപടിയായി എന്നിലേക്ക് കൂടുതലായി അടുപ്പിച്ചുകൊണ്ടുവന്നു എന്ന് നീ ഓർക്കുന്നുണ്ടോ? എന്റെ വസൂല, പ്രാർത്ഥിക്കുവിൻ; ഞാൻ നിനക്ക് എന്റെ ശക്തിയും, സ്ഥിരതയോടെ മുന്നോട്ട് പോകാനുള്ള മനസ്സും നൽകും. എന്റെ കുരിശു വഹിക്കുന്നതിനാൽ എന്റെ തോളുകൾ തളർന്നിരിക്കുന്നു. എന്റെ സ്നേഹത്തിന് സ്വമനസാ യാഗമായി സമർപ്പിക്കപ്പെട്ട വ്യക്തികളെ എന്നെ ആശ്വസിപ്പിക്കാനും, എന്റെ കുരിശ് എന്നോടൊപ്പം പങ്കുവയ്ക്കാനും എനിക്ക് ആവശ്യമുണ്ട്. ഞാൻ നിങ്ങൾ എല്ലാവരെയും ഭോഷത്വത്തോളം സ്നേഹിക്കുന്നു; നിങ്ങളിൽ ഒരാൾ പോലും നഷ്ടപ്പെടുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നോട് ഉദാരമതികളായ വ്യക്തികളുമായി എന്റെ സഹനം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ വസൂല, ഇപ്പോൾ നിനക്ക് എന്നെ മനസ്സിലാകുന്നുണ്ടോ? എന്നിലേക്കുള്ള വഴി സങ്കീർണവും ഇടുങ്ങിയതുമാണ്. നീ ഇപ്പോൾ എനിക്ക് നൽകുന്നതിനേക്കാൾ കൂടുതലായ ത്യാഗങ്ങൾ അത് നിന്നിൽ നിന്ന് ആവശ്യപ്പെടും. എങ്കിലും ഞാൻ നിന്നെ സഹായിക്കും; ചിലപ്പോൾ നീ പേടിക്കാറുള്ളതുപോലെ ഭയപ്പെടരുത്. ഞാൻ നിന്നെ വിശുദ്ധീകരണത്തിലേക്ക് നയിക്കുന്നു; എപ്പോഴും ഞാൻ നിന്റെ മുന്നിലുണ്ട്. അതിനാൽ എന്നെ എതിർക്കരുത്; നിന്നെ തന്നെ എനിക്ക് സമർപ്പിക്കുവിൻ. എന്റെ സ്നേഹം എപ്രകാരം രക്ഷിക്കുന്നെന്ന് ഓർക്കുവിൻ. എന്നെ ആഗ്രഹിക്കുവിൻ; എനിക്ക് പ്രഥമസ്ഥാനം നൽകുവിൻ. ഒരിക്കലും പ്രാർത്ഥന നിർത്തരുത്. നിന്നെ പ്രലോഭിപ്പിക്കാൻ പിശാചിന് ഒരു അവസരവും നൽകരുത്. സംശയിക്കുന്നത് അവസാനിപ്പിക്കുവിൻ; ഇനിയും എത്രകാലം നീ സംശയിക്കും? പുഷ്പമേ, നീ ദുർബലയും ക്ഷീണിതയും ആണെന്ന് ഞാൻ അറിയുന്നു; എന്നാൽ എന്നെ വിശ്വസിക്കുവിൻ. നിന്റെ ബലഹീനതകൾ ഞാൻ എന്റെ തോളുകളിൽ സംവഹിക്കുന്നു; എന്റെ ഭവനത്തിലേക്കുള്ള മുഴുവൻ വഴിയിലും ഞാൻ നിന്നെ സംവഹിക്കും. നിന്റെ ദൈവമായ ഞാൻ നിന്നെ ദത്തെടുത്തിട്ടില്ലേ? എന്നാൽ എന്റെ ദത്തുപുത്രിക്ക് ശക്തിയില്ലാത്തതിനാലും, ഇപ്പോഴും അവൾ നികൃഷ്ടാവസ്ഥയിൽ ആയതിനാലും, ഞാൻ എന്റെ ദത്തുപുത്രിയെ ഉപേക്ഷിക്കുമോ? ഞാൻ ഒരിക്കലും അവളെ ഉപേക്ഷിക്കുകയില്ല. ഞാൻ നിന്നെ എന്റെ സ്വന്തപ്പെട്ടവളായി ദത്തെടുത്തു; നീ ഇപ്പോൾ വാസ്തവത്തിൽ എന്റെതാണ്. എന്റെ ആനന്ദം അനുഭവിച്ചറിയുവിൻ. വാത്സല്യപൂർവ്വം ഞാൻ നിന്നെ വളർത്തിയെടുത്തു; നീ ആയിരിക്കുന്ന അവസ്ഥയിൽ നിന്റെ പാപങ്ങളോടും ബലഹീനതകളോടും കുറവുകളോടും ഒപ്പം ഞാൻ നിന്നെ സ്വീകരിച്ചു. എന്റെ കരുണ എപ്രകാരം തലമുറകളോളം വ്യാപിക്കുന്നെന്നും, നിങ്ങളുടെ പാപങ്ങളും അപൂർണ്ണതകളും ഞാൻ പൂർണ്ണമായി ക്ഷമിക്കുന്നെന്നും, സ്വർഗ്ഗത്തിൽ എന്റെ രാജ്യത്തിൽ നിങ്ങൾ എല്ലാവരും പങ്കുചേരുന്നതിന് വേണ്ടി, നിങ്ങളെല്ലാവരെയും എന്റെ മക്കളായി ഞാൻ ദത്തെടുക്കുമെന്നും, നിന്നിലൂടെ മുഴുവൻ ലോകത്തെയും കാണിച്ചു കൊടുക്കുന്നതിന് വേണ്ടിയാണ് ഞാൻ ഇപ്രകാരം ചെയ്തത്. എന്റെ സ്നേഹം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് വ്യാപിക്കുന്നു; എന്നും അങ്ങനെ തന്നെ തുടരും. അതിനാൽ എന്റെ കരം പിടിക്കുവിൻ; നിങ്ങൾ എല്ലാവരെയും എന്റെ ഭവനത്തിലേക്ക് നയിക്കാൻ എന്നെ അനുവദിക്കുവിൻ. നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ എന്റെ അടുക്കലേക്ക് വരുവിൻ. എന്റെ കുഞ്ഞേ, ഞാൻ നിന്നെ സ്നേഹിക്കുന്നു; നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ എന്റെ അടുക്കലേക്ക് വരുവിൻ. നിങ്ങൾ എല്ലാവരെയും ഞാൻ സ്നേഹപൂർവ്വം എന്റെ തോളുകളിൽ സംവഹിച്ച് എന്റെ ഭവനത്തിലേക്ക് കൊണ്ടുപോകും. 26/9/1989: "എന്റെ കർത്താവേ." ഇത് ഞാനാണ്; ഒരിക്കലും സംശയിക്കരുത്. അനേകം വാതിലുകൾ തുറക്കുവാനുള്ള താക്കോലുകൾ എന്റെ കൈവശമുണ്ട്. ഞാൻ ആ വാതിലുകൾ യഥാസമയം ഒന്നിനുശേഷം മറ്റൊന്നായി തുറക്കും. എന്റെ കുഞ്ഞേ, നിനക്ക് അത് മനസ്സിലാകുന്നുണ്ടോ? നീ ഭയപ്പെടേണ്ടതില്ല; നീ ധൃതി പിടിക്കേണ്ടതില്ല. കർത്താവായ ഞാൻ സർവ്വവും യഥാസമയത്ത് ക്രമീകരിക്കുന്നതാണ്. 28/9/1989: "എന്റെ കർത്താവേ, അങ്ങയുടെ ചിന്തകൾ ഗ്രഹിക്കാൻ അത്ര എളുപ്പമല്ല. അങ്ങയുടെ ദൃഷ്ടിയിൽ അങ്ങയെ പ്രസാദിപ്പിക്കുന്നവളായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചിലപ്പോൾ അങ്ങ് എന്നിൽ നിന്ന് മറഞ്ഞിരിക്കുകയാണെന്ന് എനിക്ക് തോന്നാറുണ്ട്. എന്റെ പാപം മൂലമാണോ അങ്ങ് എന്നിൽ നിന്ന് മറഞ്ഞിരിക്കുന്നത്?" വസൂല, നിന്നോടുള്ള എന്റെ സ്നേഹം ഒരിക്കലും ക്ഷയിക്കുകയില്ല. കൂടുതലായി പ്രാർത്ഥിക്കുവിൻ; ഞാൻ നിനക്ക് നൽകിയിട്ടുള്ള പ്രാർത്ഥനകൾ ഇടയ്ക്കിടെ പ്രാർത്ഥിക്കണമെന്ന് ഞാൻ നിന്നെ ഓർമ്മിപ്പിക്കട്ടെ. നിനക്ക് വേണ്ടി ഞാൻ തെരഞ്ഞെടുത്ത സങ്കീർത്തനം 86 വായിച്ച് പ്രാർത്ഥിക്കുവിൻ. ഞാൻ ആഗ്രഹിക്കുന്നതുപോലെ ഇടയ്ക്കിടെ നിന്നെ ഉപയോഗപ്പെടുത്താൻ എന്നെ അനുവദിക്കുവിൻ. നിന്നിൽ ഞാൻ സ്വതന്ത്രമായി ഭരിക്കട്ടെ. അതിനാൽ ഭയപ്പെടരുത്; നീ പൂർണ്ണമായി എന്നിൽ ആശ്രയിക്കുവിൻ. ഞാൻ നിന്നെ ഉയർത്തി; നീ എന്നോടൊപ്പം മാത്രമായിരിക്കാൻ ഞാൻ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. നിന്നെ സമീപിക്കുന്ന എന്റെ എതിരാളികളെയും ഞാൻ ഇല്ലാതാക്കും. നിന്റെ മനസ്സിനെ എന്നിൽ നിന്ന് അകറ്റി, അതിനെ വഴിതിരിച്ചുവിടാൻ ഞാൻ അവരെ അനുവദിക്കുകയില്ല. ഇനി നീ എന്റെതാണ്; എന്നേക്കും നീ എന്റെതായിരിക്കും. എന്റെ അടുക്കൽ വന്ന് എന്നെ നിശബ്ദമായി ആരാധിക്കുവിൻ; എന്നിൽ പൂർണ്ണമായി ആശ്രയിക്കുവിൻ. അത് എനിക്ക് സന്തോഷം നൽകുന്നു. ഞാൻ നിന്നെ പഠിപ്പിച്ചിട്ടുള്ളതുപോലെ എന്നിൽ ആശ്രയിക്കുവിൻ; നിശബ്ദമായി ധ്യാനിക്കുവിൻ. എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുവിൻ; അത് എനിക്ക് ഇഷ്ടമാണ്. എന്നെ ആഗ്രഹിക്കുവിൻ; നിന്റെ ദൈവമായ എന്നെ തീക്ഷ്ണമായ ദാഹം പോലെ നിരന്തരമായി ആഗ്രഹിക്കുവിൻ. എപ്പോഴും അത്ഭുതപ്പെടുന്നത് അവസാനിപ്പിക്കുവിൻ. ഞാൻ സകല ദേവന്മാരുടെയും കർത്താവല്ലയോ? എന്റെ പ്രവർത്തികളെ ഒരിക്കലും സംശയിക്കരുത്. നിന്റെ ശേഷി എനിക്കറിയാം; അതിനാൽ അതിരുകളില്ലാതെ എന്നെ സ്നേഹിക്കുവിൻ. മറ്റുള്ളവർക്കായി സ്വമനസ്സോടെ നിന്നെ തന്നെ സ്വയം സമർപ്പിക്കുവിൻ. എന്നോട് വിശ്വസ്തയായി നിലകൊള്ളുവിൻ. എന്റെ ആത്മാവ് നിന്റെ മേൽ ഉണ്ട്; ഞാൻ നിന്നെ എപ്പോഴും നയിക്കും. എന്നോട് സംസാരിക്കുവിൻ; എന്തുകൊണ്ടാണ് എന്നെ അവഗണിക്കുന്നത്? എന്റെ സാന്നിധ്യത്തേക്കാൾ പ്രാധാന്യമുണ്ടോ നിന്റെ ആകുലതകൾക്ക്? എന്നിൽ ആശ്രയിക്കുവിൻ; എന്നെ ചാരി ആശ്രയിക്കാൻ എണ്ണമറ്റ തവണ എന്റെ തോൾ ഞാൻ നിനക്കായി ഇട്ടു തരുന്നു. വരൂ, സന്തോഷത്തോടെ പ്രശോഭിക്കുന്ന നിന്റെ മുഖം കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിനക്ക് നൽകിയിട്ടുള്ളത് എന്താണെന്ന് നോക്കുവിൻ; ഒരു സൂര്യകാന്തി പുഷ്പത്തെ പോലെയാകുവിൻ. നിന്റെ മുഖം എന്നിലേക്ക് തിരിച്ച് എന്റെ പ്രകാശത്തെ പിന്തുടരുവിൻ. എന്റെ മുഖം ഞാൻ നിന്നിൽ നിന്ന് മറച്ചുവെച്ചിട്ടില്ല. പുഷ്പമേ, നീ തല താഴ്ത്തുന്നത് നിർത്തി എന്നിലേക്ക് നോക്കിയാൽ, നിന്റെ ആകുലതകൾ നിന്നെ വിട്ടുപോകും. എന്നിൽ വിശ്വസിക്കുവിൻ; നിനക്കുള്ളതെല്ലാം എനിക്ക് സമർപ്പിക്കുവിൻ. ഞാൻ നിന്നെ സഹായിക്കും. വരുവിൻ; നിന്റെ ത്യാഗങ്ങൾ ഒന്നും വ്യർത്ഥമാവുകയില്ല. നിന്റെ യേശു നിന്നെ സ്നേഹിക്കുന്നു; ഇപ്പോൾ നിനക്ക് യാതൊന്നും പറയാനില്ലേ? അല്പനേരത്തെ മൗനം: "അതെ, എന്റെ കർത്താവേ, എനിക്ക് പറയാനുണ്ട്. പകലും രാത്രിയും അങ്ങ് എപ്പോഴും എന്റെ ചിന്തകളിൽ ഉണ്ട്. രാത്രി മുഴുവൻ ഞാൻ അങ്ങയെ ധ്യാനിക്കുന്നു. അങ്ങയെക്കുറിച്ച് ധ്യാനിച്ചുകൊണ്ടാണ് എന്റെ ദിവസം അവസാനിപ്പിക്കുന്നത്. അങ്ങയെപ്പറ്റി ചിന്തിച്ചുകൊണ്ടാണ് എന്റെ ദിവസം ആരംഭിക്കുന്നതും. എന്റെ ദേഹി അങ്ങയോട് ചേർന്ന് നിൽക്കുന്നു." അങ്ങനെയെങ്കിൽ സന്തോഷിക്കുവിൻ; നിന്റെ ഹൃദയവും ദേഹിയും സന്തോഷിക്കട്ടെ. നിന്റെ നഗ്നതയിലും നിന്റെ ദാരിദ്ര്യത്തിലും നിന്റെ രാജാവ് നിന്നെ സമീപിച്ചു. നിന്റെ രാജാവ് തന്റെ സമാധാനവും സ്നേഹവും കൊണ്ട് നിന്റെ നഗ്നത മറച്ചു. അവൻ വാത്സല്യപൂർവ്വം അവന്റെ അമൂല്യമായ രത്നങ്ങളാൽ നിന്നെ രാജകീയമായി അലങ്കരിച്ചു. ഞാൻ നിന്റെ തലയിൽ എന്റെ മുൾകിരീടം വെച്ച് അലങ്കരിച്ചിട്ടില്ലയോ? എന്റെ ആണികൾ ഞാൻ നിന്നെ ഏൽപ്പിച്ചിട്ടില്ലയോ? എന്റെ കുരിശിനെ നമ്മുടെ വിവാഹ കിടക്കയായി നമ്മൾ പങ്കിടുന്നില്ലേ? എന്റെ സൗന്ദര്യം ഞാൻ നിന്നെ കാണിച്ചിട്ടില്ലയോ? ഞാൻ നിന്നെ എന്റെതാക്കി വിവാഹം കഴിച്ചു; മകളേ, എന്നോട് സംസാരിക്കുവിൻ. "എന്റെ കർത്താവേ, ഞാൻ പറയുന്നതൊന്നും മതിയാവുകയില്ല. എന്റെ ദരിദ്രാവസ്ഥയിൽ എന്നോട് കരുണ കാണിക്കണമേ. ഞാൻ അങ്ങയുടെ സ്നേഹത്തിൽ വിശ്വാസം അർപ്പിക്കുന്നു. അങ്ങേയ്ക്ക് വേണ്ടി കൂടുതലായി ത്യാഗങ്ങൾ അനുഷ്ഠിക്കുന്നതിൽ എനിക്ക് സന്തോഷമാണ്." അപ്പോൾ നിന്റെ ചെവികൾ തുറന്ന് എന്റെ വിവാഹഗാനം കേൾക്കുവിൻ. നീ എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് എനിക്കറിയാം; പൊടിയും ചാരത്തിൽ നിന്നുമാണ്. തല ഉയർത്തി നിന്റെ നിരാശയിൽ നിന്ന് പുറത്തുവരുവിൻ. എന്നെ നോക്കുവിൻ; നിന്നെ ഉയർപ്പിച്ചത് ഞാനാണ്. നിന്നെ സമാധാനത്തിലും ശാന്തിയിലും നിലനിർത്തുന്നത് ഞാനാണ്. നിന്റെ ദേഹിയെ ഞാൻ എന്റെ കരങ്ങൾക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കുന്നു. നിന്റെ ദേഹിയെ എന്നിലേക്ക് ഉയർത്താൻ ഞാൻ നിനക്ക് എല്ലാം നൽകിയിരിക്കുന്നു. എന്റെ അനന്തകരുണ ഞാൻ നിന്നോട് കാണിച്ചു. എന്റെ പാനപാത്രത്തിൽ നിന്ന് കുടിക്കാൻ നൽകിക്കൊണ്ട് ഞാൻ നിന്നെ കടാക്ഷിച്ചു. ഞാൻ അങ്ങനെ ചെയ്തിട്ടില്ലേ? മകളേ, എന്നെ പ്രസാദിപ്പിക്കാൻ പരിശ്രമിക്കുവിൻ. എന്റെ വഴികൾ അന്വേഷിക്കുവിൻ. എന്റെ വഴികൾ വിശുദ്ധമാണ്; അതിനാൽ യാതൊന്നിനെക്കുറിച്ചും പരാതിപ്പെടാതിരിക്കാൻ പരിശ്രമിക്കുവിൻ. നിന്നെ നയിച്ചുകൊണ്ട് ഞാൻ എപ്പോഴും നിന്നോടൊപ്പം ഉണ്ടായിരുന്നു. എന്റെ വസൂല, ഹൃദയലാളിത്യത്തോടെ എപ്പോഴും എന്റെ അടുക്കലേക്ക് വരുവിൻ. എന്നാൽ ഭൂമിയിലെ നിന്റെ ദിവസങ്ങൾ ഒരു നിഴലിന്റെ കടന്നുപോകൽ പോലെ മാത്രമാണ്; അത് ഒടുവിൽ ഇല്ലാതാകും. ഭൂമിയിൽ ഉള്ളതൊന്നും നിത്യം നിലനിൽക്കുകയില്ല. എന്റെ കല്പനകൾ പാലിക്കുവിൻ; എന്റെ പ്രമാണങ്ങൾ അനുസരിക്കുവിൻ. എന്റെ ഏറ്റവും വിലപ്പെട്ട രത്നം ഞാൻ നിന്നെ ഭരമേൽപ്പിച്ചിരിക്കുന്നു; അതിനെ കാത്തുസൂക്ഷിക്കുവിൻ. അതിനെ ആശ്ലേഷിക്കുവിൻ; അതിനെ ചേർത്തുപിടിക്കുവിൻ. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ കുരിശ് നിന്റെ ദേഹിയിൽ മാധുര്യമുള്ള ഒരു പീഡയായിരിക്കും. എന്റെ കുരിശ് പങ്കുവയ്ക്കുന്നതിലുള്ള നിന്റെ തീക്ഷ്ണത എന്നിലുള്ളതുപോലെയുള്ള കത്തി ജ്വലിക്കുന്ന തീക്ഷ്ണതയായിരിക്കണം. എന്റെ കുരിശിനു വേണ്ടിയുള്ള നിന്റെ ദാഹം എന്റെ ദാഹം പോലെ വളരണം. എന്റെ സ്നേഹം ഞാൻ നിന്നെ എങ്ങനെ കാണിക്കുന്നുവെന്ന് നീ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാകും. അതെ, നിന്നെ സഹിക്കാൻ അനുവദിച്ചുകൊണ്ടാണ് ഞാൻ അത് ചെയ്യുന്നത്. ദേഹി, നിന്റെ ഊഷരതയെ ഞാൻ ഒഴുകുന്ന ഒരു നീരുറവയാക്കി മാറ്റി. എന്നോടുള്ള നിന്റെ വിരോധം വാത്സല്യമാക്കി ഞാൻ മാറ്റി. നിന്റെ ആലസ്യത്തെ എന്റെ കുരിശിനോടുള്ള തീക്ഷ്ണമായ സ്നേഹമാക്കി മാറ്റി. നിന്റെ മന്ദതയെ നിന്റെ ഭവനത്തോടും നിന്റെ പിതാവിനോടുള്ള തീക്ഷ്ണമായ ആഗ്രഹമാക്കി മാറ്റി. ദേഹി, സന്തോഷിക്കുവിൻ; നിന്റെ രാജാവ് നിന്റെ ശരീരത്തെ പൊതിഞ്ഞിരുന്ന ശവക്കച്ച എടുത്തുമാറ്റി ലാസറിനെ ഉയർപ്പിച്ചതുപോലെ നിന്നെയും ഉയർപ്പിച്ചിരിക്കുന്നു. നിന്നെ സ്വന്തമാക്കാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്തത്. "ഓ, യേശുവേ, എന്നെ തെരഞ്ഞെടുത്തപ്പോൾ അങ്ങ് വേണ്ടവണ്ണം വിവേചിച്ചിരുന്നില്ല." എന്റെ തെരഞ്ഞെടുപ്പ് എന്റെതാണ്. സ്വർഗ്ഗത്തിൽ എന്റെ രാജ്യം നീ എന്നോടൊപ്പം പങ്കിടണമെന്നും, അത് നിനക്ക് അവകാശമായി ലഭിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ചെയ്യുന്ന ഓരോ പ്രവർത്തിയും എന്റെ മഹത്വത്തിനായിട്ടുള്ളതാണ്. നോക്കൂ, എന്റെ പ്രാവേ, നീ ഇപ്പോൾ സ്വതന്ത്രയാണ്. ഞാനാണ് നിന്റെ യജമാനൻ; നീ എപ്പോഴും എന്റെ അടുക്കലേക്ക് വരും. എന്റെ തിരുഹൃദയത്തിൽ എപ്പോഴും നീ വിശ്രമിക്കും. എന്റെ തിരുഹൃദയമാണ് നിന്റെ കൂടും അഭയകേന്ദ്രവും. നിന്റെ യജമാനൻ ആരാണെന്നും, അവൻ നിന്നിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചറിയാൻ ഞാൻ നിന്നെ പരിശീലിപ്പിച്ചു. നിന്റെ യജമാനനും നിന്റെ രാജാവുമായവൻ നിന്നിൽ നിന്ന് ആഗ്രഹിക്കുന്നത് സ്നേഹമാണ്. വരുവിൻ; എന്റെ സ്നേഹം മടക്കി തരുവിൻ. ഒരു കണ്ണാടിയിൽ എന്നവണ്ണം എന്റെ സ്നേഹത്തെ പ്രതിഫലിപ്പിക്കുവിൻ. എന്നെ സ്നേഹിക്കുന്നതിനു വേണ്ടി സ്നേഹം നിമിത്തം ഞാൻ നിന്നെ സൃഷ്ടിച്ചു. ഇക്കാര്യം ഒരിക്കലും മറക്കരുത്. 29/9/1989: "ഹല്ലേലൂയ, ഞാൻ കർത്താവിനെ വിളിക്കുന്ന ഓരോ തവണയും അവിടുന്ന് കുനിഞ്ഞിറങ്ങി വന്ന് എന്നെ ശ്രവിക്കുന്നു. എന്റെ കർത്താവേ, എന്റെ ദൃഷ്ടികൾ അങ്ങയുടെ മേൽ ഞാൻ പതിപ്പിച്ചിരിക്കുന്നു. ഇടവിടാതെ ഞാൻ അങ്ങയെ ധ്യാനിക്കുന്നു. അങ്ങാണ് എന്റെ ഭക്ഷണവും അപ്പവും വീഞ്ഞും. എനിക്ക് പ്രതികൂലമായി നിലകൊള്ളുന്ന ഈ ലോകത്ത് എനിക്ക് മറ്റൊന്നും ആവശ്യമില്ല. എന്റെ ദേഹി അങ്ങേയ്ക്ക് വേണ്ടി ദാഹിക്കുന്നു. അങ്ങയെ തീഷ്ണമായി അഭിലഷിച്ചുകൊണ്ട് എന്റെ അധരങ്ങൾ വരണ്ടുണങ്ങിയിരിക്കുന്നു. എന്റെ നികൃഷ്ടാവസ്ഥയിൽ എന്നെ അന്വേഷിച്ചു കണ്ടെത്തിയ എന്റെ ദൈവമാണ് അങ്ങ്. അങ്ങയുടെ തിരുഹൃദയത്തിൽ വസിക്കാൻ എന്നെ അനുവദിക്കണമേ." ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ല. ഓരോ തവണ നീ എന്നെ സ്വീകരിക്കാൻ വരുമ്പോഴും എന്റെ തിരുഹൃദയം ആനന്ദത്താൽ ത്രസിക്കുന്നു. ചെറിയ വെളുത്ത ഓസ്തിയിൽ ഞാൻ എന്നെ തന്നെ വളരെ ചെറുതാക്കിയിരിക്കുന്നു. എന്നെ ഭക്ഷിക്കുന്നതിലൂടെ നീ എന്നെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഈ വിധത്തിൽ നീ എന്നെ സ്വീകരിക്കുമ്പോൾ നീ സത്യം അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഞാനും നീയും ഒന്നായി തീരുന്നു. നീ എന്നോടൊപ്പം സഹവാസത്തിലായി തീരുന്നു. നിന്റെ ദൈവവുമായി ഒന്നായി തീരുക എന്നതിനേക്കാൾ ആനന്ദകരമായി മറ്റെന്താണുള്ളത്? ഇതിനേക്കാൾ നിർമ്മലവും പരിശുദ്ധവുമായ മറ്റേത് കൂടിച്ചേരലാണുള്ളത്? നിന്റെ ദൈവമായ ഞാൻ എന്റെ സൃഷ്ടിയായ നിന്നോട് ഒന്നായി തീരുന്നു. നിന്റെ രക്ഷകനായ ഞാൻ രക്ഷിക്കപ്പെട്ടവളായ നീയുമായി കൂടിച്ചേരുന്നു. യേശുവായ ഞാൻ നിന്നെ ഭോഷത്വത്തോളം സ്നേഹിക്കുന്നു. ഇത്ര നിർമ്മലവും പരിശുദ്ധവുമായ ഈ സ്നേഹത്തെ എങ്ങനെയാണ് ചിലർക്ക് സംശയിക്കാനും നിന്ദിക്കാനും കഴിയുന്നത്? തിരുവോസ്തിയിലുള്ള എന്റെ സാന്നിധ്യത്തെ എങ്ങനെ ചിലർക്ക് സംശയിക്കാൻ സാധിക്കുന്നു? എന്റെ പരിശുദ്ധ ദിവ്യകാരുണ്യത്തെ പരിശുദ്ധമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുകയോ കരുതുകയോ ചെയ്യരുത്. ഞാൻ എന്താണ് നിങ്ങൾക്ക് നൽകുന്നതെന്നും, ആരെയാണ് നിങ്ങൾ സ്വീകരിക്കുന്നതെന്നും നിങ്ങൾ പൂർണ്ണമായി ഗ്രഹിച്ചിരുന്നെങ്കിൽ, നിങ്ങൾ എന്നെ അവിരാമം സ്തുതിക്കുമായിരുന്നു. നോക്കൂ, നിങ്ങൾക്ക് സ്വീകരിക്കാൻ അനുവാദമുള്ള ഈ പരിശുദ്ധമായ അപ്പത്തെ ആഗ്രഹിച്ചുകൊണ്ട് സ്വർഗ്ഗത്തിൽ നിന്ന് എന്റെ മാലാഖമാർ നിങ്ങളെ ഉറ്റുനോക്കുന്നു. എന്നാൽ അവർക്ക് ഈ പരിശുദ്ധമായ അപ്പം സ്വീകരിക്കാൻ അനുവാദമില്ല. എന്നാൽ നിങ്ങളിൽ അനേകം പേർ പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ പൂർണ്ണമായ അർത്ഥം ഗ്രഹിക്കുന്നില്ല. നിങ്ങൾ വരുന്നത് പ്രതീക്ഷിച്ച് നിങ്ങളെ കാണാൻ ഓരോ സക്രാരിയിലും കാത്തിരിക്കുന്ന സ്നേഹത്തിന്റെ തടവുകാരനാണ് ഞാൻ. ഈ മരുഭൂമിയിൽ ഇപ്പോഴും വഴിതെറ്റി അലയുന്നവരേ എന്നെ സമീപിക്കുവിൻ. നിർമ്മലതയോടും വിശുദ്ധിയോടും കൂടെ എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളിൽ ആനന്ദിക്കട്ടെ. നിങ്ങളുടെ പാപങ്ങൾ അംഗീകരിച്ചുകൊണ്ട്, അവയെക്കുറിച്ച് അനുതപിച്ചുകൊണ്ട് എന്റെ തിരുഹൃദയത്തെ പ്രസാദിപ്പിക്കുവിൻ. ഞാൻ എന്തിനു കുമ്പസാരിക്കണം? കുമ്പസാരക്കാരനോട് എനിക്ക് യാതൊന്നും പറയാനില്ല എന്നിങ്ങനെ നിങ്ങൾ പറയരുത്. പാപബോധം നഷ്ടപ്പെട്ടവരെ പോലെ ആകരുത്. നിങ്ങൾ പൂർണ്ണതയിൽ നിന്ന് വളരെ വിദൂരത്താണ്. എന്നാൽ നിങ്ങളിൽ ചിലർ പെരുമാറുന്നത് നിങ്ങൾക്ക് യാതൊരു പാപമാലിന്യങ്ങളും ഇല്ലാത്തവർ എന്ന രീതിയിലും, നിങ്ങൾ പരിപൂർണ്ണത പ്രാപിച്ചവർ എന്ന നിലയ്ക്കുമാണ്. വിനീതരാകുവിൻ; എളിമയുള്ളവരായിരിക്കുവിൻ. ആത്മാർത്ഥതയോടെ നിങ്ങൾ പ്രാർത്ഥിക്കുകയും, നിങ്ങളുടെ പാപങ്ങൾ കാണിച്ചുതരാൻ നിങ്ങൾ എന്നോട് അപേക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ പാപങ്ങളെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. എന്റെ കല്പന പാലിക്കുകയും, എന്റെ പ്രമാണങ്ങൾ അനുസരിക്കുകയും, എന്റെ പരിശുദ്ധ കൂദാശകളെ ആദരിക്കുകയും ചെയ്യുന്നവർ അനുഗ്രഹീതരാണ്. പൂർണ്ണ വിശ്വാസത്തോടെ എന്റെ ശരീരം ഭക്ഷിക്കാനും, എന്റെ രക്തം പാനം ചെയ്യാനും വരുന്നവർ അനുഗ്രഹീതരാണ്. ഞാൻ പരിശുദ്ധനാണ്; പരിശുദ്ധിയോടെ എന്നോട് ഇടപെടുക. അപ്പോൾ നിങ്ങളുടെ ദേഹിയെ ആത്മീയമായി ഉണർത്തുന്ന എന്റെ പരിശുദ്ധമായ കൃപാവരം, എന്റെ തിരുശരീരവും തിരുരക്തവും സ്വീകരിക്കുന്ന വേളയിൽ നിങ്ങളുടെ മേൽ ഞാൻ വർഷിക്കും. എന്റെ ആത്മീയ നിധികൾ നിങ്ങളിൽ നിന്ന് ഞാൻ മറച്ചുവെക്കുകയില്ല. നിങ്ങളിലെ ഏറ്റവും നിസ്സാരർക്ക് പോലും ഞാൻ അവ സൗജന്യമായി നൽകും. വരുവിൻ; നിങ്ങളോടൊപ്പം ആയിരിക്കാൻ ഞാൻ വളരെ ഉത്സുകനാണ്. അതിനാൽ നിങ്ങൾ ധൃതി പിടിക്കേണ്ട. നിങ്ങളുടെ പ്രാർത്ഥനാ വേളയിൽ അക്ഷമരാവുകയും വേണ്ട. ദൈവഭക്തിയെ അവഗണിക്കരുത്. എന്റെ കല്പനകളെ കുറിച്ച് ധ്യാനിക്കുകയും, പരിചിന്തനം നടത്തുകയും ചെയ്യുക. നിങ്ങൾക്ക് എന്നെ കാണാൻ സാധിക്കുന്നില്ലെങ്കിലും, എന്റെ നിശ്വാസം നിങ്ങളുടെ മേൽ ഊതിക്കൊണ്ട്, നിങ്ങളെ അനുഗ്രഹിച്ചുകൊണ്ട്, എന്റെ കരം നിങ്ങൾ ഓരോരുത്തരുടെയും മേൽ ഉണ്ടെന്ന് ഞാൻ നിങ്ങളോട് പറയുന്നു. ഐക്യപ്പെട്ട് ഒന്നായി തീരുവിൻ. "പിന്നീട് ദുരിതങ്ങൾ എനിക്ക് ഉപകാരമായി. തൻമൂലം ഞാൻ അങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ. സങ്കീർത്തനങ്ങൾ 119 ആം അധ്യായം 71 ആം വാക്യം. സ്നേഹം നിമിത്തമാണ് അങ്ങ് എനിക്ക് സഹനം അനുവദിക്കുന്നതെന്ന് ഞാൻ അറിയുന്നു. അങ്ങയുടെ സ്നേഹം അങ്ങ് എന്റെ മേൽ സമൃദ്ധമായി ചൊരിയുന്നു. കാരണം അങ്ങ് എന്നെ അങ്ങയുടെ മകളായി സ്വീകരിച്ചിരിക്കുന്നു. അങ്ങ് സ്നേഹിക്കുന്നവരെ അങ്ങ് ശിക്ഷിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നെന്ന് ഞാൻ അറിയുന്നു. കർത്താവേ, അങ്ങ് ദഹിപ്പിക്കുന്ന അഗ്നിയാണ്." എന്റെ വസൂല, കടന്നുപോകുന്ന ഓരോ ദിവസവും നിന്നെ എന്റെ അടുക്കലേക്ക് കൂടുതലായി അടുപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും എന്റെ സ്നേഹത്തിന്റെ തെളിവുകൾ നിനക്ക് നൽകിക്കൊണ്ട്, ഈ വിധത്തിൽ എന്നെ തന്നെ നിനക്ക് വെളിപ്പെടുത്തി തന്നത് ഞാൻ തന്നെയാണെന്ന് ഞാൻ വ്യക്തമാക്കുന്നു. എന്നാൽ നിന്റെ തലമുറ നിന്നെ പീഡിപ്പിക്കുന്നു. ഈ തലമുറയുടെ മഹാമാരി യുക്തിവാദമാണ്. യുക്തിവാദം മാരകമാണ്. യുക്തിവാദം ഇരുട്ടിന്റെ പ്രഭുവിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഇരുട്ടിൽ ജീവിക്കുന്ന എല്ലാവർക്കും ഈ രോഗമുണ്ട്, മറ്റു രോഗങ്ങളോടൊപ്പം. എന്നാൽ എന്നിൽ നിന്ന് വരുന്നതെല്ലാം പ്രകാശത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. നിങ്ങൾ ജീവിക്കുന്ന ഈ ഇരുണ്ട ലോകത്തെ പ്രകാശിപ്പിക്കാൻ ഞാൻ തെരഞ്ഞെടുത്തവരിലൂടെ ഞാൻ ഇറങ്ങി വരുമ്പോൾ, അവരിലൂടെ വെളിപ്പെടുന്ന എന്റെ പ്രകാശം ദുഷ്പ്രവർത്തികൾ ചെയ്യുന്നവരെ അസ്വസ്ഥരാക്കുന്നു. എന്റെ പ്രകാശം അവരെ കലുഷിതരാക്കുന്നതിനാൽ, അവർ കൊല്ലാൻ പോലും തയ്യാറാകുന്നു. കാരണം അവരുടെ ദുഷ്ടത വെളിച്ചത്ത് വരുന്നു. എല്ലാവർക്കും കാണാവുന്ന തരത്തിൽ അവരുടെ നഗ്നത അനാവരണം ചെയ്യപ്പെടുന്നു. അവരുടെ പ്രതികരണം എന്നിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ച ആദത്തിന്റെയും ഹവ്വായുടെയും പ്രതികരണത്തിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. അതെ, പ്രകാശത്തിന്റെ എന്റെ മകളെ, നീ എന്റേതാണ്. അതുകൊണ്ടാണ് ഇരുട്ട് നിന്റെ ശത്രുവും പീഡകനും ആകുന്നത്. ഇരുട്ടിന്റെ സന്തതികൾ എപ്പോഴും എന്റെ സന്തതികളെ പീഡിപ്പിക്കും. എന്റെ പ്രകാശം അവരെ അസ്വസ്ഥരാക്കുന്നു. നിങ്ങളുടെ ജനതകളിലുള്ള എന്റെ പ്രകാശത്തിന്റെ മണിക്കൂർ ഇക്കൂട്ടരെ ഭീതിയിൽ ആഴ്ത്തുന്നു. കാരണം അവർ ജീവിതകാലം മുഴുവൻ ദുഷ്ടതയെ ഗർഭം ധരിച്ചുകൊണ്ട് യുക്തിവാദത്തിന് ജന്മം നൽകുകയായിരുന്നു. ശവക്കല്ലറകളിൽ കിടക്കുന്ന ഈ ഇരുട്ടിന്റെ മനുഷ്യർക്ക് എന്റെ പ്രകാശത്തിന്റെ സമയം അവസാനമില്ലാത്ത വേദനയാണ്. എന്നാൽ എന്റെ പ്രകാശം അവരുടെ മേൽ ഞാൻ പ്രകാശിപ്പിക്കും. എന്റെ പ്രകാശം ഈ അന്ധകാരത്തെ കീറി മുറിച്ചു കടക്കും. എന്റെ ചൂടുള്ള കിരണങ്ങളാൽ നശിച്ചു കിടക്കുന്നതിനെയെല്ലാം ഞാൻ വീണ്ടും ജീവിപ്പിക്കും. ഇരുട്ട് ഇനിമേൽ ജനതകളുടെ മേൽ നിഴൽ വീഴ്ത്തുകയില്ല. എന്റെ പ്രകാശം അവരുടെ ഇളം മൊട്ടുകളെ വളർത്തും. എന്റെ പ്രകാശകിരണങ്ങൾ അവരുടെ പുഷ്പങ്ങളെ വിരിയിക്കും. അങ്ങനെ ഭൂമിയുടെ ശാഖകളെല്ലാം വീണ്ടും പച്ചപിടിക്കും. എന്റെ കുഞ്ഞേ, ഒരിക്കലും പ്രാർത്ഥന നിർത്തരുത്. സ്നേഹം നിന്നെ നിത്യമായി സ്നേഹിക്കുന്നു.

More ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG episodes →