ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG artwork

ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG · ദൈവത്തിലുള്ള യഥാർത്ഥ ജീവിതം

Ep 100: ഈ നിയമലംഘനമെല്ലാം ഉടൻ അവസാനിക്കും

Ep 100: ഈ നിയമലംഘനമെല്ലാം ഉടൻ അവസാനിക്കും യേശു തന്റെ കുരിശ് വസൂലയുമായി പങ്കുവയ്ക്കുകയും, തന്റെ വചനം പ്രഘോഷിക്കുന്നവർ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറയുകയും ചെയ്യുന്നു. തന്റെ നാമം വഹിക്കുന്ന പ്രിയപ്പെട്ടവരോട് ധൈര്യമായിരിക്കാനും നിരാശപ്പെടരുതെന്നും പറയുന്നു; സ്നേഹാഗ്നിയാൽ ദുഷ്ടതകൾക്ക് അന്ത്യം വരുമെന്നും സഭയുടെ നവീകരണം സമീപിച്ചിരിക്കുന്നുവെന്നും അറിയിക്കുന്നു. വസൂലയോട് പ്രാർത്ഥിക്കാനും പൂർണ്ണമായി സമർപ്പിക്കാനും ആവശ്യപ്പെടുന്നു. ഈ എപ്പിസോഡിൽ: 00:00 ആമുഖം 00:20 06/09/1989 - എന്റെ കുരിശ് ഞാൻ നിന്നോട് പങ്കുവയ്ക്കുന്നു 05:47 13/09/1989 - എന്റെ പീഡകർ ഒന്നിച്ചുകൂടിയിരിക്കുന്നു 13:55 14/09/1989 - വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ 18:28 15/09/1989 - എനിക്ക് കൂടുതൽ സമർപ്പണം ആവശ്യമുണ്ട് 'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം! 1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു! ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്: YouTube: https://www.youtube.com/@tlig-malayalam Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433 കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ! ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today! നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/ ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ! കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!. #TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #സ്നേഹാഗ്നി #SabhayudeNavekaranam #TrueLifeInGod100

Oct 282026
21 minlength
1transcript lines
Publishertranscript source

Transcript first 1 of 1 lines

എപ്പിസോഡ് 100. 6/9/1989, കർത്താവേ. ഇത് ഞാനാണ്; ഞാൻ നിന്റെ മുന്നിലുണ്ട്. എന്റെ വസൂല, ഈ കൃപാവരത്തെക്കുറിച്ച് നീ ഗ്രഹിക്കുവിൻ. കർത്താവേ, എന്തുകൊണ്ടോ എനിക്ക് ഈ കൃപാവരം പൂർണ്ണമായി ഗ്രഹിക്കാൻ പറ്റുന്നില്ല; അത് ഗ്രഹിക്കുവാൻ ഞാൻ അപ്രാപ്തിയാണ്. എന്നാൽ ഞാൻ ഈ കൃപാവരത്തിൽ വിശ്വസിക്കുന്നു. വിശ്വസിക്കുവിൻ. അതെ, ശിശുസഹജമായ വിശ്വാസത്താൽ വിശ്വസിക്കുവിൻ. ഈ വിശ്വാസമാണ് എന്നെയും പിതാവിനെയും പ്രസാദിപ്പിക്കുന്നത്. നീ എന്തെങ്കിലും എഴുതുവാൻ ആഗ്രഹിക്കുന്നുണ്ടോ? ഞാൻ എഴുതുവാൻ മറന്ന കാര്യം ഞാൻ ഓർത്തു. എന്റെ കുരിശിനെക്കുറിച്ചാണോ നീ എഴുതാൻ ആഗ്രഹിച്ചത്? അതെ, കർത്താവേ. എങ്കിൽ അത് ഇപ്പോൾ എഴുതുക. എന്റെ ദൈവമേ, അങ്ങേയ്ക്ക് നന്ദി. പിന്നീട്, അതീന്ദ്രിയമായ വിധത്തിൽ, യേശു അവിടുത്തെ കുരിശ് എന്നെ ഏൽപ്പിച്ചതിനു ശേഷം, സങ്കടങ്ങളുടെ ഒരു പെരുമഴ രാത്രി വൈകും വരെ എന്റെ മേൽ പെയ്തിറങ്ങി. ലോകം അതിന്റെ എല്ലാത്തരത്തിലുമുള്ള സർവ്വ പാപങ്ങളുമായി എന്റെ മേൽ വന്നിറങ്ങിയതുപോലെ ആയിരുന്നു. പെട്ടെന്ന്, ഈ സങ്കടങ്ങളുടെ പെരുമഴയ്ക്കിടയിൽ, ഗത്സെമനിയിൽ പ്രാർത്ഥിച്ച് രക്തം വിയർത്തുകൊണ്ടിരുന്ന യേശുവിനെ ഞാൻ ഓർത്തു. ഞാൻ ഹൃദയം നൊന്തു കരഞ്ഞു. അതോടൊപ്പം, അല്പനേരത്തേക്ക് യേശുവിന് ആശ്വാസമേകുവാൻ സാധിച്ചതിൽ എനിക്ക് സന്തോഷമായി. പിന്നീട് യേശു വന്ന് അവിടുത്തെ കുരിശ് എന്നിൽ നിന്ന് എടുത്തുമാറ്റി, അതീന്ദ്രിയമായ വിധത്തിൽ. പ്രിയപ്പെട്ടവളേ, ഇപ്പോൾ എന്റെ കുരിശ് ഞാൻ നീയുമായി പങ്കുവയ്ക്കുകയാണ്. കർത്താവേ, ഞാൻ അങ്ങയെ ശ്രദ്ധിക്കുകയാണ്. എന്നെ ശ്രദ്ധിച്ചു കേൾക്കുക. എന്നോട് ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിക്കാൻ പരിശ്രമിച്ച ആരെങ്കിലും പീഡിപ്പിക്കപ്പെടാതെയും അക്രമിക്കപ്പെടാതെയും ഇരുന്നതായി നീ എന്നെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ല, കർത്താവേ. അവരിൽ ചിലർ രക്തസാക്ഷികളായി മരിക്കുകയും ചെയ്തു. അതെ, എന്റെ കുഞ്ഞേ, പ്രവചനങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്ക് നമുക്ക് ഇപ്പോൾ സ്ഥിരീകരണം ലഭിച്ചിരിക്കുന്നത് നിനക്ക് മനസ്സിലായല്ലോ. നാളിതുവരെ എന്റെ അധരങ്ങളിൽ നിന്നുള്ള എന്റെ വചനം പ്രഘോഷിക്കുന്നവരും എന്റെ സന്ദേശം പ്രഖ്യാപിക്കുന്നവരും നിശ്ചയമായും കായേന്മാരാൽ പീഡിപ്പിക്കപ്പെടുന്നു. ഞാൻ അവരെ വിളിക്കുന്നു; എങ്കിലും അവർ എന്നെ കേൾക്കാൻ വിസമ്മതിക്കുന്നു. ഞാൻ അവർക്ക് കൈകൊണ്ട് അടയാളം കാണിച്ചു വിളിക്കുന്നു; പക്ഷേ ഒരുവനും ശ്രദ്ധിക്കുന്നില്ല. അവർ എന്റെ മുന്നറിയിപ്പുകൾ എല്ലാം അവഗണിച്ചു തള്ളിക്കളയുന്നു. എന്റെ വാഗ്ദാനങ്ങളെ അവർ പരിഹസിക്കുന്നു. അവസാന നാളുകളിൽ എന്റെ ആത്മാവിനെ മനുഷ്യവർഗ്ഗത്തിന്റെ മേൽ ഞാൻ വർഷിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ? എന്റെ നിയമം നിങ്ങളുടെ ഹൃദയങ്ങളിൽ ഞാൻ തന്നെ നേരിട്ട് എഴുതുമെന്നും ഞാൻ പറഞ്ഞിട്ടുള്ളതല്ലേ? പ്രവചനങ്ങൾ ഒന്നും മാനുഷിക ചോദനയാൽ വരുന്നതല്ല. എങ്ങനെ മാനുഷിക ചോദനയാൽ എന്റെ വചനം പ്രവചനമായി വരും? എന്റെ പരിശുദ്ധാത്മാവാണ് എന്റെ വചനം നൽകുന്നത്. എന്റെ പരിശുദ്ധാത്മാവിന്റെ പ്രചോദനത്താലാണ് മനുഷ്യർ എന്നെക്കുറിച്ച് സംസാരിക്കുന്നത്. കർത്താവായ ഞാൻ നിങ്ങൾക്ക് ഒരു പുതിയ ആകാശവും പുതിയ ഭൂമിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്റെ വസൂല, ഞാൻ ഇതിന്റെ തയ്യാറെടുപ്പിലാണ്. എന്നാൽ നിങ്ങളുടെ ഈ കാലഘട്ടത്തിൽ ജനങ്ങൾ സ്വാർത്ഥമതികളും ദൈവവിശ്വാസമില്ലാത്തവരും ഹൃദയശൂന്യരും ദൈവത്തേക്കാൾ പ്രാധാന്യം തങ്ങളുടെ സുഖസന്തോഷങ്ങൾക്ക് നൽകുന്നവരുമാണ്. എന്നാൽ ദിവസങ്ങൾ അതിവേഗം കടന്നുപോകുന്നു. എന്നാൽ താമസിയാതെ തന്നെ എന്റെ സ്നേഹാഗ്നിയാൽ ഇവരെല്ലാം തൂത്തെറിയപ്പെടുകയും എല്ലാ ദുഷ്ടതകൾക്കും അന്ത്യം വരുകയും ചെയ്യും. കുഞ്ഞേ, അതിനാൽ ധൈര്യമായിരിക്കുവിൻ; കഷ്ടതകൾ എപ്പോഴും ഉണ്ടായിരിക്കും. എന്നാൽ എന്റെ ശക്തി നിന്നെ താങ്ങി നിർത്തും. താമസിയാതെ നീ ഒരു പുതിയ ആകാശം കാണും; ഒരു പുതിയ ഭൂമിയിൽ നീ നിവസിക്കും. എന്തെന്നാൽ എന്റെ വാഗ്ദാനം താമസിയാതെ പൂർത്തീകരിക്കപ്പെടും. എന്റെ സഭയുടെ നവീകരണം സമീപിച്ചിരിക്കുന്നു. സഭയുടെ നവീകരണത്തിനുള്ള ഈറ്റുനോവിന്റെ ആരംഭദശയിലാണ് നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത്. അതിനാൽ എന്റെ നാമം വഹിക്കുന്ന എന്റെ സന്തതികളായ എന്റെ പ്രിയപ്പെട്ടവരെ, നിങ്ങൾ ധൈര്യമായിരിക്കുവിൻ; നിങ്ങൾ നിരാശപ്പെടരുത്. എന്റെ വചനം പൂർത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നും നിങ്ങളുടെ മധ്യേ ജീവിക്കുമെന്നും ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾ നേരിട്ട് എന്നിൽ നിന്നും ഭക്ഷിക്കും; നിങ്ങളിൽ ദാഹിക്കുന്നവർക്ക് ജീവന്റെ കിണറിൽ നിന്ന് ഞാൻ സൗജന്യമായി വെള്ളം കുടിക്കാൻ നൽകും. സ്വർഗ്ഗത്തിൽ നിന്നുള്ള എന്റെ അഗ്നി നിങ്ങളുടെ മേൽ ഇറങ്ങുന്നു; എന്റെ വലിയ സ്നേഹത്താൽ അത് നിങ്ങളെ ദഹിപ്പിക്കും. എന്റെ ദഹിപ്പിക്കുന്ന അഗ്നിയെ ഞാൻ ജനതയിൽ നിന്ന് ജനതകളിലേക്ക് വ്യാപിപ്പിക്കും; അത് നിങ്ങളുടെ ദുഷ്ടതയെ സ്നേഹമാക്കി രൂപാന്തരപ്പെടുത്തും. അത് നിങ്ങളുടെ ഭീതിഗ്രസ്തമായ ഹൃദയങ്ങളെ വശീകരിച്ച് സ്നേഹാഗ്നിയാൽ ജ്വലിപ്പിക്കും. അത് നിങ്ങളുടെ ആലസ്യത്തെ നിങ്ങളുടെ ദൈവമായ എനിക്ക് വേണ്ടിയുള്ള തീക്ഷ്ണതയാക്കി പരിണമിപ്പിക്കും. കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു തീച്ചൂള പോലെ എന്റെ സ്നേഹാഗ്നിയുടെ തിരുമണിക്കൂർ നിങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കും. എന്റെ സ്നേഹാഗ്നിയാൽ നിങ്ങൾ പൂരിതരാകും; എന്റെ പരിശുദ്ധാത്മാവിന്റെ അഗ്നിയാൽ നിങ്ങൾ നിറയപ്പെടും. കഴിഞ്ഞ പെന്തക്കോസ്തായിൽ എന്നപോലെ, സത്യത്തിന്റെയും ഐക്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ എന്റെ രാജ്യത്തെ വിസ്തൃതമാക്കിക്കൊണ്ട് ഞാൻ നിങ്ങളെ നവീകരിക്കും. അതിനാൽ ആനന്ദിക്കുവിൻ, എന്റെ പ്രിയപ്പെട്ടവളേ, നിന്റെ പൂർണ്ണ ഹൃദയത്തോടെ ആഹ്ലാദിക്കുവിൻ. ഞാൻ വന്ന് നിങ്ങളുടെ ഇടയിലുള്ള എല്ലാ അഹങ്കാരികളെയും നിർമാർജനം ചെയ്യും. നിങ്ങൾ ചിതറിപ്പോകാനും നിങ്ങളുടെ വീഴ്ചയ്ക്കും കാരണക്കാർ ഈ അഹങ്കാരികളായിരുന്നു. എന്റെ ആത്മാവിനെ നിശബ്ദമാക്കുവാൻ പരിശ്രമിക്കുന്നവരെല്ലാം എന്റെ നിശ്വാസത്താൽ കീഴടക്കപ്പെടും. എന്റെ സ്നേഹാഗ്നിയാൽ നീ ശുദ്ധീകരിക്കപ്പെടും. മകളെ, എന്നെ സ്നേഹിക്കുവിൻ; എന്നെ ആരാധിക്കുവിൻ; എന്നെ പ്രസാദിപ്പിക്കുവിൻ. സ്നേഹം നിന്നെ സ്നേഹിക്കുന്നു; എന്റെ കുഞ്ഞേ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. നമ്മൾ നമുക്ക്, കർത്താവേ. നമ്മൾ നമുക്ക്, എന്റെ കുഞ്ഞേ, വരൂ. 13/9/1989, എന്റെ കർത്താവേ, എന്റെ പീഡകർ എനിക്ക് ചുറ്റും ഒന്നിച്ചുകൂടിയിരിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കണമേ; ധിക്കാരികളുടെ അവകാശവാദങ്ങളിൽ നിന്നും നുണ പറയുന്ന നാവിൽ നിന്നും എന്നെ കാത്തുസംരക്ഷിക്കണമേ. എന്റെ സംരക്ഷകനായ കർത്താവേ, അങ്ങയുടെ തിരുഹൃദയത്തിൽ അഭയം പ്രാപിക്കാൻ എന്നെ അനുവദിക്കണമേ. എന്റെ കുഞ്ഞേ, സർവ്വവും എന്റെ കരങ്ങളിലേക്ക് വിട്ടുനൽകുവിൻ. നിന്നിൽ കുറ്റം ആരോപിക്കുന്നവർ സത്യത്തിൽ എന്നിൽ കുറ്റം ആരോപിക്കുന്നവരാണ്; നിന്നെ നിന്ദിക്കുന്നവർ വാസ്തവത്തിൽ എന്നെ നിന്ദിക്കുന്നവരാണ്. നിന്നെ പീഡിപ്പിക്കുന്നവർ യഥാർത്ഥത്തിൽ എന്നെ പീഡിപ്പിക്കുന്നവരാണ്. അറിവില്ലായ്മ മൂലം എന്റെ മക്കൾ നശിക്കുന്നു; എന്നാൽ ഉന്നതത്തിൽ നിന്ന് സൗജന്യമായി അറിവ് നൽകപ്പെടുമ്പോൾ അവർ അത് നിരസിക്കുന്നു. കർത്താവേ, തുറന്ന മനസ്സോടെ അങ്ങയെ അനുസരിക്കുന്നവരിലൂടെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആയ അങ്ങയുടെ സന്ദേശം അങ്ങേയ്ക്ക് എപ്പോഴും പ്രചരിപ്പിക്കാമല്ലോ. പെട്ടെന്ന് എന്റെ ഉള്ളം കയ്യിൽ എനിക്ക് വേദന അനുഭവപ്പെട്ടു. പുഷ്പമേ, നിന്റെ വേദന കണ്ണുകൾക്ക് അദൃശ്യമാണ്. എന്നെ ശ്രദ്ധിക്കുക; എന്റെ ദൈവീക പ്രവർത്തികൾ ഈ ഭൂമിയിൽ പടർന്നു വ്യാപിക്കും. അവ ഈ ഭൂമിയിൽ പടർന്നു വ്യാപിക്കുന്നുണ്ടെന്ന് ഞാൻ ഉറപ്പുവരുത്തും. എന്റെ പദ്ധതിയിൽ ഒരുവനും അനാവശ്യമായി ഇടപെടുവാൻ കഴിയുകയില്ല. പുഷ്പമേ, ഇക്കാര്യം ഉറപ്പിച്ചു കൊള്ളുക; എന്തെന്നാൽ ഇത് എന്റെ അഭീഷ്ടമാണ്. ഞാൻ ആഗ്രഹിക്കുന്നതുപോലെ നിന്നെ ഉപയോഗപ്പെടുത്തുവാൻ എന്നെ അനുവദിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു; നിന്നോടുള്ള എന്റെ വലിയ സ്നേഹം നിമിത്തം എന്റെ കൈപ്പുള്ള പാനപാത്രത്തിൽ നിന്ന് പാനം ചെയ്യാൻ ഞാൻ നിന്നെ അനുവദിക്കുന്നു. നിന്നോടുള്ള എന്റെ സ്നേഹം എത്ര കൂടുതലാകുന്നുവോ, അത്രയും കൂടുതലായി എന്റെ കൈപ്പുള്ള പാനപാത്രത്തിൽ നിന്ന് പാനം ചെയ്യാൻ ഞാൻ നിന്നെ അനുവദിക്കുന്നു. നിന്റെ മണവാളനായ ഞാൻ എന്റെ ഏറ്റവും വിലയേറിയ രത്നാഭരണങ്ങൾ നിനക്ക് വാഗ്ദാനം ചെയ്തതാണല്ലോ. എന്റെ കുരിശും എന്റെ ആണികളും എന്റെ മുൾകിരീടവും ഞാൻ നിന്നെ ഭരമേൽപ്പിച്ചിട്ടില്ലേ? ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് മനസ്സിലായില്ലേ? എന്റെ വഴികളല്ല, നിന്റെ വഴികൾ. ഞാൻ നിന്നെ ദേഹിയെ ശുദ്ധീകരിച്ച് വിശുദ്ധീകരണത്തിന്റെ പാതയിലൂടെ പരിപൂർണ്ണതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. എന്റെ മണവാട്ടി, എന്റെ രത്നാഭരണങ്ങളാൽ നിന്നെ അലങ്കരിക്കാൻ എന്നെ അനുവദിക്കുക. എന്റെ പീഡാസഹനം നിന്നെ കാണിച്ചു തരാൻ എന്നെ അനുവദിക്കുക. സ്വയംപരിത്യാഗം നിന്നെ പരിപൂർണ്ണതയിലേക്ക് നയിക്കും. അതിനാൽ, നിനക്ക് ഏറ്റവും നന്മയായിട്ടുള്ളത് പ്രവർത്തിക്കാൻ എനിക്ക് സ്വാതന്ത്ര്യം തരുക. എന്റെ വചനവും എന്റെ വഴികളും നിനക്ക് പൂർണ്ണമായി മനസ്സിലാകുന്നില്ലെങ്കിലും, യേശു എന്ന എന്റെ പേരിനർത്ഥം രക്ഷകൻ എന്നാണെന്ന് ഓർക്കുവിൻ. കർത്താവേ, എല്ലാ സ്വകാര്യ വെളിപാടുകളെയും നിഷേധിക്കുന്നവരുടെ വാദം വിശുദ്ധ ബൈബിൾ മാത്രമാണ് ഏകസത്യ വെളിപാട് എന്നത്. ഇക്കാര്യം എല്ലാവർക്കും അറിയാം. എന്റെ കർത്താവേ, അങ്ങ് എന്താണ് പറയുന്നത്? വിശുദ്ധ ബൈബിൾ തീർച്ചയായും സത്യമാണ്; സത്യമായ വെളിപാടാണ്. എന്നാൽ ഞാൻ ഇപ്പോഴും ജീവിക്കുന്നു. നോക്കൂ, ഞാനാണ് വചനം; ഞാൻ ആത്മാവിൽ സജീവമാണ്. എന്റെ സഹായകനായ പരിശുദ്ധാത്മാവ്, അനേകർ മറക്കുകയും അവഗണിക്കുകയും ചെയ്യുന്ന സത്യത്തിന്റെ ആത്മാവ് നിങ്ങൾ എല്ലാവരോടും ഒപ്പമുണ്ട്. കാരണം, ആത്മാവ് നിങ്ങളോട് പറയുന്നതെല്ലാം എനിക്കുള്ളവയിൽ നിന്ന് സ്വീകരിച്ച് നിങ്ങളോട് പ്രഖ്യാപിക്കുന്നതാണ്. നിങ്ങളുടെ മനസ്സിനെ പ്രചോദിപ്പിക്കുന്ന എന്റെ വചനത്തിന്റെ ഓർമ്മപ്പെടുത്തലുകാരനാണ് പരിശുദ്ധാത്മാവ്. എന്റെ കുഞ്ഞേ, ഇക്കാരണത്താലാണ് ഒരേ സത്യം തന്നെ ഞാൻ തുടർച്ചയായി നിങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഞാൻ നിരന്തരമായി ഓർമ്മപ്പെടുത്തലുകാരനെ കൊണ്ട് നിങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് നിങ്ങൾ ഗ്രഹിക്കുവിൻ. എന്റെ സത്യാത്മാവിനെ സ്വീകരിക്കുവിൻ. എന്റെ വചനം നിങ്ങളെ ഓർമ്മപ്പെടുത്തുവാൻ ഞാൻ വരുന്നു. എന്റെ ദിവസം വന്നെത്തുന്നതിനു മുമ്പ് പശ്ചാത്താപത്തിലേക്ക് നിങ്ങളെ വിളിക്കുവാൻ ഞാൻ വരുന്നു. കുഞ്ഞേ, സ്നേഹത്തിനുവേണ്ടി സ്നേഹപൂർവ്വം സുവിശേഷം പ്രഘോഷിക്കുക. ഞാൻ നിന്റെ അരികെയുണ്ട്; നീ ഒരിക്കലും ഭയപ്പെടരുത്. നിങ്ങളുടെ ഇടയിലുള്ള ജീവന്റെ വൃക്ഷത്തിന്റെ വേര് സ്നേഹമായതിനാൽ സഭ വീണ്ടും പുനരുജ്ജീവിക്കും. മരിച്ചുകൊണ്ടിരിക്കുന്ന ഈ തലമുറയിലുള്ളവരുടെ വായിൽ എന്റെ ജീവന്റെ വൃക്ഷത്തിന്റെ പഴം ഞാൻ നേരിട്ട് വെച്ചുകൊണ്ട് അവരെ ഞാൻ പോഷിപ്പിക്കും. നിന്നെ എന്റെ എഴുത്തുപലകയാക്കി ഉപയോഗിക്കാൻ എന്നെ അനുവദിക്കുവിൻ. എന്നിൽ നിന്ന് ഭക്ഷിക്കുവിൻ. വരൂ, നമ്മൾ നമുക്ക്. അതെ, എന്നോടൊപ്പം നിന്റെ പരിശുദ്ധ മാതാവും ഉണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു; എന്നെ സ്നേഹിക്കുവിൻ. വസൂല, എന്നെ പ്രസാദിപ്പിക്കുവിൻ. നിന്റെ അനുദിനമുള്ള ജോലികൾക്കിടയിൽ ഇടയ്ക്കിടെ എന്നോടൊപ്പം ആയിരിക്കാൻ വരുവിൻ. വീട്ടിൽ ഞാൻ എന്ത് ജോലി ചെയ്യുകയാണെങ്കിലും, ഇടയ്ക്ക് ജോലി നിർത്തി രണ്ടു മിനിറ്റ് നേരത്തേക്കാണെങ്കിൽ പോലും, നമ്മുടെ കർത്താവിനോടൊപ്പം ആയിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. ദൈവസന്നിധിയിൽ ആയിരിക്കാൻ അത്രമാത്രം മോഹം എനിക്കുണ്ട്. എന്നെ പ്രസാദിപ്പിക്കുവിൻ. നീ എന്നോട് ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് എന്നെ ബോധ്യപ്പെടുത്തുകയും ചെയ്യുവിൻ. ഞാൻ നിനക്ക് വേണ്ടി കൊടുത്ത മോചന ദ്രവ്യത്തെക്കുറിച്ച് ഓർക്കുവിൻ. അതിനാൽ, ഏതു സമയത്തും എന്നോട് സംസാരിക്കാൻ എന്റെ അടുക്കൽ വരുവിൻ. ചെറുതായി നിലകൊള്ളുക. എന്റെ അനന്തമായ സ്നേഹം നിമിത്തം ഓരോ വ്യക്തിയെയും എന്റെ അടുക്കലേക്ക് ഞാൻ എപ്രകാരം വിളിക്കുന്നുണ്ടെന്ന് ഗ്രഹിക്കുക. ജ്ഞാനിയുടെ ഹൃദയം കണ്ണീരിന്റെ ഭവനത്തിലാണ്. ഉന്നതമായ സ്ഥാനമാനങ്ങളിൽ ഉള്ളവർക്ക് എന്റെ ശക്തിയെയും എന്റെ ദൈവീകതയെയും വിസ്മരിക്കുവാനുള്ള പ്രവണതയുണ്ട്. അഴിമതി നടത്താനുള്ള അവരുടെ പ്രവണത അവരെ അന്ധരാക്കുന്നു. അത് സാത്താൻ അവരോട് സംസാരിക്കാനുള്ള സൗകര്യപ്രദമായ ഒരിടം ഒരുക്കുന്നു. കാരണം, അവർ തങ്ങളുടെ ഹൃദയവാതിലുകൾ സ്നേഹത്തിന് നേർക്ക് അടച്ചിരിക്കുന്നു. അവരുടെ മനസ്സും ഹൃദയവും ആത്മീയ ലോകത്തിനേക്കാൾ കൂടുതലായി യുക്തിപരമായ ലോകത്തോട് ചേർന്ന് നിലകൊള്ളുന്നു. ഈ മാരകമായ പകർച്ചവ്യാധി എന്റെ സഭയിലേക്ക് നുഴഞ്ഞു കയറിയിരിക്കുന്നു. ഞാൻ നിനക്ക് പറഞ്ഞു തന്നിട്ടുള്ള ഉപമയിലെ കാക്കകളെ പോലെയാണ് എന്റെ ഇടയന്മാരിൽ അനേകരും. എന്റെ സഭയിലെ പല ഭിന്നതകൾക്കും അവരാണ് കാരണക്കാർ. അവരുടെ പ്രസംഗങ്ങൾക്കും സുവിശേഷ പ്രഘോഷണങ്ങൾക്കും ആത്മീയതയുടെ അഭാവമുണ്ട്. അവ എന്റെ വചനത്തോടും എന്റെ പ്രമാണങ്ങളോടും വിശ്വസ്തത പുലർത്തുന്നില്ല. എന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ അവർ തിരസ്കരിക്കുന്നു. അവർ ദൈവഭക്തിയെ ലംഘിക്കുന്നു. അവരുടെ പൂർവികനായ കായേൻ ചെയ്ത പ്രവർത്തികൾ ഓർക്കുന്നില്ലേ? അവർ കായേന്റെ ഭാഷ സ്വീകരിച്ചിരിക്കുന്നു. നന്മയ്ക്ക് പകരമായി തിന്മയെ അവർ സേവിക്കുന്നു. പരിശുദ്ധിക്ക് പകരമായി അവർ അധാർമികതയെ സേവിക്കുന്നു. നിരുപാധികമായി അവർ പാപത്തിന്റെ അടിമത്വത്തിന് അവരെ തന്നെ സമർപ്പിക്കുന്നു. പാപത്തെ സംബന്ധിച്ച് ഈ കായേന്മാർ ജീവിക്കുന്നു. എന്നാൽ എന്റെ സത്യാത്മാവിനെ സംബന്ധിച്ച് അവർ മൃതരാണ്. എന്റെ ദിവസം വരുമ്പോൾ അവർ എനിക്ക് ഉത്തരം നൽകേണ്ടി വരും. അവരുടെ ഇടയനായ എന്റെ പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കാതിരുന്നതിനുള്ള വിശദീകരണം അവർ എനിക്ക് നൽകേണ്ടി വരും. ഇന്ന് അവരുടെ അധരങ്ങൾ അവരെ തന്നെ കുറ്റം വിധിച്ചു കൊണ്ടിരിക്കുന്നു. അവരുടെ തന്നെ അധരങ്ങൾ അവർക്കെതിരെ സാക്ഷ്യം വഹിക്കുന്നു. ഇത് അവരുടെ വിശ്വാസത്യാഗത്തിന്റെ ഫലമാണ്. കർത്താവേ, ആബേലിന്റെ നിലവിളി കേൾക്കണമേ. ആരും സഹായിക്കാനില്ലാതെ ഇവിടെ തനിയെ കഴിയാൻ ഞങ്ങളെ ഇടയാക്കരുതേ. അങ്ങയുടെ ഭവനമായ സഭ നാശാവസ്ഥയിലാണ്. അങ്ങയുടെ ഭവനമാണ് ഞങ്ങളുടെ അഭയകേന്ദ്രം. ഞങ്ങൾക്ക് പോകാൻ മറ്റൊരിടവുമില്ല. അപ്പമില്ലാതെ ആയിരങ്ങൾ മരിച്ചുവീഴും. ഞങ്ങൾ നാശാവശിഷ്ടങ്ങളുടെ ഇടയിലാണ് ജീവിക്കുന്നത്. ഞങ്ങളുടെ സ്വരം അങ്ങ് ശ്രവിക്കണമേ. അങ്ങയുടെ മക്കളുടെ വിലാപങ്ങൾ കേൾക്കണമേ. അങ്ങയുടെ ആബേലിന്റെ നിലവിളി കേൾക്കണമേ. എന്റെ കുഞ്ഞേ, പ്രാർത്ഥിച്ചു കൊണ്ടിരിക്കുവിൻ. ഒരിക്കലും പ്രാർത്ഥന നിർത്തരുത്. അപ്രതീക്ഷിതമായി ഞാൻ എന്റെ ദേവാലയത്തിൽ പ്രവേശിച്ച് വലിയ ശബ്ദത്തിൽ ജെറുസലേമിനോട് കൽപ്പിക്കും: "പുനർനിർമ്മിക്കപ്പെടുക." ദേവാലയത്തെക്കുറിച്ച് ഇപ്രകാരം ഞാൻ കൽപ്പിക്കും: "നിന്റെ അടിത്തറ ഉറപ്പിക്കുവിൻ." ജെറുസലേം ആയിരിക്കും എന്റെ പുതിയ നഗരം. എന്റെ ആത്മാവിനാൽ സജീവമായ നഗരം. എന്റെ പ്രിയപ്പെട്ട സാക്ഷികളെ, സ്നേഹം നിങ്ങളുടെ ഇടയിൽ വസിക്കും. എന്റെ ജീവന്റെ വൃക്ഷങ്ങൾ ഞാൻ അവിടെ നട്ടുവളർത്തും. എന്റെ പ്രിയപ്പെട്ടവരെ, നിങ്ങൾ സംതൃപ്തമായി ഭക്ഷിക്കും. ഞാനാണ് ലോകത്തിന്റെ പ്രകാശം. ഞാനാണ് നിങ്ങളുടെ മേൽ പ്രകാശിക്കുന്നത്. ജാഗരൂകരായിരിക്കുവിൻ. ഉറങ്ങരുത്. എന്തെന്നാൽ, ഇനിയുള്ള ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു. എന്റെ കുഞ്ഞേ, എന്റെ സമാധാനം സ്വീകരിക്കുവിൻ. യേശുവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്നെയും ഈ വിശന്നു വലയുന്ന തലമുറയെയും പോഷിപ്പിക്കുവാൻ എന്നെ അനുവദിക്കുക. ഇപ്പോൾ എന്റെ തിരുഹൃദയത്തിൽ വിശ്രമിക്കുവിൻ. ഞാൻ നിന്നെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. സ്നേഹം നിന്റെ അരികെയുണ്ട്. 14/9/1989, വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ. വസൂല, കൂടുതലായി പ്രാർത്ഥിക്കുവിൻ. എന്റെ സ്നേഹത്തെക്കുറിച്ച് ഒരിക്കലും സംശയിക്കരുത്. എപ്പോഴും എന്റെ നിയമത്തെ ആദരിക്കുക. എന്റെ മാതാവിന് ശ്രേഷ്ഠമായ ഒരു സ്ഥാനം നൽകുവിൻ. മാതാവിനെ നിങ്ങളുടെ ജീവിതത്തിലേക്ക് ഏറ്റെടുക്കുവിൻ. എന്നെ ഗർഭം ധരിച്ച എന്റെ മാതാവിന്റെ മുറിയിൽ, അവളുടെ ഭവനത്തിൽ ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കും. ക്ഷീണമറിയാത്ത നിരന്തരമായ പരിശ്രമത്തോടും ആത്മാവിലുള്ള വലിയ തീഷ്ണതയോടും കൂടെ എനിക്ക് വേണ്ടി അധ്വാനിക്കുവിൻ. സ്നേഹത്തിനുവേണ്ടി സ്നേഹപൂർവ്വം ജോലി ചെയ്യുവിൻ. നിന്റെ ദൈവമായി എന്നെ ആരാധിക്കുവിൻ. സഹനത്തിലൂടെ ആണെങ്കിൽ പോലും, നിന്നെ പഠിപ്പിക്കുവാൻ എന്നെ അനുവദിക്കുക. എന്റെ പീഡാനുഭവം ഞാൻ നിനക്ക് സമർപ്പിക്കുന്നു. പരിശുദ്ധിയുടെയും നീതിയുടെയും വിഷയങ്ങൾ മാത്രമേ നിന്റെ അധരങ്ങൾ ഉച്ചരിക്കാവൂ. പ്രിയപ്പെട്ടവളെ, എന്നെ പ്രതി നിന്റെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന വാക്കുകളാൽ നീ എന്നോട് സംസാരിക്കണം. സ്നേഹത്തിന്റെ മാലയുമായി നീ എന്റെ കുരിശിനെ അലങ്കരിക്കണം. നിന്നിലുള്ള സ്നേഹത്തിന്റെ ഓരോ കണികയും ഉപയോഗിച്ചുകൊണ്ട് എന്റെ കുരിശിനെ അലങ്കരിക്കുവിൻ. എന്നെ പ്രസാദിപ്പിക്കുവാൻ പരിശ്രമിക്കുവിൻ. ഞാൻ നിനക്ക് ധാരാളം കൃപകൾ നൽകിയിട്ടുണ്ട്. എപ്പോഴും എനിക്ക് ഒന്നാം സ്ഥാനം നൽകുവിൻ. എന്നെ പ്രസാദിപ്പിക്കുന്ന നിന്റെ തീക്ഷ്ണതയും ഉത്സാഹവും ഇപ്പോൾ ഞാൻ അനുഭവിച്ചറിയട്ടെ. ഞാനാണ് നിന്റെ അധ്യാപകൻ. എന്നിൽ നിന്ന് നീ പഠിക്കും. വസൂല, എന്റെ ശക്തി ലഭിക്കുന്നതിനു വേണ്ടി ചോദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുവിൻ. നിന്നെ പ്രലോഭിക്കുന്നതിനു വേണ്ടി നിന്റെ ബലഹീനതയെ ദുരുപയോഗപ്പെടുത്താൻ സാത്താനെ അനുവദിക്കരുത്. എന്റെ സന്ദേശങ്ങൾ എഴുതിയെടുക്കുന്നതിൽ മടുപ്പ് തോന്നരുത്. എന്റെ പ്രമാണങ്ങൾ അനുസ്മരിക്കുകയും അവ പാലിക്കുകയും ചെയ്യുവിൻ. നിന്നെ നിന്റെ ദേഹിയെ അസ്വസ്ഥപ്പെടുത്തുന്ന കാര്യങ്ങളിൽ ഞാൻ നിനക്ക് ജ്ഞാനപ്രകാശം നൽകാം. ഞാനല്ലേ നിന്റെ ആത്മീയ ഗുരു? അതിനാൽ എന്നിൽ വിശ്വസിക്കുവിൻ. നിന്റെ ഭയാനകമായ ബലഹീനതകളിൽ പോലും ഈ സന്ദേശങ്ങളിലൂടെയുള്ള വെളിപാടുകൾ പൂർത്തീകരിക്കാൻ എനിക്ക് കഴിയും. എന്റെ കുഞ്ഞേ, നിന്റെ ദാരിദ്ര്യത്തിലും ബലഹീനതയിലും നീ എന്നെ തിരഞ്ഞെടുത്തത് വഴി എന്റെ പരിശുദ്ധ നാമം കൂടുതലായി മഹത്വപ്പെടുന്നുണ്ടെന്ന് ഗ്രഹിക്കുവിൻ. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. വരൂ, എന്നെ സ്നേഹിക്കുവിൻ. ഇന്ന് മുഴുവൻ നരകവും എനിക്കെതിരെ പൊട്ടിപ്പുറപ്പെട്ടത് പോലെയുള്ള അനുഭവമായിരുന്നു. നിരന്തരമായി പിശാച് എന്നെ ആക്രമിച്ചു കൊണ്ടിരുന്നു. ഞാൻ മറ്റൊരു പരീക്ഷണത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു. എന്റെ ദേഹി പീഡിപ്പിക്കപ്പെടുന്നു. പിന്നീട് അന്ന് വൈകുന്നേരം, യേശുവേ, ഇത് ഞാനാണ്. എന്റെ മാലാഖ, നീ ഭയപ്പെടരുത്. ഞാൻ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് കാത്തിരുന്നു കാണുക. യേശുവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. പരിശുദ്ധരിൽ പരിശുദ്ധനെ ഞാൻ അങ്ങയെ ആരാധിക്കുന്നു. പിന്നീട് ഉറപ്പിനും സമാശ്വാസത്തിനും വേണ്ടി ഞാൻ യേശുവിന്റെ സാന്നിധ്യത്തിൽ എത്തി. ഉപദ്രവിക്കപ്പെട്ട അനുഭവം എനിക്കുണ്ടായി. ഞാൻ ദയനീയമായ അവസ്ഥയിലാണ്. എനിക്ക് തെറ്റ് പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. എന്റെ കർത്താവേ, പിശാചിൽ നിന്നും അവന്റെ ആക്രമണങ്ങളിൽ നിന്നും എന്നെ കാത്തു രക്ഷിക്കണമേ. സാത്താന്റെ ഗണിയിൽ പെടാതെ എന്നെ സൂക്ഷിക്കണമേ. എന്റെ മനസ്സ് തളരുന്നതിനു മുമ്പ് വേഗം വരേണമേ. അങ്ങയുടെ രക്ഷിത സന്തോഷം എനിക്ക് വീണ്ടും തരേണമേ. ഒരുക്കമുള്ള ഹൃദയം നൽകി എന്നെ താങ്ങണമേ. അപ്പോൾ അതിക്രമികളെ ഞാൻ അങ്ങയുടെ വഴി പഠിപ്പിക്കും. പാപികൾ അങ്ങയിലേക്ക് തിരിച്ചുവരും. സങ്കീർത്തനങ്ങൾ 51 ആം അധ്യായം 12 മുതൽ 13 വരെയുള്ള വാക്യങ്ങൾ. പുഷ്പമേ, എന്റെ സമാധാനം സ്വീകരിക്കുവിൻ. എന്റെ വസൂല, നിന്നെ നിദ്രാധീനിയായ പിശാച് കണ്ടെത്താതിരിക്കേണ്ടതിന് പ്രാർത്ഥിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എനിക്ക് നിന്നോട് ദയ തോന്നുന്നു. എന്നെ സ്നേഹിക്കുക, എന്നാൽ എനിക്ക് സർവ്വവും നൽകുക എന്നാണ്. നിനക്കുള്ളതെല്ലാം എനിക്ക് വേണം. രാത്രി മുഴുവൻ ഞാൻ പ്രാർത്ഥിക്കണമെന്ന് യേശു ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ വിചാരിച്ചു. ക്ഷീണം മൂലം എനിക്ക് അതിനു കഴിയുകയില്ലെന്ന് എനിക്കറിയാമായിരുന്നു. എനിക്ക് നിന്നോട് ദയ തോന്നുന്നു എന്ന് യേശു പറഞ്ഞപ്പോൾ അവിടുത്തെ സ്വരം വളരെ വാത്സല്യം നിറഞ്ഞതായിരുന്നു. യേശുവേ, അങ്ങ് ആഗ്രഹിക്കുന്നതെല്ലാം അങ്ങ് എടുത്തു കൊള്ളുക. എനിക്കുവേണ്ടി കൂടുതലായി ത്യാഗം ചെയ്യുവാൻ നീ സന്നദ്ധയാണോ? എന്റെ ശരീരം ബലഹീനമാണെങ്കിലും ഞാൻ സന്നദ്ധയാണ്. എന്റെ കർത്താവേ, ആവശ്യമെങ്കിൽ എന്നെ വലിച്ചിഴച്ചു കൊണ്ടുപോകണമേ. ദയവായി എന്നെ വലിച്ചിഴച്ചു കൊണ്ടുപോകണമേ. വസൂല, നീ സന്മനസ്സോടെ പ്രവർത്തിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ നിന്നെ സ്നേഹിക്കുന്നു. കർത്താവേ, ഞാൻ തയ്യാറാണ്. അങ്ങനെയെങ്കിൽ എന്നെ അനുവദിക്കുക. എന്നെ ചെറുക്കുന്ന രീതി നിർത്തുക. നിന്നെ തന്നെ എനിക്ക് പൂർണമായി വിട്ടുതരുക. ഭയപ്പെടേണ്ട. എന്റെ കുഞ്ഞേ, നിനക്ക് സമാധാനം. പിശാച് നിന്നെ വെറുക്കുകയും നിനക്കെതിരെയുള്ള അവന്റെ ആക്രമണം തുടരുകയും ചെയ്യുന്നു. എന്നിൽ നിന്ന് നിന്റെ കൈ വിടരുത്. എന്നെ മുറുകെ പിടിക്കുക. 15/9/1989, ഞാൻ ഉറങ്ങുവാൻ പോയി. രാത്രി 11 മണിയായി. ഉറക്കം എന്ന ഭയാനകമായ കാര്യം എന്നെ കീഴടക്കുന്നതിനു മുമ്പ് ഞാൻ പലപ്രാവശ്യം കർത്താവേ, കരുണ കാണിക്കണമേ. ക്രിസ്തുവേ, കരുണ കാണിക്കണമേ എന്ന് പ്രാർത്ഥനകൾ ഞാൻ ചൊല്ലി പ്രാർത്ഥിച്ചു. പെട്ടെന്ന് ഞാൻ നിന്നെ സഹായിക്കുമെന്ന ഒരു സ്വരം ഉള്ളിൽ മുഴങ്ങി കേട്ടു. ആ സ്വരം കേട്ട് ഞാൻ ഞെട്ടിത്തരിച്ചുപോയി. രാത്രിയിൽ പലതവണ എന്റെ ഉള്ളിൽ എനിക്ക് വേണ്ടിയുള്ള പ്രാർത്ഥനയുടെ സ്വരം മുഴങ്ങിക്കൊണ്ടിരുന്നു. എനിക്ക് മനസ്സിലായില്ലെങ്കിലും ചിലപ്പോഴൊക്കെ ആ പ്രാർത്ഥനയുടെ സ്വരത്തോടൊപ്പം ഞാനും ആ പ്രാർത്ഥന ആവർത്തിച്ചു. അടുത്ത പ്രഭാതം. വസൂല, എനിക്ക് നിന്നിൽ നിന്ന് കൂടുതൽ സമർപ്പണം ആവശ്യമുണ്ട്. കൂടുതലായി സമർപ്പണം ചെയ്യാൻ നീ ഒരുക്കമാണോ? യേശുവേ, എന്നിൽ നിന്ന് അങ്ങേയ്ക്ക് ഇഷ്ടമുള്ളതെല്ലാം എടുത്തു കൊള്ളുക. നിന്റെ ജീവൻ പോലും എനിക്ക് എടുക്കാമോ? എന്റെ ജീവൻ അങ്ങയുടേതാണ്. പുഷ്പമേ, സ്നേഹം നിമിത്തം ഞാൻ നിന്നെ സഹനത്തിന് വിധേയയാക്കും. സഹനത്തിലൂടെയാണ് വിശുദ്ധീകരണം സംഭവിക്കുന്നതെന്ന് ഓർക്കുവിൻ. തിരുവചനത്തിൽ നിന്ന് ഒരു ഭാഗം നിന്നെ വായിച്ചു കേൾപ്പിക്കാൻ എന്നെ അനുവദിക്കുവിൻ. സ്വർഗ്ഗീയ വിളിയിൽ പങ്കാളികളായ വിശുദ്ധ സഹോദരരെ, നാം ഏറ്റുപറയുന്ന വിശ്വാസത്തിന്റെ അപ്പസ്തോലനും ശ്രേഷ്ഠ പുരോഹിതനുമായ യേശുവിനെ പറ്റി ചിന്തിക്കുവിൻ. മോശ ദൈവത്തിൻറെ ഭവനത്തിൽ വിശ്വസ്തനായിരുന്നതുപോലെ, അവനും തന്നെ നിയോഗിച്ചവനോട് വിശ്വസ്തനായിരുന്നു. യേശു മോശയെക്കാൾ വളരെയേറെ മഹത്വമുള്ളവനായി കണക്കാക്കപ്പെടുന്നു. വീടുപണിതവൻ വീടിനേക്കാൾ പ്രാധാന്യം അർഹിക്കുന്നത് പോലെ തന്നെ, ഓരോ വീടിനും നിർമ്മാതാവ് ഉണ്ടല്ലോ. എന്നാൽ സകലത്തിന്റെയും നിർമ്മാതാവ് ദൈവമാണ്. പറയപ്പെടാനിരുന്ന കാര്യങ്ങൾക്ക് സാക്ഷ്യം നൽകുന്നതിന് ദൈവത്തിൻറെ ഭവനം മുഴുവനിലും മോശ ഭൃത്യനെ പോലെ വിശ്വസ്തനായിരുന്നു. ക്രിസ്തുവാകട്ടെ, അവിടുത്തെ ഭവനത്തിൽ പുത്രനെ പോലെയാണ്. ആത്മധൈര്യവും പ്രത്യാശയിലുള്ള അഭിമാനവും അവസാനം വരെ നാം മുറുകെ പിടിക്കുമെങ്കിൽ, നാം അവിടുത്തെ ഭവനമായിരിക്കും. ഹെബ്രായർ അധ്യായം മൂന്ന് ഒന്നു മുതൽ ആറു വരെയുള്ള തിരുവചനങ്ങൾ: "എന്നോട് വിശ്വസ്തയായി നിലകൊള്ളുക. ഞാൻ ഏറ്റവും വിശ്വസ്തനാണെന്ന കാര്യം ഓർമ്മിക്കുവിൻ. അതിനാൽ എന്നിൽ വിശ്വാസം ഉറപ്പിക്കുവിൻ. ഒരിക്കലും എന്നെ എതിർക്കരുത്. നിന്നെ തന്നെ എനിക്ക് പൂർണമായി വിട്ടുതരുക. നിനക്ക് ഏറ്റവും ശ്രേഷ്ഠമായത് എന്തെന്ന് എനിക്കറിയാം. ഞാൻ സ്നേഹമാണ്."

More ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - TLIG episodes →